സ്ഥിരം തോല്‍ക്കുന്ന സീറ്റുകള്‍ സ്വതന്ത്രര്‍ക്ക് നല്‍കാന്‍ സിപിഎം

കെ പി ഒ റഹ്മത്തുല്ല

തൃശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥിരം തോല്‍ക്കുന്ന സീറ്റുകള്‍ ജനപ്രിയരായ സ്വതന്ത്രരെ നിര്‍ത്തി സ്വന്തമാക്കാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞ് സിപിഎം. മലപ്പുറം ജില്ലയിലെ താനൂരില്‍ ഇടതുപക്ഷ പിന്തുണയുള്ള വി അബ്ദുറഹിമാന്‍ ഇതിനകം പ്രചാരണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതു സ്വതന്ത്രനായി മല്‍സരിച്ച അബ്ദുറഹിമാന്‍ ഇ ടി മുഹമ്മദ് ബഷീറിന്റെ ഭൂരിപക്ഷം ഗണ്യമായി കുറച്ചു.
കെപിസിസി മുന്‍ നിര്‍വാഹകസമിതിയംഗവും തിരൂര്‍ മുനിസിപ്പല്‍ വൈസ് ചെയര്‍മാനുമായ അദ്ദേഹം തിരൂര്‍ നഗരസഭാ ഭരണം ഇടതുപക്ഷത്തിന് നേടിക്കൊടുക്കുകയും ചെയ്തിരുന്നു. അബ്ദുറഹിമാനെ പോലെയുള്ള 25ഓളം സ്വതന്ത്ര സ്ഥാനാര്‍ഥികളെ രംഗത്തിറക്കാനാണ് സിപിഎം തീരുമാനം.
മലപ്പുറം ജില്ലയില്‍ നാലു സീറ്റിലെങ്കിലും സ്വതന്ത്രര്‍ മല്‍സരിക്കും. തിരൂരില്‍ വ്യാപാരി ഗഫൂര്‍, ഏറനാട് മണ്ഡലത്തില്‍ പി വി അന്‍വര്‍, മഞ്ചേരിയില്‍ പ്രമുഖ പ്രവാസി വ്യവസായി എന്നിവരുടെയെല്ലാം പേരുകള്‍ പരിഗണിച്ചു വരുന്നതായി അറിയുന്നു. നാലോ അഞ്ചോ പ്രാവശ്യം ഇടതുപക്ഷം തുടര്‍ച്ചയായി തോല്‍ക്കുന്ന സീറ്റുകളിലാണ് സ്വതന്ത്ര പരീക്ഷണത്തിന് പാര്‍ട്ടി ഒരുങ്ങുന്നത്. ഇത്തരം സീറ്റുകളിലെ വിജയസാധ്യത അറിയാന്‍ ചില സ്വകാര്യ ഏജന്‍സികളുടെ സഹായം പാര്‍ട്ടി തേടിയിരുന്നു.
അവരുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാവും സ്ഥാനാര്‍ഥി നിര്‍ണയം. നല്ല പ്രതിച്ഛായയും ജനകീയ അംഗീകാരവും ഉള്ളവരെയായിരിക്കും പാര്‍ട്ടി മല്‍സരിപ്പിക്കുക. ഇതിനായി ജില്ലാ അടിസ്ഥാനത്തില്‍ പ്രത്യേക പാര്‍ട്ടി കമ്മിറ്റികള്‍ രൂപീകരിച്ച് കഴിഞ്ഞു.
Next Story

RELATED STORIES

Share it