സ്ഥലമേറ്റെടുപ്പ് പരിഗണന; കരിപ്പൂരില്‍ വലിയ വിമാനങ്ങളുടെ സര്‍വീസുകള്‍ വീണ്ടും വൈകും

കരിപ്പൂര്‍: കരിപ്പൂരില്‍ വലിയ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നത് വീണ്ടും വൈകും. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് വലിയ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ കരിപ്പൂരിലെത്തുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചിരുന്നു. വിമാനത്താവളത്തില്‍ നടക്കുന്ന നിര്‍മാണ പ്രവൃത്തികള്‍, നിലവിലെ സൗകര്യങ്ങള്‍, വലിയ വിമാനങ്ങള്‍ക്കുള്ള തടസ്സങ്ങള്‍, സ്ഥലമേറ്റെടുപ്പ് തുടങ്ങിയ കാര്യങ്ങള്‍ വിലയിരുത്താനാണ് അതോറിറ്റി ചെയര്‍മാന്‍ ഗുരുപ്രസാദ് മൊഹാപത്ര കരിപ്പൂരിലെത്തുന്നത്.
കരിപ്പൂരില്‍ ചെയര്‍മാന്റെ പരിശോധന കഴിഞ്ഞ് വീണ്ടും തുടര്‍നടപടികള്‍ക്ക് മാസങ്ങളെടുക്കുന്നതോടെ വലിയ വിമാനങ്ങളുടെ സര്‍വീസ് അനിശ്ചിതമായി നീളും. ഇതിനകം കണ്ണൂരില്‍ വിമാന സര്‍വീസ് ആരംഭിക്കുകയും ചെയ്യും. കരിപ്പൂര്‍ വിമാനത്താവള വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ 485.3 ഏക്കര്‍ ഭൂമി ഏറ്റെടുക്കുമെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശം എയര്‍പോര്‍ട്ട് അതോറിറ്റി നേരത്തേ മാറ്റിവച്ച പദ്ധതികള്‍ക്കാണെന്ന ആക്ഷേപവും പ്രദേശവാസികള്‍ക്കുണ്ട്.
കഴിഞ്ഞ ജനുവരിയിലും ഏപ്രിലിലും അതോറിറ്റിയിലെ ഉന്നതതല സംഘം കരിപ്പൂരിലെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എയര്‍പോര്‍ട്ട് അതോറിറ്റിയോട് നിലവിലെ സാഹചര്യത്തില്‍ സര്‍വീസ് നടത്താന്‍ തയ്യാറുള്ള വിമാന കമ്പനികളെ ഉള്‍പ്പെടുത്തി ഡിജിസിഎക്ക് റിപോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. പിന്നീട് സൗദി എയര്‍ലൈന്‍സ് വിമാന കമ്പനിയുടേതു മാത്രമായി വീണ്ടും റിപോര്‍ട്ട് തേടി. ഈ റിപോര്‍ട്ട് ഡല്‍ഹിയിലെ അതോറിറ്റിയുടെ കേന്ദ്ര കാര്യാലയം ഡിജിസിഎക്ക് ഇതുവരെ നല്‍കിയിട്ടില്ല.
Next Story

RELATED STORIES

Share it