സ്ത്രീ സുരക്ഷിതത്വം ചോദ്യചിഹ്നമാവുന്നു

റഷീദ് മല്ലശേരി

പെരുമ്പാവൂര്‍: പെരുമ്പാവൂരി ല്‍ ദലിത് നിയമ വിദ്യാര്‍ഥിനി ജിഷയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതിയെ ഏട്ടു ദിവസം പിന്നിട്ടിട്ടും അറസ്റ്റ് ചെയ്യാതെ അന്വേഷണ സംഘം തപ്പി തടയുമ്പോള്‍ പോലിസിനെതിരേ പെരുമ്പാവൂരില്‍ പ്രതിഷേധ പെരുമഴ.
ജിഷയുടെ കൊലയാളികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് പെരുമ്പാവൂര്‍ ഡിവൈഎസ്പി ഓഫിസിലേക്ക് ഇന്നലെയും വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ചുകള്‍ നടത്തി. രാവിലെ പിഡിപിയുടെ നേതൃത്വത്തില്‍ ഉപവാസ സമരം തുടങ്ങി.
ഒമ്പതു മണിയോടു കൂടി കെഡിവൈഎഫിന്റെ നേതൃത്വത്തില്‍ സ്ത്രീകളും കുട്ടികളും അടങ്ങിയ സംഘം പ്രതിഷേധിച്ചുകൊണ്ട് ഡിവൈഎസ്പി ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തി. തൊട്ടുപിന്നാലെ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തുകയും രാപകല്‍ സമരം ആരംഭിക്കുകയും ചെയ്തു.
നിരവധി വിദ്യാര്‍ഥി സംഘടനകളും സാമൂഹിക പ്രവര്‍ത്തകരുടെ കൂട്ടായ്മയും ജിഷയുടെ കൊലപാതകിയെ കണ്ടെത്താത്ത പോലിസ് അനാസ്ഥയ്‌ക്കെതിരേ പ്രതിഷേധവുമായി രംഗത്തെത്തി.
ജിഷയുടെ ഘാതകരുടെ പ്രതീകാത്മക കോലവുമായി വിദ്യാര്‍ഥികളും രംഗത്തെത്തി. സ്വജന സമുദായ സംഘടനയും രാവിലെ പ്രതിഷേധത്തില്‍ പങ്കെടുത്തു. വൈകീട്ട് അഞ്ചു മണിയോടെ ബിജെപിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടന്നു. അതേസമയം ജിഷയുടെ കൊലപാതകിയെ കണ്ടെത്താത്തതിനെതിരേ പ്രതിഷേധ പെരുമഴ തീര്‍ക്കുമ്പോഴും കേരളത്തിലെ സ്ത്രീകളുടെ സുരക്ഷിതത്വം സംബന്ധിച്ച ചോദ്യത്തിന് ഉത്തരം നല്‍കാനാവാതെ സര്‍ക്കാരും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും നോക്കുകുത്തികളായി മാറുന്ന കാഴ്ചയാണ് കാണുന്നത്. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് ഇടതു-വലതു മുന്നണികളും ബിജെപിയും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുമ്പോള്‍ സാക്ഷര കേരളത്തിലെ സത്രീകളുടെ സുരക്ഷിത്വം വെള്ളത്തില്‍ വരച്ച വര പോലെയാണെന്നാണ് പെരുമ്പാവൂര്‍ സംഭവം ചൂണ്ടിക്കാണിക്കുന്നത്. സംഭവങ്ങള്‍ ഉണ്ടാവുമ്പോള്‍ മാത്രം പ്രതിഷേധിക്കുകയും കെട്ടടങ്ങിക്കഴിയുമ്പോള്‍ എല്ലാം മറക്കുകയും ചെയ്യുന്ന സമീപനമാണ് മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിക്കുന്നത്.
Next Story

RELATED STORIES

Share it