സ്ത്രീസുരക്ഷ: നഗരങ്ങളില്‍ സംവിധാനങ്ങള്‍ ഒരുങ്ങുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ എട്ടു നഗരങ്ങളില്‍ അപായ ബട്ടണുകളും വനിതകള്‍ മാത്രമുള്ള പോലിസ് സ്‌റ്റേഷനുകളുമടക്കമുള്ള സ്ത്രീസുരക്ഷാ സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിനു കേന്ദ്ര ആഭ്യന്തര മന്ത്രാലയം 3000 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നല്‍കി. ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ബംഗളൂരു, ഹൈദരാബാദ്, അഹ്മദാബാദ്, ലഖ്‌നോ എന്നിവിടങ്ങളിലാണു സ്ത്രീസുരക്ഷാ നഗരം എന്ന പദ്ധതി നടപ്പാക്കുക. നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്കു താമസിക്കുന്നതിനുള്ള ഡോര്‍മിറ്ററികള്‍, എല്‍ഇഡി സ്മാര്‍ട് സ്ട്രീറ്റ്‌ലൈറ്റുകള്‍, അപായ പരിഹാര കേന്ദ്രങ്ങള്‍, ഫോറന്‍സിക് സൈബര്‍ ക്രൈം കേന്ദ്രങ്ങള്‍ തുടങ്ങിയവ പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കും. ഷീ ടീംസ് എന്ന പേരില്‍ വനിതാ പോലിസുകാര്‍ മാത്രമുള്ള പട്രോളിങ് സംഘങ്ങളെ നിയോഗിക്കും. കുറ്റകൃത്യങ്ങള്‍ കൂടുതലായി നടക്കുന്നതായി കണ്ടെത്തിയ പ്രദേശങ്ങളിലാണ് എല്‍ഇഡി സ്മാര്‍ട്ട് സ്ട്രീറ്റ് ലൈറ്റുകള്‍ സ്ഥാപിക്കുക. സിസി ടിവി കാമറകള്‍ വഴി ഇവിടങ്ങളില്‍ നിരീക്ഷണം നടത്തും. പദ്ധതിയുടെ ഭാഗമായി പോലിസ് സ്‌റ്റേഷനുകളില്‍ വനിതാ ഹെല്‍പ് ഡെസ്‌ക് സ്ഥാപിക്കാനും നിര്‍ഭയ ഫണ്ടില്‍ നിന്ന് 2919.55 കോടി രൂപ പദ്ധതിക്കായി അനുവദിച്ചതായും ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇതില്‍ 663.67 കോടിയാണു ഡല്‍ഹി നഗരത്തിലെ പദ്ധതി നടത്തിപ്പിനായി നീക്കിവച്ചത്. ബംഗളൂരു-667 കോടി, മുംബൈ 252 കോടി, ചെന്നൈ-425.06 കോടി, അഹ്മദാബാദ്-253 കോടി, കൊല്‍ക്കത്ത-183.32 കോടി, ഹൈദരാബാദ് 195 കോടി എന്നിങ്ങനെയാണു മറ്റു നഗരങ്ങളിലെ പദ്ധതിക്കായി അനുവദിച്ച തുക.

Next Story

RELATED STORIES

Share it