Flash News

സ്പാനിഷ് ലീഗ് : ഇസ്‌കോ കരുത്തില്‍ റയല്‍



മാഡ്രിഡ്: സ്വന്തം കളിത്തട്ടില്‍ ഇസ്‌കോ ഇരട്ട ഗോളുകളോടെ കളം നിറഞ്ഞപ്പോള്‍ സ്പാനിഷ് ലീഗില്‍ എസ്പാന്യോളിനെതിരെ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് റയല്‍ വിജയം കുറിച്ചത്. നിലവിലെ സ്പാനിഷ് ലീഗ് ചാംപ്യന്‍മാരായ റയല്‍ ഈ സീസണില്‍ മികവിനൊത്ത പ്രകടനമല്ല പുറത്തെടുക്കുന്നത്. ആദ്യ മല്‍സരങ്ങളിലെ സമനിലക്കുരുക്കഴിച്ച് തുടര്‍ച്ചയായ രണ്ടാം ജയം നേടി ശക്തമായ തിരിച്ചുവരവാണ് റയല്‍ കാഴ്ചവെയ്ക്കുന്നത്.തിങ്ങി നിറഞ്ഞ ആയിരക്കണക്കിന് ആരാധകര്‍ക്ക് മുന്നില്‍ 4-3-3 എന്ന ശൈലിയിലാണ് റയലിനെ പരിശീലകന്‍ സിദാന്‍ കളത്തിലിറക്കിയത്. അസുഖ ബാധിതനായ കര്‍വാചലിന് പകരം 18 വയസുകാരന്‍ റൈറ്റ് ബാക്ക് അഷ്‌റഫ് ഹകിമിക്ക് ലാ ലിഗെയില്‍ ആദ്യ മല്‍സരം സമ്മാനിച്ചാണ് റയല്‍ മാഡ്രിഡ് പരിശീലകന്‍ സിദാന്‍ ടീമിനെ ഇറക്കിയത്. ആക്രമണ നിരയില്‍ റൊണാള്‍ഡോയ്‌ക്കൊപ്പം ഇസ്‌കോയും അസെന്‍സിയോയും ഇടം പിടിച്ചപ്പോള്‍ മധ്യ നിരയില്‍ പതിവ് പോലെ മോഡ്രിച്ച്, കാസെമിറോ, ക്രൂസ് സഖ്യവും അണിനിരന്നു. മല്‍സരത്തിന്റെ തുടക്കം മുതലേ സര്‍വാധിപത്യ പ്രകടനമാണ് റയല്‍ നിര പുറത്തെടുത്തത്.  ആദ്യ പകുതിയില്‍ 71 ശതമാനം പന്തടക്കി വാണ റയലിന് വേണ്ടി 30ാം മിനിറ്റില്‍ ഇസ്‌കോ അക്കൗണ്ട് തുറന്നു. ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പാസിനെ ലക്ഷ്യം പിഴക്കാതെ  ഇസ്‌കോ വലയിലെത്തിക്കുകയായിരുന്നു. ഇസ്‌കോയ്ക്ക് നല്‍കിയ അസിസ്റ്റിലൂടെ കരിയറില്‍ 200 അസിസ്റ്റ് എന്ന നേട്ടവും റൊണാള്‍ഡോ സ്വന്തമാക്കി. ഗോള്‍ വഴക്കത്തോടെ പ്രതിരോധം മുറുക്കി എസ്പാന്യോള്‍ കളി തുടര്‍ന്നപ്പോള്‍ ഒന്നാം പകുതിയില്‍ ഒരു ഗോളിന്റെ മുന്‍തൂക്കത്തോടെ റയലിന് കളി പിരിയേണ്ടി വന്നു.രണ്ടാം പകുതിയിലും റയല്‍ മുന്നേറ്റം തുടര്‍ന്നു. ഇതിനിടയില്‍ ഗോള്‍മടക്കാന്‍ എസ്പാന്യോളിന് സുവര്‍ണാവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. 70ാം മിനിറ്റില്‍ ക്രൂസിനെ പിന്‍വലിച്ച സിദാന്‍ ലൂക്കാസ് വാസ്‌കേസിനെ കളത്തില്‍ ഇറക്കി. 71ാം മിനിറ്റില്‍ അസെന്‍സിയോയുടെ പാസില്‍ വീണ്ടും ഗോള്‍ നേടി ഇസ്‌കോ റയലിന്റെ ലീഡ് രണ്ടാക്കി. പിന്നീടുള്ള സമയങ്ങളില്‍ റയലിന്റെ പ്രതിരോധ കോട്ട മറികടക്കാന്‍ എസ്പാന്യോളിന് സാധിക്കാതെ വന്നതോടെ മറുപടിയിലാത്ത രണ്ട് ഗോള്‍ ജയവും റയലിനൊപ്പം നിന്നു. 22 തവണയാണ് റയല്‍ എസ്പാന്യോള്‍ ഗോള്‍മുഖത്തേക്ക് പന്തെത്തിച്ചത്. ഇതില്‍ എട്ട് തവണ ഗോള്‍ ലക്ഷ്യമാക്കി ഷോട്ടെടുത്തെങ്കിലും എസ്പാന്യോള്‍ ഗോളിയുടെ മികവിന് മുന്നില്‍ പല ശ്രമങ്ങളും നിഷ്പ്രഭമായി. സീസണില്‍ അത്രയൊന്നും മികച്ച തുടക്കം ലഭിച്ചിട്ടില്ലാത്ത എസ്പാന്യോള്‍ നേരത്തെ ബാഴ്‌സയോട് എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തോറ്റിരുന്നു.നിലവില്‍ ഏഴ് മല്‍സരങ്ങളില്‍ നിന്ന് നാല് ജയവും രണ്ട് സമനിലയും ഒരു തോല്‍വിയും സഹിതം 14 പോയിന്റുകളുമായി പട്ടികയില്‍ ആറാം സ്ഥാനത്താണ് റയലുള്ളത്.
Next Story

RELATED STORIES

Share it