Flash News

സ്പാനിഷ് കോപാ ഡെല്‍ റേ : സ്‌പെയിനില്‍ ബാഴ്‌സ



മാഡ്രിഡ്: ചാംപ്യന്‍സ് ലീഗും സ്പാനിഷ് ലീഗും കൈവിട്ട ബാഴ്‌സലോണയ്ക്ക് ആശ്വാസമായി സ്പാനിഷ് കോപാ ഡെല്‍ റേ കപ്പ്. മെസ്സിയും നെയ്മറും കളം നിറഞ്ഞു കളിച്ചപ്പോള്‍ ഫൈനലില്‍ അലാവസിനെ തോല്‍പിച്ചാണ് ബാഴ്‌സ കപ്പുയര്‍ത്തിയത്. അലാവസിന്റെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ പായിച്ചാണ് ബാഴ്‌സയുടെ സൂപ്പര്‍ ജയം. പരിശീലക വേഷത്തില്‍ ലൂയിസ് എന്റിക്വെയുടെ അവസാന മല്‍സരമായിരുന്നു ഇന്നലെ. സ്പാനിഷ് മണ്ണിലെ മികച്ച ഒരു കപ്പ് സ്വന്തമാക്കി ക്ലബ്ബിനോട് വിടപറയാന്‍ ലൂയിസിന് സാധിച്ചു. ആദ്യ പകുതിയിലായിരുന്നു മല്‍സരത്തിലെ ഗോളുകള്‍. മെസ്സിക്കും നെയ്മറിനുമൊപ്പം അല്‍കാസറും ബാഴ്‌സയ്ക്കു വേണ്ടി വലകുലുക്കി.ഈ സീസണ്‍ ആശ്വാസകരമാക്കാന്‍ കോപാ ഡെല്‍ റേ നേടുമെന്ന് ബാഴ്‌സ ഉറപ്പിച്ചിരുന്നു. സെമിഫൈനലില്‍ ഇരുപാദങ്ങളിലായി അത്‌ലറ്റികോ മാഡ്രിഡിനെ 2-3ന് പരാജയപ്പെടുത്തിയാണ് ബാഴ്‌സ ഫൈനലില്‍ കടന്നത്. മറുവശത്ത് കരുത്തില്‍ മുമ്പരായ സെല്‍റ്റ വിഗോയക്കെതിരേ എതിരില്ലാത്ത ഒറ്റ ഗോള്‍ നേടിയാണ് അലാവസും അവസാന റൗണ്ടിലെത്തിയത്.
തുടക്കമിട്ട് മെസ്സി
എന്നത്തേയും പോലെ ബാഴ്‌സയുടെ മുഴുവന്‍ ഊര്‍ജവും മുന്നേറ്റ നിരയിലായിരുന്നു. ലൂയിസ് സുവാരസ് ഇല്ലാത്ത മല്‍സരത്തില്‍ നെയ്മറിനും മെസ്സിക്കുമൊപ്പം അല്‍കാസര്‍ അണിനിരന്നു. മുപ്പതാം മിനിറ്റില്‍ മെസ്സിയും നെയ്മറും ചേര്‍ന്ന് നടത്തിയ ഉഗ്രന്‍ മുന്നേറ്റത്തിനൊടുവിലാണ് ബാഴ്‌സ അക്കൗണ്ട് തുറന്നത്. നെയ്മറുമായി വണ്‍ ടച്ച്പാസ്സ് കളിച്ച മെസ്സിയുടെ ഇടം കാലന്‍ ഷോട്ട് അലാവസ് വലയില്‍ കയറുകയായിരുന്നു. എന്നാല്‍, മിനിറ്റുകള്‍ക്കകം കരുത്തന്മാരെ ഞെട്ടിക്കാന്‍ അലാവസിന് സാധിച്ചു. പെനല്‍റ്റി ബോക്‌സിനു പുറത്ത് നിന്ന് കിട്ടിയ ഫ്രീ കിക്ക് അവസരത്തില്‍ മനോഹരമായ ഒരു കിക്കിലൂടെ തിയോ ഹെര്‍ണാണ്ടസ് ബാഴ്‌സയുടെ വല കുലുക്കി. പന്തടക്കത്തില്‍ മുന്നില്‍ നിന്ന കാറ്റലന്‍മാര്‍ക്കെതിരേ ആദ്യപകുതി സമനില നേടി പിരിയാമെന്ന് കരുതിയ അലാവസിന്റെ പ്രതീക്ഷകള്‍ക്ക് അവസാന മിനിറ്റുകളില്‍ കരിനിഴല്‍ വീണു. തുടര്‍ച്ചയായി രണ്ട് ഗോള്‍ കണ്ടെത്തിയാണ് ബാഴ്‌സ ഇടവേളയ്ക്ക് പിരിഞ്ഞത്. 45ാം മിനിറ്റില്‍ ആന്ദ്രെ ഗോമസിന്റെ പാസ്സില്‍ നിന്ന് നെയ്മറാണ് ബാഴ്‌സയുടെ രണ്ടാമത്തെ ഗോള്‍ നേടിയത്. വലതു വിങ്ങില്‍ നിന്നും ഗോമസ് നല്‍കിയ പാസ് പോസ്റ്റിലേക്ക് തട്ടിയിടേണ്ട ആവശ്യം മാത്രമേ നെയ്മറിന് ഉണ്ടായിരുന്നുള്ളു. ഗോള്‍ മണം മായുംമുമ്പ് മൂന്നാംഗോളും വീണു. അത്യുഗ്രന്‍ മുന്നേറ്റത്തിലൂടെ അലാവസ് പ്രതിരോധ നിരയെ കബളിപ്പിച്ച് മെസ്സി നല്‍കിയ പാസ് അല്‍കാസര്‍ ഗോളാക്കി മാറ്റുകയായിരുന്നു.
ഗോള്‍രഹിതം രണ്ടാംപാതി
ആദ്യപകുതി തന്നെ രണ്ട് ഗോളിന്റെ ആധിപത്യം നേടി മല്‍സരം വരുതിയിലാക്കിയ ബാഴ്‌സയ്‌ക്കെതിരേ തിരിച്ചുവരാന്‍ ശ്രമിച്ച അലാവസ് വിയര്‍ക്കുന്ന കാഴ്ചയായിരുന്നു രണ്ടാംപകുതി കണ്ടത്. പന്തടക്കത്തില്‍ കുറച്ചൂകുടി മുന്‍തൂക്കം നേടിയ അലാവസ് പത്ത് തവണയാണ് ഗോളിനു ശ്രമിച്ചത്. എന്നാല്‍, ജയമുറപ്പിച്ച ബാഴ്‌സ കൂടുതല്‍ ആക്രമണങ്ങള്‍ക്ക് നില്‍ക്കാതെ പ്രതിരോധത്തില്‍ പിടിമുറുക്കി. അതിനാല്‍ തന്നെ അലാവസ് ശ്രമങ്ങള്‍ എങ്ങുമെത്താതെ പോയി. ഗോളിനുള്ള ശ്രമങ്ങളെല്ലാം പ്രതിരോധത്തില്‍ തന്നെ കലാശിച്ചതിനാല്‍ ഗോള്‍ കീപ്പര്‍ക്കും വലിയ പണിയുണ്ടായിരുന്നില്ല.
ഗുഡ്‌ബൈ എന്റിക്വെ
സ്പാനിഷ് ലീഗ് സീസണ്‍ അവസാനത്തോടെ ബാഴ്‌സലോണ പരിശീലക വേഷം അഴിക്കുമെന്ന് ലൂയിസ് എന്റിക്വെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. 2014ല്‍ ബാഴ്‌സ കോച്ചായി സ്ഥാനം ഏറ്റെടുത്ത എന്റിക്വെ കോപാ ഡെല്‍ റേ അടക്കം 9 കിരീടങ്ങള്‍ ബാഴ്‌സയ്ക്കു നേടി കൊടുത്തു. 14 കിരീടങ്ങള്‍ നേടിയ പെപ് ഗാര്‍ഡിയോളയും 11 കിരീടങ്ങള്‍ നേടി കൊടുത്ത ജോണ്‍ ക്രയ്ഫും മാത്രമാണ് കിരീട നേട്ടത്തില്‍ എന്റിക്വെയ്ക്ക് മുന്‍പിലുള്ള പരിശീലകര്‍. എന്റിക്വെയ്ക്ക് പകരമായി പുതിയ കോച്ചിനെ ഇന്ന് ബാഴ്‌സ പ്രഖ്യാപിക്കുമെന്നാണ് റിപോര്‍ട്ടുകള്‍. അത്‌ലറ്റികോ ബില്‍ബാവോ കോച്ച് ആയിരുന്നു ഏണെസ്റ്റ് വാല്‍വേര്‍ഡാവും ബാഴ്‌സലോണയുടെ പുതിയ കോച്ച്.
Next Story

RELATED STORIES

Share it