thrissur local

സ്ഥാനാര്‍ഥി നിര്‍ണയ യോഗത്തില്‍നിന്ന് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഇറങ്ങിപ്പോയി

കടപ്പുറം: പഞ്ചായത്തിലെ 10ാം വാര്‍ഡില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിനായി ചേര്‍ന്ന വാര്‍ഡ് കമ്മിറ്റി യോഗത്തില്‍ നിന്നും യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഇറങ്ങിപ്പോയി. പുതിയങ്ങാടി മുതല്‍ കടവ് വരെ റോഡ്  നിര്‍മിക്കുന്നത് സംബന്ധിച്ച് നേരത്തെ നല്‍കിയ ഉറപ്പ് പിന്‍വലിച്ചെന്നാരോപിച്ചാണ് യൂത്ത് ലീഗ് വാര്‍ഡ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നൂറോളം വരുന്ന പ്രവര്‍ത്തകര്‍ ഇറങ്ങിപ്പോക്ക് നടത്തിയത്.

ഇതോടെ 10ാം വാര്‍ഡിലെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ച അലസി. പുതിയങ്ങാടി മുതല്‍ കടവ് വരെ റോഡ് നിര്‍മിക്കുന്നതിനായി സ്ഥലം അനുവദിച്ചെന്ന്് കാട്ടി ആഴ്ചകള്‍ക്ക് മുമ്പ് വാര്‍ഡ് മെംബര്‍ അടക്കമുള്ളവര്‍ സറണ്ടര്‍ ഫോം തയ്യാറാക്കിയിരുന്നുവത്രേ. എന്നാല്‍, റോഡിനായി അനുവദിച്ച സ്ഥലത്ത് അടുത്ത ദിവസം തന്നെ ചരലിടുമെന്ന് ഇന്നലെ രാത്രി ചേര്‍ന്ന സ്ഥാനാര്‍ഥി നിര്‍ണയ യോഗത്തില്‍ പ്രവര്‍ത്തകര്‍ അറിയിച്ചതോടേയാണ് യോഗം ബഹളത്തില്‍ മുങ്ങിയത്. സറണ്ടര്‍ ഫോം പിന്‍വലിക്കുന്നതായി വാര്‍ഡ് മെംബര്‍ അറിയിച്ചതോടെ പ്രവര്‍ത്തകര്‍ യോഗത്തില്‍ നിന്നും ഇറങ്ങിപ്പോകുകയായിരുന്നു.

തിരഞ്ഞെടുപ്പിന് മുമ്പ്് തന്നെ പുതിയങ്ങാടി-കടവ് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് മുസ്്‌ലിം ലീഗ് നേതൃത്വം ഉറപ്പു നല്‍കിയിരുന്നതായി യൂത്ത് ലീഗ്് പ്രവര്‍ത്തകര്‍ പറഞ്ഞു. നൂറോളം കടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സി.എച്ച്. നഗറിലേക്ക് റോഡ് നിര്‍മിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകള്‍ പഴക്കമുണ്ട്.

പഞ്ചായത്തിന്റെ രൂപീകരണം മുതല്‍ മുസ്്‌ലിം ലീഗ് സ്ഥാനാര്‍ഥികള്‍ മാത്രം വിജയിച്ചു വന്നിരുന്ന ഈ വാര്‍ഡില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മാത്രമാണ് പാര്‍ട്ടിക്ക് കാലിടറിയത്. മുസ്്‌ലിം ലീഗ് വിമത സ്ഥാനാര്‍ഥിയായി മല്‍സരിച്ച ബി ടി പൂക്കോയ തങ്ങളാണ് കഴിഞ്ഞ തവണ പാര്‍ട്ടി ഔദ്യോഗിക സ്ഥാനാര്‍ഥിയെ തോല്‍പ്പിച്ചത്. റോഡ് നിര്‍മാണം സംബന്ധിച്ച ഉറപ്പില്‍ നിന്നും പാര്‍ട്ടി നേതൃത്വം പിറകോട്ടു പോയത് സി.എച്ച്. നഗര്‍ നിവാസികളോടുള്ള വഞ്ചനയാണെന്നും ഇതിനെതിരേ ശക്തമായ പ്രതിഷേധവുമായി രംഗത്തു വരുമെന്നും യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it