സ്ഥാനാര്‍ഥികള്‍ക്ക് ആവേശം പകരാന്‍ ഇശലുകളുമായി അസീസ് പുലിക്കുന്നും സംഘവും

ശാഫി തെരുവത്ത്

കാസര്‍കോട്: തിരഞ്ഞെടുപ്പുകാലമായാല്‍ അസീസിന് തിരക്കേറും. മൂന്നരപ്പതിറ്റാണ്ടായി തിരഞ്ഞെടുപ്പുകാലത്ത് തേനൂറുന്ന ഇശലുമായി ഇരു മുന്നണികള്‍ക്കും സ്വതന്ത്രര്‍ക്കും പാട്ടുകള്‍ ഒരുക്കുന്ന തിരക്കിലാണ് അസീസ് പുലിക്കുന്ന്.
കാസര്‍കോട് എംജി റോഡിലെ ആലിയ കോംപൗണ്ടിലുള്ള മ്യൂസിക് എംപോറിയത്തില്‍വച്ചാണ് ഇശലുകള്‍ ഒരുക്കുന്നത്. മുന്‍മന്ത്രിയും ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ സി ടി അഹ്മദലി 1982ല്‍ ആദ്യമായി നിയമസഭയിലേക്കു മല്‍സരിച്ചപ്പോള്‍ കാസറ്റ് ഇറക്കിയാണ് അസീസ് ഈ രംഗത്തു ചുവടുറപ്പിക്കുന്നത്. സി ടി അഹ്മദലിയുടെ എതിര്‍സ്ഥാനാര്‍ഥി ബിജെപിയിലെ നാരായണഭട്ടായിരുന്നു.
'വട്ടാണ് വട്ടിന്നാരും വോട്ടുകൊടുക്കല്ലേ' എന്ന പാട്ടാണ് അന്ന് ഇറക്കിയത്. ഇത് ഏറെ ഹിറ്റായി. കുട്ടിയാമുവായിരുന്നു ഈ ഗാനം ആലപ്പിച്ചത്. ഇതോടെ അസീസിന്റെ ഗാനമേള ട്രൂപ്പിന് തിരക്കേറി. പാര്‍ലമെന്റ്, നിയമസഭ, ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പുകള്‍ എത്തുന്നതോടെ അസീസിനെ തേടി സ്ഥാനാര്‍ഥികളും പാര്‍ട്ടിപ്രവര്‍ത്തകരും എത്തും. പഴയകാലത്ത് ഇന്‍സ്ട്രുമെന്റ് ഉപയോഗിച്ചായിരുന്നു പാട്ടുകള്‍ ഒരുക്കിയിരുന്നത്.
എന്നാല്‍ കാലം പുരോഗമിച്ചതോടെ ട്രാക്കിലൂടെയാണു പാടുന്നത്. അസീസിനൊപ്പം സുഹ്‌റ കണ്ണൂര്‍, ശമീമ തൃക്കരിപ്പൂര്‍, സുഹൈബ് കണ്ണൂര്‍ എന്നിവരും പാടുന്നുണ്ട്. ഇത്തവണ ഇരുമുന്നണികള്‍ക്കും സ്വതന്ത്രര്‍ക്കുമടക്കം 25ഓളം സ്ഥാനാര്‍ഥികള്‍ക്കായി നൂറോളം ഗാനങ്ങള്‍ ഒരുക്കിയതായി അസീസ് തേജസിനോട് പറഞ്ഞു.
Next Story

RELATED STORIES

Share it