Kottayam Local

സ്ഥാനാര്‍ഥിയുടെ ചെലവ് പരിശോധന മെയ് മൂന്നുമുതല്‍

കോട്ടയം: സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് ചെലവ് രജിസ്റ്ററും അനുബന്ധ രേഖകളും പരിശോധനയ്ക്കായി ഹാജരാക്കണമെന്ന് ഏറ്റുമാനൂര്‍, കോട്ടയം, പുതുപ്പള്ളി നിയോജക മണ്ഡലങ്ങളുടെ ചെലവ് നിരീക്ഷകന്‍ ആര്‍ എ പ്രവീണ്‍ കുമാര്‍ അറിയിച്ചു.
ഏറ്റുമാനൂര്‍, കോട്ടയം നിയോജക മണ്ഡലങ്ങളില്‍ മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളുടെ ചെലവ് പരിശോധന രജിസ്റ്ററും, മറ്റു രേഖകളും മെയ് മൂന്നിനും പുതുപ്പള്ളിയിലെ സ്ഥാനാര്‍ഥികളുടേത് മെയ് നാലിനും ചെലവ് നിരീക്ഷകന്റെ മുമ്പാകെ പരിശോധനയ്ക്കായി ഹാജരാക്കണം. ഏറ്റുമാനൂര്‍, കോട്ടയം നിയോജക മണ്ഡലങ്ങളുടെ രണ്ടാമത് ചെലവ് പരിശോധന മെയ് ഒമ്പതിനും പുതുപ്പള്ളിയിലെ ചെലവ് പരിശോധന മെയ് 10നുമാണ് ക്രമീകരിച്ചിരിക്കുന്നത്.
മൂന്നാമത്തെ ചെലവ് പരിശോധന ആദ്യ രണ്ടു മണ്ഡലങ്ങളില്‍ മെയ് 13 നും പുതുപ്പള്ളിയിലേത് മെയ് 14 നും നടക്കും. അതത് വരണാധികാരികളുടെ ഓഫിസിലായിരിക്കും പരിശോധന നടക്കുന്നത്. ഏറ്റുമാനൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥികളുടെ ചെലവ് പരിശോധന രാവിലെ 10നും 1.30 നും ഇടയ്ക്കും കോട്ടയം മണ്ഡലത്തിലേത് രണ്ടിനും 5.30 നും ഇടയ്ക്കും പുതുപ്പള്ളി മണ്ഡലത്തിലേത് 10.30 നും രണ്ടിനുമിടയ്ക്കുമാണ് ക്രമീകരിച്ചിരിക്കുന്നത്. വരണാധികാരി നല്‍കുന്ന രജിസ്റ്ററില്‍ സ്ഥാനാര്‍ഥിയോ ഏജന്റോ ഓരോ ദിവസത്തെയും ചെലവ് കൃത്യമായും സത്യസന്ധമായും രേഖപ്പെടുത്തി സൂക്ഷിക്കണമെന്നും ചെലവ് നിരീക്ഷകന്‍ അറിയിച്ചു.
രജിസ്റ്ററിനൊപ്പം ദിനംപ്രതിയുള്ള ചെലവിന്റെ ബില്ലുകള്‍, വൗച്ചറുകള്‍, രസീതുകള്‍, സാക്ഷ്യപ്പെടുത്തലുകള്‍ തുടങ്ങിയ എല്ലാ അനുബന്ധ രേഖകളും ക്രമമായി സൂക്ഷിക്കേണ്ടതാണ്. ചെലവ് രജിസ്റ്ററുകള്‍ പരിശോധിക്കുമ്പോള്‍ ഏതു വ്യക്തിക്കും ഹാജരാവാനും വരണാധികാരിയുടെ പക്കല്‍നിന്നും രജിസ്റ്ററിന്റെ കോപ്പി പേജിന് ഒരു രൂപാ നിരക്കില്‍ നല്‍കി കൈപ്പറ്റാവുന്നതുമാണ്.
Next Story

RELATED STORIES

Share it