സ്ഥാനാര്‍ഥിത്വം ശ്രീശാന്തിന്റെ മടങ്ങിവരവിന് മുന്നോടിയെന്ന് സൂചന

ടോമി മാത്യു

കൊച്ചി: ഐപിഎല്‍ കോഴവിവാദവുമായി ബന്ധപ്പെട്ട് ബിസിസിഐ വിലക്ക് നേരിടുന്ന ശ്രീശാന്ത് ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്തിയേക്കും. തിരുവനന്തപുരത്ത് ബിജെപി സ്ഥാനാര്‍ഥിയായത് മടങ്ങിവരവിനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണെന്നു സൂചന.
ബിസിസിഐ വിലക്ക് നീക്കാന്‍ ശ്രീശാന്ത് നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. കോടതി കുറ്റവിമുക്തനാക്കിയെങ്കിലും തീരുമാനം പുനപ്പരിശോധിക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു ബിസിസിഐ.
ഇതിനിടയിലാണ് അപ്രതീക്ഷിതമായി ശ്രീശാന്ത് ബിജെപി സ്ഥാനാര്‍ഥിയായത്. മാതാപിതാക്കള്‍ ഇടത് രാഷ്ട്രീയത്തോട് ആഭിമുഖ്യം പുലര്‍ത്തുന്നവരാണെങ്കിലും ശ്രീശാന്തിന്റെ ഭാര്യയുടെ ബന്ധുക്കള്‍ ബിജെപിയെ പിന്തുണയ്ക്കുന്നവരും കേന്ദ്രനേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരുമാണ്. വിലക്ക് നീക്കി ശ്രീശാന്തിനെ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിക്കാന്‍ ബിസിസിഐയില്‍ സമ്മര്‍ദ്ദം ശക്തമാക്കുമെന്ന് ബിജെപി നേതൃത്വം ഉറപ്പുനല്‍കിയതായാണ് വിവരം.
ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ കഴിഞ്ഞ ദിവസം നടത്തിയ പരമാര്‍ശങ്ങള്‍ ശ്രീശാന്ത് വീണ്ടും മടങ്ങിവരുമെന്ന സൂചനയാണ് നല്‍കുന്നത്. വാതുവെയ്പ് കേസില്‍ ശ്രീശാന്തിനെ കോടതി കുറ്റവിമുക്തനാക്കിയ സാഹചര്യത്തില്‍ വിവാദത്തില്‍ കാര്യമില്ലെന്നായിരുന്നു താക്കൂറിന്റെ പരാമര്‍ശം. ശ്രീശാന്തിനായി പ്രചാരണത്തിനെത്തുമെന്നും അനുരാഗ് താക്കൂര്‍ പറഞ്ഞിരുന്നു.
Next Story

RELATED STORIES

Share it