സ്ഥാനാര്‍ഥിത്വം: 'ചതി' ആരോപണം മുന്നണികളെ വേട്ടയാടുന്നു

ടോമി മാത്യു

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ തങ്ങളെ ചതിച്ചെന്ന ചെറു കക്ഷികളുടെ ആരോപണം എല്‍ഡിഎഫിനെയും യുഡിഎഫിനെയും വേട്ടയാടുന്നു. പി സി ജോര്‍ജിനും കെ ആര്‍ ഗൗരിയമ്മ നേതൃത്വം നല്‍കുന്ന ജെഎസ്എസിനും സീറ്റ് നല്‍കാതെ വന്നതോടെയാണ് എല്‍ഡിഎഫിനെതിരേ 'ചതി' ആരോപണം ശക്തമായി ഉയര്‍ന്നത്. കേരളാ കോണ്‍ഗ്രസ്(ജേക്കബ്) ഗ്രൂപ്പ് ചെയര്‍മാന്‍ ജോണി നെല്ലൂരാണ് യുഡിഎഫിനെതിരേ ചതി ആരോപണം ഉയര്‍ത്തുന്നത്.
സിപിഎമ്മില്‍ നിന്നു പുറത്തായ കെ ആര്‍ ഗൗരിയമ്മ ജെഎസ്എസ് എന്ന പാര്‍ട്ടി രൂപീകരിച്ച് യുഡിഎഫിന്റെ ഭാഗമായി നിന്നെങ്കിലും 2006ലെയും 2011 ലെയും നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഉണ്ടായ പരാജയത്തോടെ യുഡിഎഫുമായി കലഹം ആരംഭിച്ചു. തന്നെ കോണ്‍ഗ്രസ് കാലുവാരിയെന്നായിരുന്നു ഗൗരിയമ്മയുടെ പ്രധാന ആരോപണം. കോണ്‍ഗ്രസ്സുമായി മാനസികമായി അകന്നു തുടങ്ങിയതോടെ സിപിഎം ഗൗരിയമ്മയുടെ പിന്നാലെ കൂടി. മുന്‍കാല വിപ്ലവനായികയെ പാര്‍ട്ടിയിലേക്ക് മടക്കിക്കൊണ്ടുവരികയെന്നതായിരുന്നു നേതൃത്വത്തിന്റെ ലക്ഷ്യം. എല്‍ഡിഎഫിനൊപ്പം നില്‍ക്കാന്‍ ജെഎസ്എസ് തീരുമാനിച്ചെങ്കിലും ഘടകകക്ഷിയാക്കാന്‍ എല്‍ഡിഎഫ് തയ്യാറായില്ല. ഇതിനിടയില്‍ ജെഎസ്എസ് പിളരുകയും ചെയ്തു. ഇതോടെ ഉള്ള ശക്തികൂടി ഇല്ലാതായി. നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റുതേടി വര്‍ഷങ്ങള്‍ക്കു ശേഷം ഗൗരിയമ്മ എകെജി സെന്ററിന്റെ പടികയറിയെങ്കിലും വീതംവയ്പു കഴിഞ്ഞപ്പോള്‍ വെറുംകൈയോടെ മടങ്ങേണ്ടിവന്നു. സിപിഎം വഞ്ചിച്ചുവെന്നായിരുന്നു സീറ്റു ലഭിക്കാതെ വന്നപ്പോള്‍ ഗൗരിയമ്മയുടെ മറുപടി.
മാണി ഗ്രൂപ്പില്‍ നിന്നു കലഹിച്ചു പുറത്തുവന്ന പി സി ജോര്‍ജിന്റെയും ഇപ്പോഴത്തെ അവസ്ഥ ഇതു തന്നെയാണ്. കലഹം ആരംഭിച്ചപ്പോള്‍ തന്നെ പി സി ജോര്‍ജിന് എല്‍ഡിഎഫും സിപിഎമ്മും പരമാവധി പ്രോല്‍സാഹനം നല്‍കി. എന്നാല്‍, സീറ്റ് വീതം വച്ചപ്പോള്‍ ഫ്രാന്‍സിസ് ജോര്‍ജിന്റെ ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സിന് പൂഞ്ഞാര്‍ സീറ്റ് നല്‍കിയ എല്‍ഡിഎഫ് പി സി ജോര്‍ജിനെ തഴഞ്ഞു. സിപിഎമ്മിലെ ഒരു വിഭാഗം തന്നെ ചതിച്ചുവെന്നും തന്നോട് നെറികേട് കാട്ടിയെന്നുമായിരുന്നു പി സി ജോര്‍ജിന്റെ മറുപടി.
കേരളാ കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോണി നെല്ലൂര്‍ കഴിഞ്ഞ തവണ മല്‍സരിച്ച അങ്കമാലി ഏറ്റെടുത്ത കോണ്‍ഗ്രസ് പകരം മറ്റൊരു സീറ്റും നല്‍കാതെ വന്നതോടെ യുഡിഎഫിനെതിരേ ചതി ആരോപണവുമായി ജോണി നെല്ലൂര്‍ രംഗത്തു വന്നു. കൂടെകൊണ്ടുനടന്ന് കോണ്‍ഗ്രസ് ചതിക്കുകയായിരുന്നുവെന്നാണ് ജോണി നെല്ലൂര്‍ പറയുന്നത്.
Next Story

RELATED STORIES

Share it