സ്ത്രീപ്രവേശനം എതിര്‍ക്കും: ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനത്തെ എതിര്‍ക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. നൂറ്റാണ്ടുകളായി പിന്തുടരുന്ന ആചാരാനുഷ്ഠാനങ്ങളെ കാത്തുസൂക്ഷിക്കുമെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ചിലര്‍ സുപ്രിംകോടതിയെ സമീപിച്ചതിനു പിന്നില്‍ നിക്ഷിപ്ത താല്‍പര്യമാണെന്ന് അവരുടെ പേരു കണ്ടാലറിയാം. മാര്‍ച്ചില്‍ നടന്ന കൊടിയേറ്റ് ഉല്‍സവത്തിനും പമ്പയിലെ ആറാട്ടിനും ആചാരം ലംഘിച്ചുള്ള സ്ത്രീസാന്നിധ്യം ഉണ്ടാവാതിരുന്നത് ദേവസ്വം ബോര്‍ഡ് ആചാരാനുഷ്ഠാനങ്ങളെ കാത്തുസംരക്ഷിക്കാന്‍ സംഘടിപ്പിച്ച പരിപാടികള്‍ വിജയം കണ്ടതുകൊണ്ടാണ്. ശബരിമലയിലെ സ്ത്രീപ്രവേശനത്തിന് അനുകൂലമായി അഭിപ്രായം പറഞ്ഞ ആര്‍എസ്എസ് നേതാവിനോട് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ അഭിപ്രായം ഇക്കാര്യത്തില്‍ ആരായാന്‍ ആവശ്യപ്പെട്ടിരുന്നു. ആചാരാനുഷ്ഠാനങ്ങള്‍ക്കെതിരേ നില്‍ക്കുന്ന ഒരു തീരുമാനവും ബോര്‍ഡ് കൈക്കൊള്ളില്ല. ബോര്‍ഡിന്റെ വരുമാനം വര്‍ധിപ്പിക്കുന്നതിനായി പുതിയ സ്രോതസ്സുകള്‍ കണ്ടെത്തുന്നതിന് ചില സുപ്രധാന നടപടികള്‍ ബോര്‍ഡ് കൈക്കൊണ്ടിട്ടുണ്ട്. അമ്പലങ്ങള്‍ കംപ്യൂട്ടര്‍വല്‍ക്കരിക്കുന്നതിനായി ബജറ്റില്‍ തുക വകയിരുത്തിയിട്ടുണ്ട്. അമ്പലങ്ങളുടെ പുനരുദ്ധാരണത്തിനുള്ള 100 കോടി രൂപയുടെ പദ്ധതിയില്‍ 35 കോടി ശബരിമല വികസനത്തിനാണ്. ശമ്പള പരിഷ്‌ക്കരണത്തിനായി ബജറ്റില്‍ 35 കോടി വകയിരുത്തിയിട്ടുണ്ട്. റിപോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ 6000ത്തോളം ജീവനക്കാരുടെ ശമ്പളപരിഷ്‌കരണം ബോര്‍ഡ് ചര്‍ച്ച ചെയ്തു നടപ്പാക്കുമെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it