സ്ഥാനാര്‍ഥിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണം: പ്രതാപന്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ മല്‍സരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അറിയിച്ച് ടി എന്‍ പ്രതാപന്‍ എംഎല്‍എ കെപിസിസിക്ക് കത്തുനല്‍കി. കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ ഇത്തവണയും തന്റെ പേര് നിര്‍ദേശിച്ചിട്ടുണ്ടെന്ന് അറിയുന്നു. എന്നാല്‍, വിജയസാധ്യതയുള്ള യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കും വനിതകള്‍ക്കും അവസരം നല്‍കണം. മൂന്നുതവണ തുടര്‍ച്ചയായി മല്‍സരിച്ചു. തനിക്ക് അവസരം ലഭിച്ചതുപോലെ ഇനി മറ്റുള്ളവര്‍ക്കുകൂടി അവസരം ലഭിക്കണമെന്നും കത്തില്‍ പറയുന്നു. എഐസിസി വൈസ് പ്രസിഡന്റ് ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കളെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഹൈക്കമാന്‍ഡിന്റെ പരിഗണനയ്ക്കുവേണ്ടി തയ്യാറാക്കുന്ന കെപിസിസിയുടെ അന്തിമ സ്ഥാനാര്‍ഥിപ്പട്ടികയില്‍ നിന്നു തന്റെ പേര് ഒഴിവാക്കണമെന്നും പ്രതാപന്‍ ആവശ്യപ്പെട്ടു.
സ്ഥാനാര്‍ഥിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ചുള്ള ടി എന്‍ പ്രതാപന്റെ കത്ത് ലഭിച്ചുവെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ അറിയിച്ചു. ഇക്കാര്യം കെപിസിസി തിരഞ്ഞെടുപ്പ് സമിതിയെ അറിയിച്ചു.
ഉചിതവും ധീരവും മഹത്തരവുമാണു പ്രതാപന്റെ തീരുമാനമെന്നു സുധീരന്‍ പറഞ്ഞു. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കുന്നതിന്റെ ഭാഗമായാണു പ്രതാപന്റെ ഈ തീരുമാനം. വലിയ മതിപ്പുള്ള തീരുമാനമാണിത്. ദീര്‍ഘകാലം പാര്‍ലമെന്ററി പദവികളില്‍ ഇരുന്നിട്ടും വീണ്ടും മല്‍സരിക്കാന്‍ വ്യഗ്രത കാണിക്കുന്ന പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന് മാതൃകയാക്കാവുന്നതാണു പ്രതാപന്റെ ഈ തീരുമാനമെന്നും സുധീരന്‍ പറഞ്ഞു. എന്നാല്‍, ഇതേ സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടിയും കെ സി ജോസഫും മല്‍സരിക്കുന്നതു സംബന്ധിച്ചുള്ള ചോദ്യങ്ങളോടു പ്രതികരിക്കാന്‍ സുധീരന്‍ തയ്യാറായില്ല.
Next Story

RELATED STORIES

Share it