സ്ഥാനാര്‍ഥി നിര്‍ണയം: കോണ്‍ഗ്രസ് നേതൃത്വത്തിന് ഐഎന്‍ടിയുസി വഴങ്ങി

തിരുവനന്തപുരം: സ്ഥാനാര്‍ഥി നിര്‍ണയത്തിന്റെ പേരില്‍ ഇടഞ്ഞുനിന്നിരുന്ന ഐഎന്‍ടിയുസി കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടുകള്‍ക്ക് മുന്നില്‍ വഴങ്ങി. ഒറ്റയ്ക്ക് മല്‍സരിക്കാനുള്ള തീരുമാനം പിന്‍വലിക്കാന്‍ ഐഎന്‍ടിയുസി തീരുമാനിച്ചു. നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയത്തിന് ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്ന് സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടു.
ഐഎന്‍ടിയുസി പ്രവര്‍ത്തകരുടെ വികാരങ്ങള്‍ മാനിച്ചുകൊണ്ടുള്ള യുക്തമായ തീരുമാനങ്ങള്‍ കോണ്‍ഗ്രസ്സിന്റെ കേന്ദ്ര-സംസ്ഥാന നേതാക്കളുടെ ഭാഗത്തുനിന്നുണ്ടാവുമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ഉറപ്പുനല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് സഹകരിച്ചുപോവാന്‍ തീരുമാനിച്ചത്. ബിജെപിയുടെ വര്‍ഗീയ- രാഷ്ട്രീയ അജന്‍ഡ കേരളത്തില്‍ നടപ്പാക്കാന്‍ പാടില്ല. എല്‍ഡിഎഫിന്റെ പൊള്ളയായ വാഗ്ദാനങ്ങള്‍ വിലപ്പോവില്ലെന്നും യുഡിഎഫിന്റെ വിജയം തൊഴിലാളി താല്‍പര്യത്തിന് അനിവാര്യമാണെന്നും ചന്ദ്രശേഖരന്‍ വ്യക്തമാക്കി.
ഉമ്മന്‍ചാണ്ടി, പി പി തങ്കച്ചന്‍, വി എം സുധീരന്‍, രമേശ് ചെന്നിത്തല എന്നിവര്‍ ഐഎന്‍ടിയുസി നേതൃത്വവുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് സമവായത്തിലെത്തിയത്. തിരഞ്ഞെടുപ്പിലെ സീറ്റുവിഭജനം, സ്ഥാനാര്‍ഥി നിര്‍ണയം എന്നീ കാര്യങ്ങളില്‍ ഐഎന്‍ടിയുസിയുമായി കോണ്‍ഗ്രസ് നേതൃത്വം കൂടിയാലോചനകള്‍ നടത്താത്തതിലുള്ള അതൃപ്തി നേതാക്കള്‍ ചര്‍ച്ചയില്‍ അറിയിച്ചു.
കേരളത്തിലെ വോട്ടര്‍മാരില്‍ ഭൂരിഭാഗവും തൊഴിലാളികളാണ്. എന്നാല്‍, തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന ഐഎന്‍ടിയുസിക്ക് യാതൊരു പരിഗണനയും നല്‍കുന്നില്ല. തിരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ പോലും ഐഎന്‍ടിയുസിയെ ഉള്‍പ്പെടുത്തിയില്ല. കെഎസ്‌യുവിനുപോലും കമ്മിറ്റികളില്‍ പരിഗണന നല്‍കി. ഇത്തരം കാര്യങ്ങളില്‍ ഐഎന്‍ടിയുസിക്ക് ശക്തമായ പ്രതിഷേധമുണ്ടെന്നും പ്രവര്‍ത്തകരുടെ വികാരം മാനിച്ച് അര്‍ഹമായ പ്രാതിനിധ്യം നല്‍കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
തവനൂര്‍, വൈപ്പിന്‍, കാഞ്ഞങ്ങാട്, ദേവികുളം സീറ്റുകളാണ് ഐഎന്‍ടിയുസി ആവശ്യപ്പെട്ടത്. എന്നാല്‍, കോണ്‍ഗ്രസ് ഈ ആവശ്യം തള്ളി.
ചര്‍ച്ചകള്‍ക്കൊടുവില്‍ ദേവികുളം, കാഞ്ഞങ്ങാട് മണ്ഡലങ്ങളില്‍ ഐഎന്‍ടിയുസി നേതാക്കള്‍ക്ക് പരിഗണന നല്‍കാനായിരുന്നു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആലോചന. ഇതുപ്രകാരം ദേവികുളം സീറ്റില്‍ ഐഎന്‍ടിയുസി നേതാവും കെപിസിസി വൈസ് പ്രസിഡന്റുമായ എ കെ മണിയെ മല്‍സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു.
അതേസമയം, കാഞ്ഞങ്ങാട് സീറ്റ് വനിതകള്‍ക്കായി നീക്കിവയ്ക്കണമെന്ന് ഹൈക്കമാന്‍ഡിന്റെ നിര്‍ദേശമുള്ളതിനാല്‍ ഇത് അനുവദിക്കാനാവില്ലെന്ന് ഐഎന്‍ടിയുസിയെ കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. ഇതോടെ നാലു സീറ്റ് ചോദിച്ച ഐഎന്‍ടിയുസിക്ക് ഒരു സീറ്റുകൊണ്ട് തൃപ്തിപ്പെടേണ്ടി വരുകയാണുണ്ടായത്.
Next Story

RELATED STORIES

Share it