സ്ഥാനാര്‍ഥിനിര്‍ണയം: കോണ്‍ഗ്രസ്സില്‍ പ്രതിസന്ധി

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിനിര്‍ണയം പ്രതിസന്ധിയില്‍. നേതാക്കള്‍ക്കിടയിലെ തര്‍ക്കം പരിഹരിക്കുന്നതിന് ഹൈക്കമാന്‍ഡ് ഇടപെട്ടുവെങ്കിലും ഫലംകണ്ടില്ല. മന്ത്രിമാരും എംഎല്‍എമാരും അടക്കമുള്ള അഞ്ച് ഗ്രൂപ്പ് നേതാക്കളെ വെട്ടിമാറ്റിയ നിലപാടില്‍ കെപിസിസി അധ്യക്ഷന്‍ വി എം സുധീരനും അത് അംഗീകരിക്കില്ലെന്ന തീരുമാനത്തില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും ഉറച്ചുനില്‍ക്കുകയാണ്. മന്ത്രിമാരായ കെ സി ജോസഫ്, കെ ബാബു, അടൂര്‍ പ്രകാശ്, എംഎല്‍എമാരായ ബെന്നി ബെഹ്‌നാന്‍, എ ടി ജോര്‍ജ് എന്നിവര്‍ക്ക് ഇത്തവണ സീറ്റ് നല്‍കരുതെന്ന നിലപാടില്‍ അണുകിട മാറാന്‍ സുധീരന്‍ ഇന്നലെയും കൂട്ടാക്കിയില്ല. ഇവരില്ലെങ്കില്‍ താനില്ലെന്ന നിലപാടില്‍ സ്വരം കടുപ്പിച്ച് ഉമ്മന്‍ചാണ്ടി രണ്ടുംകല്‍പ്പിച്ച് നിന്നതോടെയാണു സ്ഥാനാര്‍ഥിനിര്‍ണയം അതിസങ്കീര്‍ണമായത്.സ്ഥിതിഗതികള്‍ പിടിവിട്ടുപോവുമെന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഇടപെട്ടു. മൂന്നു നേതാക്കളുമായും രാഹുല്‍ വെവ്വേറെ ചര്‍ച്ചനടത്തിയെങ്കിലും ഫലമുണ്ടായില്ല. തന്റെ വസതിയിലെത്തിയ മൂന്നു നേതാക്കളുമായും പ്രവര്‍ത്തകസമിതി അംഗം എ കെ ആന്റണി നടത്തിയ ചര്‍ച്ചയിലും സമവായമുണ്ടായില്ല. ചൊവ്വാഴ്ച രാത്രി നടന്ന ചര്‍ച്ച തീരുംമുമ്പെ സുധീരനോട് ഏറ്റുമുട്ടി ക്ഷുഭിതനായി ഇറങ്ങിപ്പോയ ഉമ്മന്‍ചാണ്ടി ഇന്നലെ രാവിലെ കേരളത്തിലേക്കു തിരിക്കാന്‍ വിമാനത്താവളത്തിലെത്തിയെങ്കിലും പിന്നീട് കേരള ഹൗസിലേക്ക് തിരിച്ചുപോരുകയായിരുന്നു. സ്‌ക്രീനിങ് കമ്മിറ്റിയോഗം നാളെ പുനരാരംഭിക്കും.
Next Story

RELATED STORIES

Share it