സ്ഥാനാര്‍ഥിയാവാനിരിക്കെ മരണം തേടിയെത്തി

കെ പി ഒ റഹ്മത്തുല്ല

തൃശൂര്‍: ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ ചാലക്കുടിയിലോ മണലൂരിലോ ഇടതു സ്ഥാനാര്‍ഥിയായി മല്‍സരിച്ച് എംഎല്‍എ ആവുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കലാഭവന്‍ മണിയെ മരണം തേടിയെത്തിയത്. നിരവധി സിനിമകളില്‍ പോലിസിനെയും ഭരണാധികാരികളെയും ജനപക്ഷത്തു നിന്ന് ചോദ്യം ചെയ്തു വിജയിക്കുന്ന സാധാരണക്കാരായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് അഭ്രപാളികളില്‍ വന്‍വിജയം നേടിയ മണിയെ സ്ഥാനാര്‍ഥിയാക്കാന്‍ എല്‍ഡിഎഫ് ഗൗരവമായി ആലോചിച്ചിരുന്നു.
മണിയെ രംഗത്തിറക്കി യുഡിഎഫിന്റെ സ്ഥിരം സീറ്റ് പിടിച്ചെടുക്കാനായിരുന്നു കമ്മ്യൂണിസ്റ്റ് തന്ത്രം. ഇത്തരത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു. കലാഭവന്‍ മണി ഇത്തവണ അങ്കത്തട്ടിലുണ്ടാവുമെന്ന് ഏറക്കുറെ ഉറപ്പായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ മരണമുണ്ടായിരിക്കുന്നത്. ഏറെ ജനകീയനായിരുന്നു കലാഭവന്‍ മണി. ദലിതനായതിന്റെ പേരില്‍ വനംവകുപ്പ് മണിക്കെതിരേ കേസെടുത്തതിനെ വിമര്‍ശിച്ച് രഹസ്യാന്വേഷണ വിഭാഗം പോലിസിന്റെ തലവനായിരിക്കുമ്പോള്‍ ഇപ്പോഴത്തെ ഡിജിപി ടി പി സെന്‍കുമാര്‍ നടത്തിയ പരാമര്‍ശം ഏറെ ശ്രദ്ധിക്കപ്പെട്ടു.
കലാഭവന്‍ മണിയും സംഘവും ജീപ്പില്‍ പോവുമ്പോള്‍ അതു തടഞ്ഞുനിറുത്തി അദ്ദേഹത്തിനെതിരേ ഗുരുതരമായ വകുപ്പുകള്‍ ചേര്‍ത്ത് വനംവകുപ്പിന്റെ പരാതിയില്‍ പോലിസ് കേസെടുത്തിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സെന്‍കുമാര്‍ അദ്ദേഹം ദലിതനായതു കൊണ്ടാണ് വനംവകുപ്പും പോലിസും ഇപ്രകാരം പെരുമാറിയതെന്ന് പരസ്യമായി പറഞ്ഞിരുന്നു.
ഒരു പിന്നാക്കക്കാരനായതിന്റെ പേരില്‍ താന്‍ പല വേദികളിലും അവസരങ്ങളിലും അപമാനിക്കപ്പെട്ട കാര്യം മണി തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.
2000ല്‍ പുറത്തിറങ്ങിയ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലെ അഭിനയത്തിന് മണിക്ക് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിക്കുമെന്ന് ഏവരും കരുതിയിരുന്നു. അത്രയ്ക്ക് കറതീര്‍ന്ന അഭിനയമായിരുന്നു ആ സിനിമയില്‍ കാഴ്ച്ചവച്ചത്. സെലക്ഷന്റെ അവസാന റൗണ്ടില്‍ മോഹന്‍ലാലും കലാഭവന്‍ മണിയും എത്തുകയും ചെയ്തു.
Next Story

RELATED STORIES

Share it