സ്ഥാനാര്‍ഥികളെ നോക്കിയല്ല പ്രചാരണത്തിന് പോവുന്നത്: സുധീരന്‍

പത്തനംതിട്ട: സ്ഥാനാര്‍ഥികള്‍ തങ്ങള്‍ക്കു യോജിപ്പുള്ളവരാണോ എന്നു നോക്കിയിട്ടല്ല നേതാക്കള്‍ പ്രചാരണത്തിനു പോവുന്നതെന്നു കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. പത്തനംതിട്ട പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. സിപിഎം നേതാക്കള്‍ അടക്കം അവര്‍ക്കു താല്‍പ്പര്യമുള്ള സ്ഥാനാര്‍ഥികളുടെ യോഗങ്ങളില്‍ മാത്രമല്ല പങ്കെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോന്നിയിലും തൃപ്പൂണിത്തുറയിലും പ്രചാരണത്തിനു പോവുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്ഥാനാര്‍ഥി നിര്‍ണയഘട്ടത്തില്‍ പലവിധത്തിലുള്ള അഭിപ്രായങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍ അന്തിമ തീരുമാനമായാല്‍ അത് അംഗീകരിക്കും. 140 മണ്ഡലങ്ങളിലെയും മുന്നണി സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി താന്‍ പ്രവര്‍ത്തിക്കും. ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ച പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കു ചിഹ്നം കൊടുക്കുന്നത് കെപിസിസി പ്രസിഡന്റാണ്. ഭൂമിദാനം ഉള്‍പ്പെടെ സര്‍ക്കാരിനെതിരേ ഉയര്‍ന്നിട്ടുള്ള അഴിമതി ആരോപണങ്ങള്‍ യുഡിഎഫിനെ ബാധിക്കില്ല. ബാര്‍ കോഴ ആരോപണം ഒരു മദ്യരാജാവിന്റെ നഷ്ടബോധത്തില്‍ നിന്ന് ഉയര്‍ന്നുവന്നിട്ടുള്ളതാണ്. ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ ഒത്താശയും ചെയ്യുന്ന സിപിഎമ്മിന്റെ സമീപനമാണ് ജയരാജന്റെ പ്രസംഗത്തിലൂടെ വ്യക്തമാവുന്നതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it