Flash News

സ്ത്രീസുരക്ഷയില്‍ കേരളം രണ്ടാംസ്ഥാനത്ത്



ന്യൂഡല്‍ഹി: രാജ്യത്ത് സ്ത്രീകള്‍ക്കു സുരക്ഷിതമായി ജീവിക്കാനും യാത്രചെയ്യാനും കഴിയുന്ന സ്ഥലങ്ങളില്‍ കേരളം രണ്ടാംസ്ഥാനത്ത്. കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രാലയം തയ്യാറാക്കിയ പട്ടികയില്‍ ഗോവയാണ് ഒന്നാംസ്ഥാനത്ത്.സ്ത്രീകളുടെ ആരോഗ്യസുരക്ഷയില്‍ ഒന്നാംസ്ഥാനത്തുള്ള കേരളം ഇക്കാര്യത്തില്‍ മറ്റു സംസ്ഥാനങ്ങളെ ബഹുദൂരം പിന്നിലാക്കി.  വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ മിസോറാം, സിക്കിം, മണിപ്പൂര്‍ എന്നിവയാണ് കേരളത്തിനു തൊട്ടുപിന്നിലുള്ളത്. ബിഹാറാണ് സ്ത്രീസുരക്ഷയുടെ കാര്യത്തില്‍ ഏറ്റവും പിറകില്‍. ബിജെപി അധികാരത്തിലുള്ള ജാര്‍ഖണ്ഡ് (27), ഉത്തര്‍പ്രദേശ് (28), ബിഹാര്‍ (30) എന്നിവയാണ് ഏറ്റവും പിന്നിലുള്ള നാലു സംസ്ഥാനങ്ങളില്‍ മൂന്നെണം. ഗവര്‍ണറെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ നിഴല്‍ഭരണം നടത്തുന്ന ഡല്‍ഹി 29ാം സ്ഥാനത്താണ്.സ്ത്രീകളുടെ വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്ര്യം, ആക്രമണത്തില്‍ നിന്നുള്ള സംരക്ഷണം എന്നീ നാലു മാനദണ്ഡങ്ങള്‍ പരിശോധിച്ചാണ് റിപോര്‍ട്ട് തയ്യാറാക്കിയത്.  ഹിമാചല്‍പ്രദേശ് ആണ് ആറാംസ്ഥാനത്ത്. കര്‍ണാടക, പഞ്ചാബ്, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രപ്രദേശ്, നാഗാലാന്‍ഡ്, ഛത്തീസ്ഗഡ്, ഗുജറാത്ത്, ത്രിപുര, ഹരിയാന, പശ്ചിമ ബംഗാള്‍, ജമ്മുകശ്മീര്‍, മേഘാലയ, രാജസ്ഥാന്‍, അസം, ഒഡീഷ, മധ്യപ്രദേശ്, അരുണാചല്‍പ്രദേശ് എന്നിവയാണ് ഏഴു മുതല്‍ 26 വരെയുള്ള സ്ഥാനങ്ങളില്‍. പട്ടികയില്‍ ഒന്നാംസ്ഥാനത്തുള്ള ഗോവയ്ക്ക് 0.656 പോയിന്റ് കിട്ടിയപ്പോള്‍ രണ്ടാമതെത്തിയ കേരളത്തിന് 0.634 പോയിന്റാണ് ലഭിച്ചത്. വനിതകളുടെ സുരക്ഷയില്‍ ഒന്നാമതും വിദ്യാഭ്യാസത്തില്‍ അഞ്ചാമതും ആരോഗ്യത്തിലും വനിതാ ശാക്തീകരണത്തിലും ആറാമതും ദാരിദ്ര്യത്തില്‍ എട്ടാംസ്ഥാനത്തുമാണ് ഗോവ. 28ാം സ്ഥാനത്തുള്ള രാജ്യതലസ്ഥാനമായ ഡല്‍ഹിക്ക് 0.436 പോയിന്റും ഏറ്റവും പിന്നിലുള്ള ബിഹാറിന് 0.410 പോയിന്റും ലഭിച്ചു. 0.5314 ആണ് ദേശീയ ശരാശരി. ദാരിദ്ര്യമൊഴികെ മറ്റെല്ലാ മേഖലകളിലും സിക്കിം (നാല്), പഞ്ചാബ് (എട്ട്) സംസ്ഥാനങ്ങള്‍ ഉയര്‍ന്ന സ്‌കോര്‍ നേടി. സംരക്ഷണം, വിദ്യാഭ്യാസം എന്നിവയിലെ മോശം പ്രകടനമാണ് ഡല്‍ഹിക്ക് തിരിച്ചടിയായത്.സ്ത്രീവിദ്യാഭ്യാസത്തില്‍ ഹിമാചല്‍പ്രദേശ്, സിക്കിം, പഞ്ചാബ്, മഹാരാഷ്ട്ര, ഗോവ എന്നിവ മുന്നിലായപ്പോള്‍ ഡല്‍ഹി, അരുണാചല്‍, ജാര്‍ഖണ്ഡ്, മേഘാലയ, മധ്യപ്രദേശ് എന്നിവ ഏറെ പിന്നിലായി. ആരോഗ്യകാര്യത്തില്‍ കേരളം, തമിഴ്‌നാട്, സിക്കിം, കര്‍ണാടക, ആന്ധ്രപ്രദേശ് എന്നിവ മുന്നിലും ബിഹാര്‍, ഹരിയാന, ജാര്‍ഖണ്ഡ്, മേഘാലയ, ഉത്തര്‍പ്രദേശ് എന്നിവ പിന്നിലുമായി. ദാരിദ്ര്യത്തില്‍ മണിപ്പൂര്‍, മിസോറം, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രപ്രദേശ് എന്നിവ മികച്ചുനിന്നു.
Next Story

RELATED STORIES

Share it