kozhikode local

സ്ഥലം എംഎല്‍എയുടെ മൗനത്തില്‍ വ്യാപക പ്രതിഷേധം

വടകര: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മടപ്പള്ളി കോളജില്‍ അരങ്ങേറിയ അക്രമപരമ്പകള്‍ക്ക് അറുതി വരുത്താനും, കോളജില്‍ സമാധാനന്തരീക്ഷം നിലനിര്‍ത്താനും സ്ഥലം എംഎല്‍എ സി കെ നാണു ഇടപെടാത്തതില്‍ വ്യാപക പ്രതിഷേധം. പെണ്‍കുട്ടികളടക്കം നിരവധി പേരാണ് കോളജിലും പുറത്തും അക്രമത്തിനിരയായത്. കോളജിനകത്തെ പ്രശ്‌നങ്ങള്‍ക്ക് പുറമെ പുറത്തും അക്രമം നടന്നത് മടപ്പള്ളി കോളജിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ്. പെണ്‍കുട്ടികളെ അക്രമിക്കുന്നത് കണ്ട് തടയാനെത്തിയ നാട്ടുകാരാണ് അക്രമിക്കപ്പെട്ടത്. പുറത്ത് നടന്ന അക്രമത്തില്‍ പ്രദേശവാസികളായ മൂന്ന് പേര്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു. കൂടാതെ മൂന്നോളം കടകളും തകര്‍ക്കപ്പെട്ടു.
പരിക്കേറ്റ ഇവരെ സന്ദര്‍ശിക്കാനോ, കോളജിന് അകത്തും പുറത്തും സമാധാനം പുനസ്ഥാപിക്കാനോ എംഎല്‍എ ചെറുവിരലനക്കിയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. സ്ഥലത്തെ പ്രധാന ജനപ്രതിനിധിയെന്ന നിലയില്‍ അക്രമങ്ങള്‍ക്ക് അറുതിവരുത്താനുള്ള നടപടിക്രമങ്ങള്‍ ആദ്യ വരേണ്ടത് എംഎല്‍എയുടെ ഭാഗത്ത് നിന്നാണ്. ജില്ലയിലെ മറ്റു എംഎല്‍എമാര്‍ മടപ്പള്ളിയിലെത്തിയിട്ടും ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിക്കാന്‍ പോലും സികെ നാണു എംഎല്‍എ തയ്യാറായിട്ടില്ല. കഴിഞ്ഞ ദിവസം നടന്ന സിപിഎം ഒഴികെ നാട്ടുകാര്‍ രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റി എംഎല്‍എയുടെ മൗന നിലപാടിനെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു.
വടകര മണ്ഡലത്തില്‍ പലയിടങ്ങളിലും നടന്ന അക്രമ സംഭവങ്ങളില്‍ സമാധാനം നിലനിര്‍ത്താനുള്ള ഒരു നടപടിയും എംഎല്‍എയുടെ ഭാഗത്ത് നിന്നും ഉണ്ടാവാത്തത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമായിരുന്നു. ഇത് സംബന്ധിച്ച് മറ്റു ജനപ്രതിനിധികളോട് ചോദിക്കുമ്പോള്‍ അവര്‍ക്കും എംഎല്‍എയുടെ നിലപാടിനെതിരെ വിമര്‍ശനമാണ് ഉന്നയിക്കാനുള്ളത്. വടകര മണ്ഡലത്തില്‍ നാളിതുവരെയായി എംഎല്‍എ ഇടപെടേണ്ട പല പ്രശ്‌നങ്ങളിലും മറ്റു ജനപ്രതിനിധികള്‍ ഇടപെട്ടാണ് പ്രശ്‌നം തീര്‍ക്കുന്നത്.

Next Story

RELATED STORIES

Share it