Editorial

സ്ഥാനാര്‍ഥിനിര്‍ണയവും രാഷ്ട്രീയ പ്രബുദ്ധതയും

തിരഞ്ഞെടുപ്പിന് ഒരുമാസത്തിലേറെ സമയമുണ്ടെങ്കിലും സ്ഥാനാര്‍ഥിനിര്‍ണയം സംബന്ധിച്ചുള്ള കടിപിടികള്‍ അതിശക്തമായി എന്നുള്ളതാണ് ഇത്തവണ കേരള രാഷ്ട്രീയത്തിലെ ഒരു സവിശേഷത. എല്‍ഡിഎഫും യുഡിഎഫും ബിജെപിയുമെല്ലാം നേരത്തേ തന്നെ സ്ഥാനാര്‍ഥികളെ കണ്ടുവയ്ക്കുകയും അവരുടെ പേരുവിവരങ്ങള്‍ പ്രത്യക്ഷമായും പരോക്ഷമായും പുറത്തുവിടുകയും ചെയ്തു. അതോടെ തുടങ്ങി തമ്മില്‍ത്തല്ല്. സിപിഎമ്മിന് പ്രഖ്യാപിച്ച സ്ഥാനാര്‍ഥികളെ പലതവണ മാറ്റേണ്ടിവന്നു. കോണ്‍ഗ്രസ്സാണെങ്കില്‍ സ്ഥാനാര്‍ഥിനിര്‍ണയത്തിന്റെ പേരില്‍ പിളരുമെന്ന ആശങ്കയുയര്‍ത്തി. കേരളാ കോണ്‍ഗ്രസ്സില്‍ പാര്‍ട്ടി ചെയര്‍മാനും വൈസ് ചെയര്‍മാനും മറ്റും എതിര്‍പാളയത്തിലേക്ക് കൂറുമാറുന്നിടത്തോളമെത്തി കാര്യങ്ങള്‍. സര്‍വത്ര സംഘര്‍ഷഭരിതം, ഉദ്വേഗജനകം!
ഒടുവില്‍ കൂട്ടിക്കിഴിച്ചുനോക്കിയാല്‍ എന്തായിരിക്കും ശിഷ്ടം? മുന്നണിഭേദമെന്യേ സമുന്നത നേതാക്കള്‍ക്ക് സുരക്ഷിത മണ്ഡലങ്ങള്‍ കൈപ്പിടിയിലൊതുങ്ങിക്കിട്ടും എന്നതില്‍ യാതൊരു സംശയവുമില്ല. അവര്‍ക്കെതിരേ ശക്തരായ സ്ഥാനാര്‍ഥികളെ നിര്‍ത്താന്‍ എതിര്‍മുന്നണിക്കാര്‍ ശ്രമിക്കുന്നേയില്ല. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരേ ഒരിക്കല്‍പ്പോലും ഇടതുപക്ഷം ഒരു 'ഹെവി വെയ്റ്റി'നെ മല്‍സരിപ്പിച്ചിട്ടില്ല. ഇത്തവണയും ഒരു എസ്എഫ്‌ഐക്കാരനെ ചാവേറാക്കിയിരിക്കുന്നു. ധര്‍മടത്ത് പിണറായി വിജയനെന്ന സിംഹത്തിന്റെ കൂട്ടില്‍ ഇരയായിത്തീരാനും മലമ്പുഴയില്‍ വി എസ് അച്യുതാനന്ദനെ എതിര്‍ക്കാനും വേങ്ങരയില്‍ കുഞ്ഞാലിക്കുട്ടിക്കെതിരേ പൊരുതാനുമെല്ലാം നിയുക്തരായത് ദുര്‍ബലരായ സ്ഥാനാര്‍ഥികളാണ്. ഒരു പരസ്പര സഹായ സംരംഭമായി രാഷ്ട്രീയപ്രവര്‍ത്തനവും സ്ഥാനാര്‍ഥിനിര്‍ണയവും വികസിച്ചുവരുന്നു എന്നതാണു സത്യം. അതേസമയം, പശ്ചിമബംഗാളില്‍ മമത ബാനര്‍ജിയെ എതിരിടുന്നത് ഏറെ കരുത്തരായ രണ്ടു സ്ഥാനാര്‍ഥികളാണ് എന്നോര്‍ക്കണം. കേരളത്തിലെ രാഷ്ട്രീയനേതാക്കള്‍ക്കു തന്നെയാണ് ബുദ്ധി. വനിതകള്‍ക്കും യുവാക്കള്‍ക്കുമൊക്കെയുള്ള പ്രാതിനിധ്യം, അവരെ ബലിയാടുകളാക്കി അങ്കത്തട്ടില്‍ പ്രമുഖര്‍ക്കെതിരേ ഇട്ടുകൊടുക്കുന്നതില്‍ അവസാനിപ്പിക്കും.
കുടുംബരാഷ്ട്രീയം നമ്മുടെ നാട്ടില്‍ എത്ര ആഴത്തില്‍ വേരൂന്നിയിട്ടുണ്ട് എന്നറിയണമെങ്കിലും സ്ഥാനാര്‍ഥിപ്പട്ടിക പരിശോധിച്ചാല്‍ മതിയാവും. കെ ആര്‍ ഗൗരിയമ്മയുടെ പാര്‍ട്ടിക്ക് സീറ്റ് നിഷേധിച്ചത് അവര്‍ നിര്‍ദേശിച്ച കുടുംബാംഗം സിപിഎമ്മിന് അനഭിമതനായതുകൊണ്ടാണുപോലും. ആര്യാടന്‍ മുഹമ്മദ് മല്‍സരരംഗത്തുനിന്ന് പിന്‍മാറിയത് മകന് സീറ്റ് ഉറപ്പിച്ചതിനു ശേഷമാണ്. എന്നാല്‍, സി എന്‍ ബാലകൃഷ്ണന് ആ ഭാഗ്യമുണ്ടായില്ല, മകള്‍ തഴയപ്പെട്ടു. എം വി രാഘവനെ നിരന്തരം വേട്ടയാടിയിരുന്ന സിപിഎം മകന്‍ നികേഷ്‌കുമാറിനെ സ്ഥാനാര്‍ഥിയാക്കി വിപ്ലവരാഷ്ട്രീയത്തിന് പുതിയ വ്യാഖ്യാനം നല്‍കുന്നു. സിപിഐയുടെയും സിപിഎമ്മിന്റെയും മിക്ക സ്ഥാനാര്‍ഥികളും നേതാക്കന്‍മാരുടെ ബന്ധുബലത്താല്‍ പട്ടികയില്‍ ഇടംപിടിച്ചവരാണ്. കേരളം എത്രമാത്രം പ്രബുദ്ധമാണെന്നു മനസ്സിലാക്കാന്‍ ഇതൊക്കെത്തന്നെ പോരേ?
Next Story

RELATED STORIES

Share it