സ്ത്രീ സുരക്ഷയ്ക്കായി ബസ്സുകള്‍ക്ക് പാനിക് ബട്ടണ്‍ വരുന്നു

ന്യൂഡല്‍ഹി: സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ബസ്സുകളില്‍ പാനിക് ബട്ടണ്‍ (അപകട മുന്നറിയിപ്പ് നല്‍കുന്ന സ്വിച്ച്) വരുന്നു. ഇതു നിര്‍ബന്ധമാക്കുന്ന വിജ്ഞാപനം സര്‍ക്കാര്‍ അടുത്ത മാസം പുറപ്പെടുവിക്കും. ഇതിനു പുറമേ വാഹങ്ങളുടെ ഗതി അറിയുന്നതിനു ട്രാക്കിങ് സംവിധാനങ്ങളും ഘടിപ്പിക്കണം. വനിതാ യാത്രക്കാരുടെ സുരക്ഷയെ കരുതിയുള്ള കൂടുതല്‍ നിര്‍ദേശങ്ങളുമായായിരിക്കും വിജ്ഞാപനം ഇറക്കുക.
രാജ്യത്തെ നടുക്കിയ നിര്‍ഭയ സംഭവത്തിനു ശേഷം വനിതകളുടെ സുരക്ഷ ഉറപ്പാക്കുന്നതിനു പൊതു ഗതാഗത സംവിധാനത്തില്‍ ഉള്‍പ്പെട്ട ബസ്സുകളില്‍ എമര്‍ജന്‍സി പാനിക് ബട്ടണുകളും സിസിടിവി കാമറകളും ജിപിഎസ് സംവിധാനവും ഘടിപ്പിക്കുന്നതു നിര്‍ബന്ധമാക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു.
സര്‍ക്കാര്‍ ബസ്സുകളില്‍ നിര്‍മാണ ഘട്ടത്തില്‍ തന്നെ ഈ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തും. ഇതിനുള്ള സാങ്കേതിക സംവിധാനങ്ങള്‍ ഒരുമിച്ചു വാങ്ങുന്നതു ചെലവു കുറയ്ക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതുസംബന്ധിച്ച കരടു നിയമം മോട്ടോര്‍ വെഹിക്കിള്‍ ആക്റ്റില്‍ ഉള്‍പ്പെടുത്തി ഗതാഗത മന്ത്രാലയം നേരത്തേ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. വാഹന നിര്‍മാതക്കള്‍ അടക്കമുള്ളവരില്‍ നിന്ന് അഭിപ്രായവും ആരാഞ്ഞിരുന്നു. പുതിയ വിജ്ഞാപനം അനുസരിച്ച് 23 സീറ്റുകളില്‍ കൂടുതലുള്ള ബസ്സുകളില്‍ നിര്‍ബന്ധമായും നിരീക്ഷണ കാമറകള്‍ ഘടിപ്പിച്ചിരിക്കണം. കാമറാ നിയന്ത്രണം ലോക്കല്‍ പോലിസ് കണ്‍ട്രോള്‍ റൂമിലേക്കു ബന്ധപ്പെടുത്തി നിരീക്ഷണം ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശിക്കുന്നു. വനിതാ യാത്രക്കാര്‍ക്ക് എന്തെങ്കിലും തരത്തിലുള്ള ദുരനുഭവങ്ങളുണ്ടായാല്‍ എമര്‍ജന്‍സി പാനിക് ബട്ടണ്‍ അമര്‍ത്തുന്നതോടെ ജിപിഎസ് സംവിധാനം വഴി അടുത്തുള്ള പോലിസ് സ്‌റ്റേഷനില്‍ വിവരമെത്തും. അതോടെ ബസ്സിനുള്ളിലെ സിസിടിവി കാമറയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പോലിസ് കണ്‍ട്രോള്‍ റൂമില്‍ ലൈവായി കാണാനും കഴിയും. മാത്രമല്ല, നിര്‍ദേശിച്ചിരിക്കുന്ന റൂട്ടില്‍ നിന്നു വാഹനം വഴി തെറ്റിയാല്‍ ജിപിഎസ് സംവിധാനം അടുത്തുള്ള പോലിസ് കണ്‍ട്രോള്‍ റൂമിലേക്ക് സിഗ്‌നല്‍ അയക്കുകയും ചെയ്യും. ഈ സംവിധാനങ്ങളെല്ലാം തന്നെ വിജയകരമായി ഏര്‍പ്പെടുത്താന്‍ കഴിഞ്ഞാല്‍ വനിതകളുടെ യാത്ര കൂടുതല്‍ സുരക്ഷിതമാവുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it