സ്ഥാനാര്‍ഥിപ്പട്ടിക വൈകും; മുന്നണി വിപുലീകരണം തിരഞ്ഞെടുപ്പിനുശേഷം

തിരുവനന്തപുരം: എല്‍ഡിഎഫിന്റെ സ്ഥാനാര്‍ഥി പട്ടിക വൈകും. തിരഞ്ഞെടുപ്പിന് ഇനിയും രണ്ടുമാസത്തിലേറെയുള്ളതിനാല്‍ വിശദമായ ചര്‍ച്ചകളിലൂടെ അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിച്ച് ഈ മാസം അവസാനത്തോടെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാണ് ധാരണ. ഇന്നലെ ചേര്‍ന്ന ഇടതുമുന്നണി നേതൃയോഗത്തിന്റേതാണ് തീരുമാനം. ഉഭയകക്ഷി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി 20നു പട്ടിക പുറത്തിറക്കാനായിരുന്നു മുന്‍ തീരുമാനം.
അതേസമയം, സ്ഥാനാര്‍ഥി നിര്‍ണയ നടപടികള്‍ സിപിഎം തുടരും. ജില്ലാ കമ്മിറ്റികളുടെ നിര്‍ദേശങ്ങള്‍ ഇന്നും നാളെയുമായി ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റും 13ലെ സംസ്ഥാന സമിതിയും ചര്‍ച്ച ചെയ്യും. കഴിഞ്ഞതവണ സിപിഎം ഒറ്റയ്ക്കു മല്‍സരിച്ച 84 മണ്ഡലങ്ങളിലെയും സ്വതന്ത്രരെ മല്‍സരിപ്പിച്ച മറ്റ് ഒമ്പതു സീറ്റുകളിലെയും സ്ഥാനാര്‍ഥികളുടെ കാര്യത്തിലാവും ധാരണയിലെത്തുക. സെക്രട്ടേറിയറ്റ് യോഗത്തില്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗങ്ങളായ പ്രകാശ് കാരാട്ട്, എസ് രാമചന്ദ്രന്‍പിള്ള എന്നിവരും പങ്കെടുക്കും.
മുന്നണി വിപുലീകരണം തിരഞ്ഞെടുപ്പിനുശേഷം മതിയെന്ന് ഇന്നലെ ചേര്‍ന്ന എല്‍ഡിഎഫ് യോഗം തീരുമാനിച്ചു. പുതിയ കക്ഷികളെയൊന്നും ഉടന്‍ മുന്നണിയുടെ ഭാഗമാക്കില്ല. പ്രവേശനം കാത്തു നില്‍ക്കുന്ന 11 കക്ഷികളെ തിരഞ്ഞെടുപ്പില്‍ സഹകരിപ്പിച്ച് മുന്നോട്ടുപോവും. തിരഞ്ഞെടുപ്പ് പ്രകടനപത്രിക ഈമാസം 19ന് ചേരുന്ന ഇടതുമുന്നണിയോഗം അംഗീകരിക്കും. വര്‍ഷങ്ങളായി എല്‍ഡിഎഫിന് പുറത്തുനില്‍ക്കുന്ന ഐഎന്‍എല്‍ ഇക്കുറി മുന്നണിയിലെടുക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചിരുന്നു. കേരളാ കോണ്‍ഗ്രസ്-എം പിളര്‍ന്നുവന്ന ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയും ഇതേ ആവശ്യത്തിലാണ്. ഘടകകക്ഷികളുമായും പുറത്തു സഹകരിച്ചു നില്‍ക്കുന്ന കക്ഷികളുമായും ഉഭയകക്ഷിചര്‍ച്ചകള്‍ 15നു പുനരാരംഭിക്കും.
Next Story

RELATED STORIES

Share it