World

സ്ഥാനാര്‍ഥിയുടെ കൊലപാതകം: മെക്‌സിക്കന്‍ നഗരത്തിലെ എല്ലാ പോലിസുകാരും അറസ്റ്റില്‍

മെക്‌സിക്കോ സിറ്റി: മേയര്‍ സ്ഥാനാര്‍ഥിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മെക്‌സിക്കോയിലെ ഒകാമ്പോ നഗരത്തിലെ മുഴുവന്‍ പോലിസുകാരെയും അറസ്റ്റ് ചെയ്തു. കൊലപാതകത്തില്‍ പങ്കുണ്ടെന്ന സംശയത്തിലാണ് പോലിസ് മേധാവിയെയും 27 ഉദ്യോഗസ്ഥരെയും ഫെഡറല്‍ പോലിസ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ചയാണ് ഫെര്‍ണാണ്ടോ ആഞ്ചലസ് സുവാരസ് (64) അജ്ഞാതന്റെ വെടിയേറ്റു മരിച്ചത്. ഒരാഴ്ചയ്ക്കിടെ ഈ പ്രവിശ്യയില്‍ കൊല്ലപ്പെടുന്ന മൂന്നാമത്തെ രാഷ്ട്രീയക്കാരനാണ് സുവാരസ്. പ്രമുഖ വ്യവസായിയായ സുവാരസ് ജൂലൈ ആദ്യം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ മേയര്‍ സ്ഥാനാര്‍ഥിയായിരുന്നു. ആദ്യം സ്വതന്ത്രനായി മല്‍സരിക്കാന്‍ തീരുമാനിച്ചെങ്കിലും  പിന്നീട് അദ്ദേഹം ഇടതുപക്ഷ പാര്‍ട്ടിയായ പിആര്‍ഡിയുടെ അംഗത്വം സ്വീകരിച്ചിരുന്നു.
അഴിമതിക്കെതിരേ പോരാടിയ വ്യക്തിയായിരുന്നു സുവാരസ് എന്ന് സുഹൃത്തുക്കള്‍ പറയുന്നു. സുവാരസിന്റെ കൊലപാതകത്തിനു പിന്നില്‍ ഒകാമ്പോയിലെ പോലിസ് മേധാവിയാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ മെക്‌സിക്കന്‍ ഫെഡറല്‍ ഏജന്‍സി എത്തിയതോടെ മുഴുവന്‍ പോലിസുകാരും എതിര്‍പ്പുമായെത്തി.
പോലിസ് മേധാവിയുടെ ഓഫിസിലേക്ക് ഫെഡറല്‍ ഏജന്‍സി ഉദ്യോഗസ്ഥരെ കടത്തിവിടാന്‍ പോലും പോലിസ് സംഘം തയ്യാറായില്ല. തുടര്‍ന്ന്, ഇവര്‍ മടങ്ങിപ്പോവുകയും കൂടുതല്‍ സേനയുമായെത്തി പോലിസുകാരെ  അറസ്റ്റ് ചെയ്യുകയുമായിരുന്നു.
Next Story

RELATED STORIES

Share it