Idukki local

സ്ഥലം ഏറ്റെടുക്കുന്നതിന് റവന്യൂ വകുപ്പിന്റെ അനുമതി

റാന്നി: കൊറ്റനാട്- അങ്ങാടി കുടിവെള്ള വിതരണ പദ്ധതിക്ക് സ്ഥലം ഏറ്റെടുക്കുന്നതിന് റവന്യുവകുപ്പിന്റെ അനുമതി ലഭിച്ചതായി രാജുഏബ്രഹാം എംഎല്‍എ അറിയിച്ചു.
റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനുമായി എംഎല്‍എയും കൊറ്റനാട് പഞ്ചായത്ത് പ്രസിഡന്റ് എം എസ് സുജാതയും നടത്തിയ ചര്‍ച്ചയിലാണ് അനുമതി ലഭിച്ചത്. ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്കുമായി എംഎല്‍എ നടത്തിയ ചര്‍ച്ചയേ തുടര്‍ന്ന് പദ്ധതിക്കായി 25 കോടി രൂപ അനുവദിച്ച് ഉത്തരവിറക്കിയിട്ടുണ്ട്. സ്ഥലം ഏറ്റെടുക്കുന്നതിന് അനുമതി ലഭിച്ചതോടെ പദ്ധതി യാഥാര്‍ത്ഥ്യമാവുമെന്ന് ഉറപ്പായി.
ജലക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന കൊറ്റനാട് പഞ്ചായത്തിലും അങ്ങാടി പഞ്ചായത്തിലും മിനറല്‍ വാട്ടര്‍ നിലവാരത്തിലുള്ള കുടിവെള്ളം എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അങ്ങാടി കൊറ്റനാട് പദ്ധതിക്കായി നീക്കമാരംഭിച്ചത്. അങ്ങാടിയില്‍ പമ്പാനദീതീരത്തെ കിണറ്റില്‍  നിന്നും പമ്പ് ചെയ്യുന്ന വെള്ളം ട്രീറ്റ്‌മെന്റ് പ്ലാന്റിലെത്തിച്ച് ശുദ്ധീകരിച്ച ശേഷം വിതരണം ചെയ്യാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിനായി ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിന് സ്ഥലം ആവശ്യമായി വന്നു.
ഈ സ്ഥലം പഞ്ചായത്ത് ഏറ്റെടുത്ത് വാട്ടര്‍ അതോറിറ്റിക്ക് നല്‍കണമെന്നതായിരുന്നു വ്യവസ്ഥ. ഇതനുസരിച്ച് പെരുമ്പെട്ടി വില്ലേജിലെ 41.17 ആര്‍ വസ്തുവാണ് കണ്ടെത്തിയത്. കൊറ്റനാട് പഞ്ചായത്ത് വികസന ഫണ്ടില്‍ നിന്നും 30 ലക്ഷം രൂപയും അങ്ങാടി പഞ്ചായത്ത് വികസന ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപയും പദ്ധതിക്കായി മാറ്റിവച്ചിരുന്നു. അവശേഷിക്കുന്ന ഫണ്ട് കണ്ടെത്തുന്നതിന് പൊതുജനങ്ങളില്‍ നിന്നും പിരിവെടുക്കുന്നതിനായി അന്നത്തെ കൊറ്റനാട് പഞ്ചായത്ത് പ്രസിഡന്റ് മനോജ് ചരളേലിന്റെ നേതൃത്വത്തില്‍ 2014ല്‍ എംഎല്‍എ ചെയര്‍മാനും മനോജ് ചരളേല്‍ കണ്‍വീനറും ഇപ്പോഴത്തെ വൈസ് പ്രസിഡന്റ് എം ടി മനോജ് ട്രഷററുമായ ജനകീയ കമ്മിറ്റി രൂപീകരിച്ചിരുന്നു. 15 ലക്ഷത്തോളം രൂപയാണ് പൊതുജനങ്ങളില്‍ നിന്നും കണ്ടെത്തിയത്. എന്നാല്‍, അന്നത്തെ സര്‍ക്കാര്‍ നടപടി സ്വീകരിക്കാതിരുന്നതിനാല്‍ വസ്തു ഏറ്റെടുപ്പ് നീണ്ടുപോവുകയായിരുന്നു.
Next Story

RELATED STORIES

Share it