സ്ഥാനാര്‍ഥി നിര്‍ണയം: ഐഎന്‍എല്ലില്‍ ഭിന്നത

കെ ആബിദ്

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി ഐഎന്‍എല്ലില്‍ ഭിന്നത.  കോഴിക്കോട് സൗത്ത്  സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലിയാണ് ഭിന്നത ഉടലെടുത്തത്. സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഫ. എ പി അബ്ദുല്‍ വഹാബിനെയാണ് സംസ്ഥാന കമ്മിറ്റി ഇവിടെ മല്‍സരിപ്പിക്കാനുദ്ദേശിക്കുന്നത്. എന്നാല്‍, ജില്ലയില്‍ നിന്നുള്ള ഒരാളെ സ്ഥാനാര്‍ഥിയാക്കണമെന്നാണ് ജില്ലാ കമ്മിറ്റിയുടെ ആവശ്യം. ജില്ലക്കാരനായ അഹമ്മദ് ദേവര്‍ കോവിലിന്റെ പേരാണ് ഇവര്‍ മുന്നോട്ട് വയ്ക്കുന്നത്. ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി, വ്യാപാരി വ്യവസായി ഏകോപന സമിതി, ഹജ്ജ്-ഉംറ അസോസിയേഷന്‍, ട്രാവല്‍സ് അസോസിയേഷന്‍  നേതൃപദവിയും സൗത്ത് മണ്ഡലത്തിലെ കുടുംബ ബന്ധവും ദേവര്‍ കോവിലിന് അനുകൂല ഘടകങ്ങളാണെന്ന് ഇവര്‍ വാദിക്കുന്നു. മാത്രമല്ല വള്ളിക്കുന്നിലും സൗത്തിലും മലപ്പുറത്തുകാരെ തന്നെ നിര്‍ത്തുന്നത് കോഴിക്കോടിന് പ്രാതിനിധ്യമില്ലാതാവുന്നതിനിടയാക്കുമെന്നും ജില്ലാ നേതൃത്വം പറയുന്നു. വള്ളിക്കുന്നില്‍ അഡ്വ. ഒ കെ തങ്ങളെയായിരിക്കും പാര്‍ട്ടി പരിഗണിക്കുക. കെ ടി ഇസ്മായിലിന്റെ പേര് ഉയര്‍ന്നു വന്നിരുന്നെങ്കിലും മുജാഹിദ് ബന്ധവും അദ്ദേഹത്തിന്റെ താല്‍പര്യമില്ലായ്മയും തങ്ങളെത്തന്നെ ഇവിടെഉറപ്പിക്കുന്നതിനിടയാക്കി. എന്നാല്‍,  വള്ളിക്കുന്ന് മണ്ഡലക്കാരനായ  വഹാബിനെ മല്‍സരിപ്പിക്കാന്‍ കൂടുതല്‍ നല്ലത് അവിടെയാണെന്നാണ് ജില്ലാ നേതൃത്വം പറയുന്നത്. കാസര്‍കോട്ട് കഴിഞ്ഞ തവണ മല്‍സരിച്ച അസീസ് കടപ്പുറം വ്യാപാരിയായ പി ബി അഹമ്മദ് എന്നിവരില്‍ ആരെങ്കിലുമാവും സ്ഥാനാര്‍ഥിയാവുക. എന്നാല്‍, സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തര്‍ക്കങ്ങളൊന്നുമില്ലെന്നു സംസ്ഥാന നേതൃത്വം വ്യക്തമാക്കി.
Next Story

RELATED STORIES

Share it