Ernakulam

സ്ഥാനാര്‍ഥികളുടെ അന്തിമ ചിത്രം തെളിഞ്ഞു; ഇനി പ്രചാരണ ചൂട്

കൊച്ചി: തദ്ദേശ സ്ഥാപനങ്ങളിലേക്ക് മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളുടെ അന്തിമ ചിത്രം തെളിഞ്ഞതോടെ പ്രചാരണരംഗം ചൂടുപിടിച്ചു. സ്ഥാനാര്‍ഥികളും പാര്‍ട്ടി പ്രവര്‍ത്തകരും എല്ലാ കരുത്തും ആവാഹിച്ച് പോരാട്ടത്തിന്റെ ചൂടിലേക്ക് കടന്നുകഴിഞ്ഞു. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ശനിയാഴ്ച തീര്‍ന്നതോടെ  സ്ഥാനാര്‍ഥികള്‍ തങ്ങളുടെ എതിരാളികളെ കൃത്യമായി അറിഞ്ഞു കഴിഞ്ഞു.

അങ്കത്തട്ടിലെ അണിനിരന്നിരിക്കുന്നവരുടെ ചിത്രം വ്യക്തമായതോടെ അതിനനുസരിച്ച് തന്ത്രങ്ങള്‍ മെനയാനുള്ള തയ്യാറെടുപ്പിലാണ് രാഷ്ടീയ പാര്‍ട്ടികള്‍. എല്‍ഡിഎഫ്, യുഡിഎഫ്്, ബിജെപി എന്നിവയക്കൊപ്പം എസ്ഡിപിഐ, ആംആദ്്മി, വെല്‍ഫെയര്‍പാര്‍ട്ടി എന്നിവരും സജീവമാണ്. പലയിടത്തും എസ്ഡിപിഐ നിര്‍ണായക ശക്തിയാണെന്നാണ് ഇരുമുന്നണികളുടെയും വിലയിരുത്തല്‍. മുന്നണിസ്ഥാനാര്‍ഥികള്‍ക്ക് തലവേദന സൃഷ്ടിച്ചുകൊണ്ട് ജില്ലയില്‍ പലിടത്തും റിബലുകളും സജീവമാണ്. യു.ഡി.എഫിനാണ് റിബലുകളുടെ തലവേദന ഏറ്റവും അധികം. എല്‍ഡിഎഫിനും ബിജെപിക്കും റിബല്‍ ഭീഷണിയുണ്ടെങ്കിലും യുഡിഎഫിന്റെ അത്ര തലവേദന ഇവര്‍ക്കില്ല.

കൊച്ചി കോര്‍പറേഷനിലാണ് യുഡിഎഫിന് ഏറ്റവും അധികം റിബല്‍ ഉളളത്്. 74 ഡിവഷനുകളില്‍ 20 ഓളം വാര്‍ഡുകളില്‍ യുഡിഎഫിന് വെല്ലുവിളിയുയര്‍ത്തി റിബലുകള്‍ രംഗത്തുണ്ട്. മുന്നണിസ്ഥാനാര്‍ഥികള്‍ക്ക് റിബലുകളായി മല്‍സരിക്കുന്നവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാവില്ലെന്നും പഴയതുപോലെ ഇനി ഇത്തരക്കാര്‍ക്ക്് മാപ്പു നല്‍കില്ലെന്നും നേരത്തെ രമേശ് ചെന്നിത്തല വ്യക്തമാക്കിയിരുന്നുവെങ്കിലും മല്‍സരരംഗത്തു നിന്നും പിന്മാറാന്‍ കൂട്ടാക്കാതെ ഇവര്‍ ഉറച്ചു നില്‍ക്കുകയാണ്. പല വാര്‍ഡുകളിലും  സ്ഥാനാര്‍ഥികള്‍ പര്യടനം ആരംഭിച്ചുകഴിഞ്ഞു. വീടുകള്‍ തോറും കയറി ഇറങ്ങിയുള്ള വോട്ടു പിടത്തത്തിനാണ് സ്ഥാനാര്‍ഥികള്‍ പ്രാമുഖ്യം നല്‍കുന്നത്.

പ്രവര്‍ത്തകര്‍ക്കൊപ്പവും തനിച്ചും സ്ഥാനാര്‍ഥികള്‍ രാപകല്‍ പ്രചരണത്തിലാണ്. പ്രധാന മുന്നണി സ്ഥാനാര്‍ഥികള്‍ക്കൊപ്പം സ്വതന്ത്രരായി മല്‍സരിക്കുന്ന സ്ഥാനാര്‍ഥികളുടെ ചിഹ്നത്തോടു കൂടിയുള്ള ബോര്‍ഡുകളും ചുമരെ—ഴുത്തുകളും ഇന്നലെ മുതല്‍ തന്നെ പല വാര്‍ഡുകളും എത്തികഴിഞ്ഞു. ഇടതുമുന്നണിയുടെ ഡിവിഷന്‍തല തിരഞ്ഞെടുപ്പു കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയായി. യുഡിഎഫിന്റെയും കണ്‍വന്‍ഷനുകള്‍ക്കും യോഗങ്ങള്‍ക്കും തുടക്കമായി. അടുത്ത ദിവസങ്ങളില്‍ തന്നെ ഇരുമുന്നണികളുടെയും മുതിര്‍ന്ന നേതാക്കള്‍ പ്രചരണ യോഗങ്ങളില്‍ പങ്കെടുക്കുന്നതിനായി ജില്ലയില്‍ എത്തുന്നുണ്ട്. യു.ഡി.എഫിനായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുളള നേതാക്കളും എല്‍ഡിഎഫിനായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍, പിണറായി വിജയന്‍ എന്നിവരും പ്രചരണത്തിനായി ജില്ലയില്‍ എത്തും.
Next Story

RELATED STORIES

Share it