Flash News

സ്ത്രീപീഡനക്കേസുകളില്‍ കോണ്‍ഗ്രസ്സുകാര്‍ മുന്നില്‍ ; പ്രസ്താവനയുമായി വീണ്ടും എം എം മണി



തൊടുപുഴ/തിരുവനന്തപുരം:  സ്ത്രീ പീഡനക്കേസുകളില്‍ കോണ്‍ഗ്രസ്സുകാര്‍ എന്നും ഒരുപടി മുന്നിലെന്ന് മന്ത്രി എം എം മണി. കോണ്‍ഗ്രസ്സിന്റെ അഖിലേന്ത്യാ നേതാക്കളെല്ലാം സ്ത്രീപീഡകരാണെന്നും കമ്മ്യൂണിസ്റ്റ് നേതാക്കളാരും ഇതുവരെ സ്ത്രീപീഡനക്കേസില്‍പെട്ടിട്ടില്ലെന്നും എം എം മണി പറഞ്ഞു. കുഞ്ചിത്തണ്ണിയിലെ വീട്ടിലെത്തിയ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. മൂന്നാര്‍ കൈയേറ്റം ഒഴിപ്പിക്കുന്നതു സംബന്ധിച്ച നിലപാടറിയിക്കാന്‍ രമേശ് ചെന്നിത്തലയ്ക്ക് മടിയുള്ളതിനാലാണ് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്തിരിക്കുന്ന സര്‍വകക്ഷിയോഗത്തില്‍ പങ്കെടുക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.സോളാര്‍ കേസ്, നിലമ്പൂര്‍ രാധാ വധം, സുനന്ദ പുഷ്‌കറിന്റെ മരണം എന്നിവ കോണ്‍ഗ്രസ് സ്ത്രീ പീഡനങ്ങളുടെ ഉദാഹരണങ്ങളാണ്.  ഒരിക്കല്‍പോലും സ്ത്രീകളോട് മോശമായി പെരുമാറാത്ത ആളാണ് ഞാന്‍. നിങ്ങള്‍ ഈ പരിസരത്തൊക്കെ അന്വേഷിച്ചുനോക്ക്. അപ്പോള്‍ അറിയാമല്ലോ. സോളാര്‍ കേസിലെ ആരോപണവിധേയര്‍ക്ക് കോണ്‍ഗ്രസ് സ്ഥാനക്കയറ്റം നല്‍കി.നിലമ്പൂരിലെ കൊലപാതകത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എന്തു പറയാനുണ്ട്. സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ഇപ്പോഴും ദൂരൂഹത തുടരുകയാണ്. അഖിലേന്ത്യാ തലത്തില്‍ വരെ സ്ഥിതി ഇതാണ്. മൂന്നാറിലെ പൊമ്പിളൈ ഒരുമൈ സമരം തീര്‍ക്കാന്‍ ഇടപെടില്ല. സമരം തുടങ്ങിവച്ചത് കോണ്‍ഗ്രസ്സും ബിജെപിയും ആം ആദ്മിയും മാധ്യമങ്ങളും ചേര്‍ന്നാണെന്നും മന്ത്രി ആരോപിച്ചു.അതേസമയം, എം എം മണിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി കെപിസിസി പ്രസിഡന്റ് എം എം  ഹസന്‍ രംത്തെത്തി.  സ്ത്രീകളോട് മോശമായി പെരുമാറിയതിനു നേതാക്കളെ പുറത്താക്കിയ പാര്‍ട്ടി സിപിഎമ്മാണെന്ന് ഹസന്‍ പറഞ്ഞു. സ്ത്രീകളോട് സ്വന്തം പാര്‍ട്ടിക്കാര്‍ മോശമായി പെരുമാറുന്നത് മറച്ചുവച്ചാണ് എം എം മണി കോണ്‍ഗ്രസ്സിനെ അധിക്ഷേപിക്കുന്നതെന്നും ഹസന്‍ പറഞ്ഞു. ഉല്‍സവത്തിനു പോക്കറ്റടിച്ചിട്ട്, കള്ളന്‍ കള്ളന്‍ എന്നു വിളിച്ചുപറയുംപോലെയാണ് മണിയുടെ പ്രസ്താവനയെന്നും ഹസന്‍ പരിഹസിച്ചു. സ്ത്രീവിരുദ്ധ പ്രസ്താവനകള്‍ സ്ഥിരമായി നടത്തുന്ന മണിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ സംരക്ഷിക്കുന്നതില്‍ ദുരൂഹതയുണ്ടെന്നും ഹസന്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it