kasaragod local

സ്ത്രീ ശാക്തീകരണ- ആരോഗ്യ ബോധവല്‍കരണവുമായി കശ്മീര്‍കാരിയുടെ സൈക്കിള്‍ യാത്ര

കാസര്‍കോട്: സ്ത്രീ ഉന്നമനം ലക്ഷ്യം വച്ചും ആരോഗ്യരംഗത്ത് ബോധവല്‍ക്കരണം നല്‍കിയും ലഡാക്ക് സ്വദേശിനി സൈക്കിളില്‍ രാജ്യം ചുറ്റുന്നു. ജമ്മു കശ്മീര്‍ ലഡാക്കിലെ സാമൂഹിക പ്രവര്‍ത്തക സരോജിനി മന്തേരോയാണ് സൈക്കിളില്‍ രാജ്യം ചുറ്റുന്നത്. കഴിഞ്ഞ ഒക്‌ടോബര്‍ 18ന് ജന്മനാട്ടില്‍ നിന്നുമാരംഭിച്ച യാത്ര ഈ മാസം 24ന് കന്യാകുമാരിയില്‍ അവസാനിപ്പിക്കുകയാണ് ലക്ഷ്യം.
ഒന്നരമാസം നീണ്ടു നില്‍ക്കുന്ന യാത്രയില്‍ നഗരം കേന്ദ്രീകരിച്ച് സൈക്കിള്‍ യാത്രയുടെ ഗുണകരമായ വശം വിശദീകരിക്കാനും സരോജിനി സമയം കണ്ടെത്തുന്നു. അതോടൊപ്പം രാജ്യത്ത് വര്‍ധിച്ചുവരുന്ന സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെയും സരോജിനി ശബ്ദിക്കുന്നു.
സ്ത്രീ ഉന്നമനം തന്നെയാണ് തന്റെ ഒറ്റയാള്‍ യാത്രയിലൂടെ സരോജിനി ലക്ഷ്യമാക്കുന്നത്. ദിവസവും 70 മുതല്‍ 100 കി.മി വരെ സഞ്ചരിക്കുന്നുണ്ട്. ഇതിനോടകം തന്നെ ജമ്മുകശ്മിര്‍, ഹിമാചല്‍പ്രദേശ്, ഹരിയാന, രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട് എന്നിവിടങ്ങള്‍ സഞ്ചരിച്ച് കഴിഞ്ഞു. നാലായിരം കിലോമീറ്ററാണ് മൊത്തം യാത്ര ചെയ്യുന്നത്.
വിവിധ പ്രദേശങ്ങളില്‍ അവിടത്തെ സൈക്ലിങ് ക്ലബ്ബ് പ്രവര്‍ത്തകരുടെ സഹകരണം ലഭിക്കുന്നത് മുന്നോട്ടുള്ള പ്രയാണത്തിന് ഊര്‍ജ്ജം പകരുന്നതായി സരോജിനി പറഞ്ഞു. ഇവരുടെ യാത്ര ഇന്നലെ രാവിലെ കാസര്‍കോട്ടെത്തി.
മംഗളൂരു സൈക്ലിങ് ക്ലബ്ബ് പ്രവര്‍ത്തകന്‍ ശ്യാം സരോജിനിക്കൊപ്പം മംഗലാപുരത്ത് വച്ച് സൈക്കിള്‍ യാത്ര ആരംഭിച്ചിരിക്കുകയാണ്. സരോജിനിക്കും ശ്യാമിനും മൊഗ്രാല്‍പുത്തൂര്‍ കുന്നിലില്‍ വച്ച് കുന്നില്‍ ബ്രദേഴ്‌സിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി.
Next Story

RELATED STORIES

Share it