palakkad local

സ്ത്രീ സൗഹൃദ ഓട്ടോറിക്ഷകള്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നു

പാലക്കാട്: നഗരത്തില്‍ ഷീ ഓട്ടോകള്‍ എന്ന പേരില്‍ ആരംഭിച്ച സ്ത്രീ സൗഹൃദ ഓട്ടോറിക്ഷകള്‍ യാത്രക്കാര്‍ക്ക് പ്രിയങ്കരമാവുന്നു. രണ്ടാഴ്ച മുമ്പാണ് ജില്ലാ പോലിസ് മേധാവിയുടെ നിര്‍ദേശപ്രകാരം നഗരത്തില്‍ സ്ത്രീസൗഹൃദ ഓട്ടോകള്‍ എന്ന പദ്ധതി ആരംഭിച്ചത്.
നഗരത്തിലെ സ്റ്റേഡിയം സ്റ്റാന്റ്, കെഎസ്ആര്‍ടിസി സ്റ്റാന്റ്, മിഷന്‍ സ്‌കൂള്‍, കോ്ട്ടമൈതാനം, ഒലവക്കോട് റെയില്‍വെ സ്‌റ്റേഷന്‍, ചന്ദ്രനഗര്‍ തുടങ്ങിയ ജങ്ഷനുകളിലാണ് ഇത്തരം ഓട്ടോകള്‍ ഓടുന്നത്. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ശല്യമില്ലാതെ യാത്ര ചെയ്യുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
നഗരത്തില്‍ ഇത്തരം 35 ഓട്ടോകളാണ് ഓടുന്നത്. യാത്രയിലും സ്ത്രീകള്‍ക്ക് ഭയമില്ലാതെ ലക്ഷ്യസ്ഥാനത്തെത്താന്‍ ഇത്തരം ഓട്ടോകളിലെ ഡ്രൈവര്‍മാര്‍ സഹകരിക്കും. നേരത്തെ ദീര്‍ഘകാലമായി ലൈസന്‍സുള്ളതും ഓട്ടോ ഓടിച്ച് പരിചയമുള്ളവരുമായ ഡ്രൈവര്‍മാരെയാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. കേസുകളൊന്നും ഇതുവരെയുണ്ടാവാത്ത ഡ്രൈവര്‍മാരും തെരഞ്ഞെടുക്കപ്പെട്ടവരില്‍പ്പെടുന്നു.ഏറെക്കാലമായി നഗരത്തില്‍ ഓട്ടോയോടിക്കുന്ന ഷക്കീലയും ഷീ ഓട്ടോ പദ്ധതിയില്‍ അംഗമാണ്. സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും ഷീ ഓട്ടോകള്‍ അന്വേഷിച്ച് വരുന്നുണ്ടെന്ന് ഷീ ഓട്ടോ ഉടമയായ യാസിര്‍ നീളിക്കാട് പറഞ്ഞു. ജില്ലാ പോലിസിന്റെ ഷീ ഓട്ടോ എന്ന വെബ്‌സൈറ്റില്‍ ഇതുസംബന്ധിച്ച് ഹ്രസ്വചിത്രവും ഡിവൈഎസ്പി വി എസ് മുഹമ്മദ്കാസിമിന്റെ ഉദ്‌ബോധനവും ചേര്‍ത്തിട്ടുണ്ട്.
വൈകാതെ തന്നെ കൂടുതല്‍ ഓട്ടോകളെ പദ്ധതിയില്‍ അംഗമാക്കുകയും ഡ്രൈവര്‍മാര്‍ക്ക് പ്രത്യേക ടാഗ് നല്‍കുകയും ചെയ്യുമെന്ന് പോലിസ് അറിയിച്ചു.
ജില്ലാ പോലിസ് മേധാവ് ദേബേ്കുമാര്‍ ബെഹ്‌റ ചുമതലയേറ്റ ശേഷം സ്ത്രീകള്‍ക്കെതിരായ ശല്യം തടയുന്നതിന് വിസില്‍ വിതരണപദ്ധതിയും നടപ്പാക്കുകയുണ്ടായി. ക്രമസമാധാനനില ഭദ്രമാക്കുകയും കേസുകള്‍ കുറക്കുകയുമാണ് പുതിയ പദ്ധതികള്‍ കൊണ്ടുദ്ദേശിക്കുന്നതെന്ന് ഡിവൈഎസ്പി മുഹമ്മദ്കാസിം അറിയിച്ചു.
Next Story

RELATED STORIES

Share it