kasaragod local

സ്ഥലം നിഷേധിച്ചത് സിപിഎം ജില്ലാ കമ്മിറ്റി തീരുമാനപ്രകാരം

കാസര്‍കോട്: ജില്ലയില്‍ സോളാര്‍ പാര്‍ക്കിനായി യുഡിഎഫ് സര്‍ക്കാര്‍ അനുവദിച്ച 1000 ഏക്കര്‍ ഭൂമി 250 ഏക്കറായി ചുരുക്കിയത് സിപിഎം ജില്ലാ കമ്മിറ്റിയുടെ തീരുമാനപ്രകാരമാണെന്ന് ജില്ലാ സെക്രട്ടറി കെ പി സതീഷ് ചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സിപിഎം ജില്ലാ സമ്മേളത്തെ കുറിച്ച് വിശദീകരിക്കാന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സോളാര്‍ പാര്‍ക്കിനായി 1000 ഏക്കര്‍ ഭൂമി വിട്ടുകൊടുത്താല്‍ അത് ജില്ലയിലെ ഭാവി വികസനത്തിന് ഭൂമി ലഭിക്കാത്ത അവസ്ഥയുണ്ടാകും.
അത് കൊണ്ടാണ് സോളാര്‍ പാര്‍ക്കിന് 250 ഏക്കര്‍ ഭൂമി വിട്ടുകൊടുത്താല്‍ മതിയെന്ന് പാര്‍ട്ടി തീരുമാനിച്ചത്. വികസനത്തിന് വൈദ്യുതി അനിവാര്യമല്ലേ എന്ന് ചോദിച്ചപ്പോള്‍ അത് വേറേ കാര്യമാണെന്നായിരുന്നു മറുപടി. കാസര്‍കോട് ജില്ലയിലെ മടിക്കൈ, അമ്പലത്തുകര വില്ലേജുകളിലെ വെള്ളൂടയിലാണ് നിലവില്‍ 50 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിച്ച് തുടങ്ങിയത്.
കിനാനൂര്‍-കരിന്തളം, മീഞ്ച, പൈവളിഗെ പഞ്ചായത്തുകളില്‍ അനുവദിച്ച ഭൂമിയാണ് സര്‍ക്കാര്‍ റദ്ദ് ചെയ്തത്. ഇതോടെ ജില്ലയില്‍ 250 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പദ്ധതി 50 മെഗാവാട്ടില്‍ ഒതുങ്ങി. സിപിഎം ജില്ലാ കമ്മിറ്റിയും എല്‍ഡിഎഫും ജില്ലയിലെ റവന്യുഭൂമി ജില്ലയിലെ വികസന പ്രവര്‍ത്തനത്തിന് വേണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കിയതിനേ തുടര്‍ന്നാണ് സോളാര്‍ പാര്‍ക്കിന് അനുവദിച്ച സ്ഥലം വിട്ടുകൊടുക്കേണ്ടതെന്ന നിലപാടില്‍ സര്‍ക്കാര്‍ എത്തിയത്.
സോളാര്‍ വൈദ്യുതി ഉല്‍പാദനത്തിന് ഇത്രയധികം ഭൂമി വേണമോയെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫണ്ട് അനുവദിക്കാതെയാണ് യുഡിഎഫ് സര്‍ക്കാര്‍ ബദിയടുക്ക ഉക്കിനടുക്കയില്‍ കാസര്‍കോട് മെഡിക്കല്‍ കോളജ് അനുവദിച്ചത്. ജില്ലയിലെ രോഗികള്‍ക്ക് വിദഗ്ധ ചികില്‍സ ലഭിക്കാന്‍ മെഡിക്കല്‍ കോളജ് വേണമെന്ന അഭിപ്രായമാണ് പാര്‍ട്ടിക്കുള്ളത്. എന്നാല്‍ ദേശീയ പാതയില്‍ നിന്ന് ഏറേ അകലെയുള്ള ഉക്കിനടുക്കയില്‍ മെഡിക്കല്‍ കോളജ് അനുവദിക്കണമോ എന്ന ചോദ്യത്തിന് യുഡിഎഫ് സര്‍ക്കാര്‍ യാതൊരുവിധ മുന്‍ധാരണയോ ചര്‍ച്ചയോ ഇല്ലാതെയാണ് ഇവിടെ ഭൂമി അനുവദിച്ചത്.
കേന്ദ്ര സര്‍വകലാശാലയ്ക്ക് നല്‍കിയ പെരിയയില്‍ കേന്ദ്ര മെഡിക്കല്‍ കോളജ് സ്ഥാപിക്കാന്‍ സൗകര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിപിഎമ്മില്‍ ചില കൊഴിഞ്ഞുപോക്കുകള്‍ ഉണ്ടായിരുന്നുവെങ്കിലും 120 ലോക്കല്‍ കമ്മിറ്റികള്‍ 125 ആയി വര്‍ധിച്ചിട്ടുണ്ട്. മതഭാഷാ ന്യൂനപക്ഷങ്ങള്‍ മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി സിപിഎമ്മില്‍ ചേര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മഞ്ചേശ്വരം മണ്ഡലത്തില്‍ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് കാര്യമായ വോട്ട് ചോര്‍ച്ച ഉണ്ടായിട്ടില്ല. ഉദുമയില്‍ എല്ലാ കുപ്രചാരണങ്ങളേയും അതിജീവിച്ച് എല്‍ഡിഎഫ് വിജയിച്ചത് യുഡിഎഫിന്റെ പരമ്പരാഗത വോട്ടര്‍മാര്‍ പിന്തുണച്ചതിനാലാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ 1663 ബ്രാഞ്ചുകളിലും 125 ലോക്കലുകളിലും 12 ഏരിയകളിലും സമ്മേളനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി.
എന്നാല്‍ ചിലയിടങ്ങളില്‍ മാത്രമാണ് പേരിന് മല്‍സരമുണ്ടായത്. ഭൂരിഭാഗ സ്ഥലങ്ങളിലും ഐക്യകണ്‌ഠേനയാണ് കമ്മിറ്റി അംഗങ്ങളേയും സെക്രട്ടറിയേയും തിരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ പി രാഘവന്‍, ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ ടി വി ഗോവിന്ദന്‍, സി എച്ച് കുഞ്ഞമ്പു, കാസര്‍കോട് ഏരിയ സെക്രട്ടറി മുഹമ്മദ് ഹനീഫ സംബന്ധിച്ചു.
Next Story

RELATED STORIES

Share it