ernakulam local

സ്ത്രീവിരുദ്ധതയ്‌ക്കെതിരേ പ്രതിഷേധമായി ചിത്രകാരികളുടെ കൂട്ടായ്മ

കൊച്ചി: പ്രതിരോധത്തിന്റെയും പ്രതിഷേധത്തിന്റെയും കരുത്തുറ്റ സ്ത്രീഭാവങ്ങള്‍ക്ക് ചിത്രങ്ങളിലൂടെ പുനര്‍ജനി. 'വനിതാ പാര്‍ലമെന്റിനു മുന്നോടിയായി അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ എറണാകുളം ജില്ലാകമ്മിറ്റിയും വനിതാ സാഹിതിയും സംയുക്തമായി സംഘടിപ്പിച്ച ഏകദിന ചിത്രരചനാ ക്യാംപാണ് സ്ത്രീവിരുദ്ധ നിലപാടുകള്‍ക്കെതിരേ പ്രതികരിക്കുന്ന ചിത്രകാരികളുടെ കൂട്ടായ്മയായത്.
എറണാകുളം രാജേന്ദ്രമൈതാനിയില്‍ സംഘടിപ്പിച്ച ചിത്രകലാക്യാംപ് വനിതാ സാഹിതി സംസ്ഥാന പ്രസിഡന്റ് ഡോ. സുജ സൂസന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. അസഹിഷ്ണുത അതിഭീകരമായി നടമാടുന്ന ഇന്ത്യന്‍ വര്‍ത്തമാനകാല സാഹചര്യത്തില്‍ അതിനെതിരായ പ്രതിഷേധത്തിന് സമയം അതിക്രമിച്ചുവെന്ന് അവര്‍ പറഞ്ഞു. സമരങ്ങള്‍ പരാജയപ്പെടുന്നിടത്ത് കലയും സാഹിത്യവും കാലത്തെ അതിജീവിച്ച് വിജയിച്ച ചരിത്രമാണ് നാം കേട്ടിട്ടുള്ളത്. വിലക്കുകളെ അതിജീവിച്ച് ചിത്രങ്ങളും അക്ഷരങ്ങളും സംസാരിച്ചുകൊണ്ടേയിരിക്കുമെന്നും സുജ പറഞ്ഞു.—
വനിതാ സാഹിതി— ജില്ലാ പ്രസിഡന്റ് ഡോ. കെ കെ സുലേഖ അധ്യക്ഷത വഹിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എം സി ജോസഫൈന്‍, സിപിഐ എം ജില്ലാ സെക്രട്ടറി പി രാജീവ്, പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സെക്രട്ടറി കെ കെ രവിക്കുട്ടന്‍, ജോണ്‍ ഫെര്‍ണാണ്ടസ്, മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സോണികോമത്ത്, സെക്രട്ടറി ഹെന്നി ബേബി,അജി സി പണിക്കര്‍ പങ്കെടുത്തു.തിരുവനന്തപുരം മുതല്‍ കണ്ണൂര്‍വരെയുള്ള ജില്ലകളില്‍നിന്നായി 41 ചിത്രകാരികള്‍ ക്യാംപില്‍ പങ്കെടുത്തു.
ബിന്ദി രാജഗോപാല്‍, കാജല്‍ ചാരങ്കാട്ട്, സാറാ ഹുസൈന്‍, ആശ നന്ദന്‍, ശ്രീജ പള്ളം, രതീദേവി, എം എ വിക്ടോറിയ തുടങ്ങിയ പ്രമുഖ ചിത്രകാരികളും തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജ്, കാലടി സംസ്‌കൃത സര്‍വകലാശാല, തൃശൂര്‍ ഫൈന്‍ ആര്‍ട്‌സ് കോളേജ് എന്നിവിടങ്ങളില്‍നിന്നുള്ള ചിത്രകലാ വിദ്യാര്‍ഥിനികളും ക്യാംപില്‍ പങ്കെടുത്തു.
ചിത്രങ്ങള്‍— ആറിന് നെടുമ്പാശേരി സിയാല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന വനിതാ പാര്‍ലമെന്റ് വേദിയില്‍ പ്രദര്‍ശിപ്പിക്കും.
Next Story

RELATED STORIES

Share it