wayanad local

സ്ഥാനങ്ങളുടെ വീതംവയ്പ് പ്രധാന അജണ്ട

കല്‍പ്പറ്റ: ജില്ലാ യുഡിഎഫ് യോഗം ഇന്ന് ഉച്ചകഴിഞ്ഞ് കല്‍പ്പറ്റ ലീഗ് ഹൗസില്‍ ചേരും.
സ്ഥാനങ്ങളുടെ വീതം വയ്പാണ് യോഗത്തിലെ പ്രധാന അജണ്ട. ജില്ലാ പഞ്ചായത്തിലുള്‍പ്പെടെ പ്രസിഡന്റ് വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്‌തേക്കും. ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്തുകള്‍, നഗരസഭകള്‍ എന്നിവിടങ്ങളിലെ പ്രസിഡന്റ് വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ കോണ്‍ഗ്രസ് ലീഗിനും വീതം വയ്ക്കുന്നതു സംബന്ധിച്ച ചര്‍ച്ചയാണ് പ്രധാനമായും യോഗത്തിലുണ്ടാവുകയെന്നറിയുന്നു. കല്‍പ്പറ്റ നഗരസഭയിലെ വൈസ് ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലി യുഡിഎഫിലെ തര്‍ക്കവും ചര്‍ച്ച ചെയ്യും. സ്ഥാനത്തിനു വേണ്ടി ജനതാദള്‍ (യു) ശാഠ്യം പിടിക്കുന്നതാണ് തര്‍ക്കത്തിനു നിദാനം. കല്‍പ്പറ്റ നഗരസഭാ അധ്യക്ഷ സ്ഥാനവും ജില്ലാ പഞ്ചായത്ത്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനങ്ങളും ഇക്കുറി വനിതാ സംവരണമാണ്.
ഈ മൂന്നു തദ്ദേശസ്ഥാപനങ്ങളിലും യുഡിഎഫിനാണ് ഭൂരിപക്ഷം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം അടുത്ത അഞ്ചു വര്‍ഷവും കോണ്‍ഗ്രസ്സിനാണ് ലഭിക്കുക. ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളില്‍ മുസ്‌ലിം ലീഗ് ടിക്കറ്റില്‍ വനിതകള്‍ വിജയിച്ചിട്ടില്ല. എന്നാല്‍ തുല്യ വിജയം നേടിയ തദ്ദേശ സ്ഥാപനങ്ങളിലെ സ്ഥാനം പങ്കുവെക്കുന്നത് സംബന്ധിച്ചാണ് പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. ജില്ലാ പഞ്ചായത്തിലും കല്‍പ്പറ്റ നഗരസഭയിലും ആദ്യ രണ്ടര വര്‍ഷം ആര്‍ക്കെന്ന കാര്യത്തില്‍ കോണ്‍ഗ്രസ്സും മുസ്‌ലിം ലീഗും ധാരണയിലെത്തിയിട്ടില്ല.
ബ്ലോക്ക് പഞ്ചായത്തിനൊപ്പം നഗരസഭയിലും കോണ്‍ഗ്രസ്സിനു ഭരണത്തിന്റെ ആദ്യ പകുതി ലഭിച്ചാല്‍ മുസ്‌ലിം ലീഗ് പ്രതിനിധിയായിരിക്കും ആദ്യ രണ്ടര വര്‍ഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയില്‍. ഇത് സംബന്ധിച്ച് ഇരുവിഭാഗവും ഏകദേശധാരണയിലെത്തിയതായാണ് സൂചന. ഒരു മുന്നണിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത സുല്‍ത്താന്‍ ബത്തേരി നഗരസഭയുടെ കാര്യത്തിലും ചര്‍ച്ചകള്‍ നടക്കും. ബിജെപിയുമായി കൂട്ടുകെട്ടിനില്ലെന്നു യുഡിഎഫ് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ചില തീരുമാനങ്ങളുമുണ്ടായേക്കാമെന്നാണ് ബിജെപി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍, ബിജെപി ബാന്ധവത്തിനെതിരേ ലീഗ് കടുത്ത നിലപാടെടുത്തേക്കുമെന്നും അറിയുന്നു.
Next Story

RELATED STORIES

Share it