Idukki local

സ്ഥാനാര്‍ഥി പ്രഖ്യാപനം; മുമ്പേ പറന്ന് ഇടതുമുന്നണി

തൊടുപുഴ: ജില്ലാ പഞ്ചായത്തിലെയും തൊടുപുഴ മുനിസിപ്പാലിറ്റിയടക്കമുള്ള ഇടങ്ങളിലെ സ്ഥാനാര്‍ഥികളെ നാമനിര്‍ദേശംചെയ്ത് ഇടതുമുന്നണി സ്‌കോര്‍ ചെയ്തു. പത്രികാ സമര്‍പ്പണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കുമ്പോഴും യു.ഡി.എഫില്‍ തര്‍ക്കങ്ങള്‍ തുടരുകയാണ്. ജില്ലയിലെ 16 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും എല്‍.ഡി.എഫ്. സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കി. ജില്ലാ വരണാധികാരി കൂടിയായ കലക്ടര്‍ വി രതീശന്‍ മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. ഏഴു സീറ്റുകളില്‍ സി.പി.എമ്മും അഞ്ച് ഡിവിഷനുകളില്‍ സി.പി.ഐയും നാലിടത്ത് ഹൈറേഞ്ച് സംരക്ഷണ സമിതിയുമാണ് മല്‍സരിക്കുന്നത്.

അടിമാലി -സി എ ഏലിയാസ്, മൂന്നാര്‍ -ജയപാല്‍, പാമ്പാടുംപാറ -ജമീലാ രാഘവന്‍, വണ്ടിപ്പെരിയാര്‍-റീനാ മാത്യു, വാഗമണ്‍ -മോളി ഡൊമിനിക്(സി.പി.ഐ), ദേവികുളം-ബേബി ശക്തിവേല്‍, രാജാക്കാട് -വി എന്‍ മോഹനന്‍, നെടുങ്കണ്ടം-നിര്‍മ്മലാ നന്ദകുമാര്‍, മുളളരിങ്ങാട്-വിഷ്ണു കെ ചന്ദ്രന്‍, കരിങ്കുന്നം -അലക്‌സ് പ്ലാത്തോട്ടം, മൂലമറ്റം-രേണുമോള്‍ പി ബി, കരിമണ്ണൂര്‍-സി പി രാമചന്ദ്രന്‍( സി.പി.എം), ഉപ്പുതറ-കെ എന്‍ മോഹന്‍ദാസ്, പൈനാവ്-ലിസമ്മ സാജന്‍, മുരിക്കാശേരി -നോബിള്‍ ജോസഫ്, വണ്ടന്‍മേട് റെജിമോള്‍ സിബി (ഹൈറേഞ്ച് സംരക്ഷണ സമിതി) എന്നിവരാണ് ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ഥികള്‍.നിലവിലുളള പ്രതിപക്ഷ നേതാവ് അടക്കം മൂന്നു സിറ്റിങ് കൗണ്‍സിലര്‍മാരെ കളത്തിലിറക്കി എല്‍.ഡി.എഫ്. തൊടുപുഴ നഗരസഭയില്‍ അങ്കത്തിനിറങ്ങിയിരിക്കുന്നത്. പ്രതിപക്ഷ നേതാവ് ആര്‍ ഹരി, മിനി മധു, ബാബു ജോര്‍ജ് എന്നിവരാണ് അടുത്ത ഊഴത്തിനൊരുങ്ങുന്ന എല്‍.ഡി.എഫ്. കൗണ്‍സിലര്‍മാര്‍. എല്‍.ഡി.എഫ്. നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തിലാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്.

35ല്‍ 32വാര്‍ഡുകളിലെ സ്ഥാനാര്‍ഥികളെയാണ് ഇന്നലെ പ്രഖ്യാപിച്ചത്. മൂന്നിടങ്ങളില്‍ രാത്രിയോടെ ധാരണയിലെത്തി. ഇന്നു പേരുകള്‍ പ്രഖ്യാപിക്കും. മുന്നണിയിലുള്ളവര്‍ക്കും ഇടതുപക്ഷത്തോട് സഹകരിക്കുന്നവര്‍ക്കും ഉചിതമായ സീറ്റ് നല്‍കി യാതൊരു തര്‍ക്കങ്ങളും ഇല്ലാതെയാണ് സീറ്റു വിഭജനം പൂര്‍ത്തിയായതെന്ന് എല്‍.ഡി.എഫ് നേതാക്കള്‍ പറഞ്ഞു.35ല്‍ 26 ഇടങ്ങളിലാണ് സി.പി.എം. സ്ഥാനാഥികള്‍ മല്‍സരിക്കുക. അഞ്ചിടങ്ങളില്‍ സി.പി.ഐയും മല്‍സരിക്കും. കോണ്‍ഗ്രസ് എസ്, ആര്‍.എസ്.പി, എന്‍.സി.പി. എന്നിങ്ങനെ മുന്നണിയിലെ അംഗങ്ങള്‍ക്ക് ഓരോ സീറ്റും മുന്നണിയോട് സഹകരിച്ച് പോകുന്ന ഐ.എന്‍.എലിന് ഒരു സീറ്റും ആണ് നല്‍കിയിരിക്കുന്നത്. സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാത്ത  മൂന്ന് സീറ്റില്‍ ഒരു സീറ്റായ 15ാം വാര്‍ഡ് ഐ.എന്‍.എലിനായി മാറ്റിയിട്ടിരിക്കുന്നതാണ്. ഇവര്‍ക്ക് സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ കഴിഞ്ഞില്ലങ്കില്‍  സി.പി.എം. ഈ സീറ്റ് ഏറ്റെടുക്കും. ഇതിന് പുറമെ സി.പി.എം. സ്വതന്ത്രര്‍  മല്‍സരിക്കുന്ന 11,13 വാര്‍ഡുകളിലെ സ്ഥാനാര്‍ഥികളുടെ പേരുകളും  ഇന്നു പ്രഖ്യാപിക്കും.

26 സി.പി.എം. സ്ഥാനാര്‍ഥികളില്‍ രണ്ടാം വാര്‍ഡില്‍ മല്‍സരിക്കുന്ന ഡി.വൈ.എഫ്.ഐ. നേതാവ് കെ കെ ഷിംനാസ് കുഞ്ഞന്‍പറമ്പിലും, 31 ാം വാര്‍ഡിലെ പി വി ഷിബു പൊട്ടംപ്ലായ്ക്കലും മാത്രമാണ് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്നത്. ബാക്കിയുള്ള 24 പേരും സി.പി.എമ്മിന്റെ സ്വതന്ത്ര സ്ഥാനാത്ഥികളാണ്. അഞ്ച് സീറ്റില്‍ മത്സരിക്കുന്ന സി.പി.ഐയുടെ ഒന്നാം വാര്‍ഡിലെ സലില്‍ ഇടശേരില്‍ ഒഴിച്ച് ബാക്കി നാല് പേരും പാര്‍ടി സ്വതന്ത്രരാണ്. ആറാം വാര്‍ഡില്‍ അജിത്കുമാറാണ് ആര്‍.എസ്.പി സ്ഥാനാഥി. 33ാം വാര്‍ഡിലെ മിനി ജോണ്‍സനാണ് കോണ്‍ഗ്രസ് (എസ് )  സ്ഥാനാര്‍ത്ഥി.  പ്രതിപക്ഷ നേതാവ് ആര്‍ ഹരി(29-കോലാനി), മിനി മധു(25-ഒളമറ്റം), ബാബു ജോര്‍ജ്(14-മുതലക്കോടം) എന്നിവരാണ് വീണ്ടും മല്‍സര രംഗത്തുളളത്.  ജനറല്‍ വാര്‍ഡില്‍ മല്‍സരിക്കുന്ന ഏക വനിതയും മിനി മധുവാണ്. വാര്‍ത്താ സമ്മേളനത്തില്‍ ടി.ആര്‍ സോമന്‍, കെ പി മേരി, പി പി ജോയി, കെ എം ബാബു, മുഹമ്മദ് അഫ്‌സല്‍  പങ്കെടുത്തു.
Next Story

RELATED STORIES

Share it