സ്ഥാനാര്‍ഥികളായി ഭാര്യ, മക്കള്‍; ഇത് കുടുംബ രാഷ്ട്രീയത്തിന്റെ അസം മോഡല്‍

ന്യൂഡല്‍ഹി: അസമില്‍ കോണ്‍ഗ്രസ് 65 പേരുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടപ്പോള്‍ തെളിയുന്നത് കുടുംബ രാഷ്ട്രീയം. മക്കള്‍, മരുമക്കള്‍, ഭാര്യമാര്‍ തുടങ്ങിയവരെയാണ് നേതാക്കള്‍ തങ്ങളുടെ മണ്ഡലത്തിലേക്കോ മറ്റേതെങ്കിലും മണ്ഡലത്തിലേക്കായോ മത്സരിപ്പിക്കുന്നത്.
അടുത്തടുത്ത മണ്ഡലങ്ങളായ കാട്ടിലിച്ചേര, അല്‍ഗാപൂര്‍ എന്നിവിടങ്ങളില്‍ മല്‍സരിക്കുന്നത് ഗൗതം റോയിയും മകന്‍ രാഹുലുമാണ്. കഴിഞ്ഞ 15 വര്‍ഷമായി മന്ത്രിയാണ് ഗൗതം റോയ്. രാഹുല്‍ 2006ല്‍ അല്‍ഗാപൂരില്‍ നിന്ന് മല്‍സരിച്ച് എംഎല്‍എയായി. 2011ല്‍ മാതാവ് മന്ദിര റോയി—ക്കായി മല്‍സരിക്കാന്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു. ഇത്തവണ വീണ്ടും മല്‍സരിക്കാനായി തിരിച്ചെത്തി.
സില്‍ചാറില്‍ ലോക്‌സഭാംഗം സുഷ്മിത ദേബിന്റെ മാതാവ് ബിതികയാണ് മല്‍സരിക്കുന്നത്. 2006ല്‍ ഇതേ മണ്ഡലത്തില്‍ നിന്ന് മല്‍സരിച്ച ബിതിക 2011ല്‍ സുഷ്മിതയ്ക്കായി ഒഴിഞ്ഞു കൊടുത്തു. സുഷ്മിത എംപിയായപ്പോള്‍ ഇത്തവണ നറുക്ക് വീണ്ടും മാതാവിനാണ്. തൊട്ടടുത്തുള്ള ലാഖിപൂരില്‍ സിറ്റിങ് എംഎല്‍എ ദിനേഷ് പ്രസാദിന്റെ മകന്‍ രാജ്ദീപ് ആണ് സ്ഥാനാര്‍ഥി. മലയോര ജില്ലകളായ കര്‍ബി അന്‍ഗലോങ്, ദിമാ ഹൊസാവോ എന്നിവിടങ്ങളിലും ഇതു തന്നെയാണ് സ്ഥിതി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗോബിന്ദ ചന്ദ്രയുടെ മകന്‍ നിര്‍മല്‍ ചന്ദ്രയാണ് ഹാഫ്‌ലോങില്‍ മല്‍സരിക്കുന്നത്.
ബോക്കാജാനില്‍ സിറ്റിങ് എംഎല്‍എ കഌ്‌ടോണ്‍ എന്‍ഗിറ്റിയുടെ മകന്‍ ബിരന്‍സിങ് എന്‍ഗിറ്റിയാണ് സ്ഥാനാര്‍ഥി. അസം പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് അന്‍ജന്‍ ദത്തയും മാറി നിന്നില്ല. അംഗൂരിയില്‍ ഇത്തവണ മല്‍സരിക്കുന്നത് മകള്‍ അങ്കിത ദത്തയാണ്. പകരം ഇത്തവണ അന്‍ജന്‍ ദത്ത തൊട്ടടുത്തുള്ള ശിവസാഗറിലേക്ക് മാറി. 77 കാരനായ ദിഗ്‌ബോയ് എംഎല്‍എ രമേശ്വര്‍ ധാനോവാര്‍ 1978 മുതല്‍ താന്‍ മല്‍സരിച്ചു ജയിച്ച സീറ്റ് മകന്‍ ഗൗതമിന് നല്‍കിയാണ് പിന്തുടര്‍ച്ച ഉറപ്പാക്കിയത്.
ജോനായിയിലെ കോണ്‍ഗ്രസ് എംഎല്‍എയായിരുന്ന പ്രദാന്‍ ബറുവ ബിജെപിയില്‍ ചേര്‍ന്നപ്പോള്‍ അവിടേക്ക് കോണ്‍ഗ്രസ് കൊണ്ടുവന്നത് തങ്ങളുടെ പഴയ എംഎല്‍എ ഗോമേശ്വര്‍ പെഗുവിന്റെ മകന്‍ സുശീല്‍ പെഗുവിനെ.
2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തോറ്റ മുന്‍ കേന്ദ്രമന്ത്രി പ്രഭാന്‍ സിങ് ഗതോവാര്‍ മൊറാനില്‍ തന്റെ ഭാര്യ ജിബന്ദ്രയെയാണ് മല്‍സരിപ്പിക്കുന്നത്. ടെലോകില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് എംഎല്‍എ ഗോഗോയ് തന്റെ സീറ്റ് പല്ലബി—ക്കു നല്‍കി. സാരുപതാറില്‍ സിറ്റിങ് എംഎല്‍എ അകിലിയസ് തിര്‍കെ—ക്ക് പകരം മല്‍സരിക്കുന്നത് മകള്‍ റോസെലിന്‍ ആണ്.
ഗോഹ്പൂരില്‍ മോണിക്കാ ബോറ മല്‍സരിക്കുമ്പോള്‍ ഭര്‍ത്താവ് റിബന്‍ ബോറ രാജ്യസഭയിലേക്ക് സീറ്റ് കാത്ത് കഴിയുകയാണ്. ഭരത് ചന്ദ്ര നാര ദാക്കുവാഖാനയില്‍ മല്‍സരിക്കുമ്പോള്‍ ഭാര്യ റാണീ നാരയ്ക്ക് രാജ്യസഭാ സീറ്റ് ഉറപ്പാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it