സ്ത്രീപീഡനക്കഥകള്‍ തുറന്നുകാട്ടി വനിതാ പോലിസ് അരങ്ങില്‍

പ്രദീപന്‍  തൈക്കണ്ടി
കൂത്തുപറമ്പ്: സ്ത്രീകളും പെണ്‍കുട്ടികളും നേരിടുന്ന കടുത്ത ശാരീരിക-മാനസിക പീഡനങ്ങള്‍ തുറന്നുകാട്ടി വനിതാ പോലിസിന്റെ ബോധവല്‍ക്കരണ നാടകം അരങ്ങുകള്‍ കീഴടക്കുന്നു. പൊള്ളിക്കുന്ന യാഥാര്‍ഥ്യങ്ങള്‍ വരച്ചുകാട്ടി ഇതിനെല്ലാം പരിഹാരമുണ്ടെന്ന് ഓര്‍മപ്പെടുത്തുകയാണ് 'അന്തരം ആനി' എന്ന നാടകത്തിലൂടെ ഒരുകൂട്ടം വനിതാ പോലിസുകാര്‍.
ബസ് യാത്രയ്ക്കിടയിലെ പീഡനങ്ങള്‍, ഗാര്‍ഹിക പീഡനങ്ങള്‍, പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോവല്‍ തുടങ്ങിയവയെല്ലാം ചര്‍ച്ചചെയ്യുന്നുണ്ട്. അങ്ങനെ സമൂഹത്തിനുള്ള ഓര്‍മപ്പെടുത്തലായി മാറുന്നു. കോഴിക്കോട് റൂറല്‍ പോലിസിന്റെ വനിതാ സെല്‍ അവതരിപ്പിക്കുന്ന നാടകത്തില്‍ അരങ്ങിലെത്തുന്നവരെല്ലാം വനിതകള്‍ തന്നെ. നാടകകൃത്ത് സുരേഷ് ബാബു ശ്രീസ്ഥയുടെ രചനയ്ക്ക് കൊയിലാണ്ടി പോലിസ് സ്‌റ്റേഷനിലെ സിവില്‍ പോലിസ് ഓഫിസറായ പ്രേമന്‍ മുചുകുന്നാണ് രംഗാവിഷ്‌കാരം നിര്‍വഹിച്ചത്.
ഒരുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള നാടകത്തില്‍ വനിതാ സെല്ലിലെ കെ പി ബിന്ദുവും ചോമ്പാല സ്റ്റേഷനിലെ സുഗുണയും ബാലുശ്ശേരി സ്റ്റേഷനിലെ ബീനയും താമരശ്ശേരി സ്റ്റേഷനിലെ സുജാതയും കനകവല്ലിയും ഷാനിയും കെ ബിന്ദുവും ബീനയും സിന്ധുവും വേഷമിടുന്നു. കൂടാതെ ഇവരുടെ മക്കളും ബന്ധുക്കളുമായ ആരതി, രൂപിക, മാളവിക, ചന്ദന, സിന്ദൂരി എന്നീ പെണ്‍കുട്ടികളും കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകരുന്നു.
എം എം സചീന്ദ്രന്റെ കവിത പ്രേക്ഷകര്‍ക്ക് മറക്കാനാവാത്ത അനുഭവമാണു പകരുന്നത്. വനിതാ സെല്ലിലെ സിഐ ഭാനുമതിയാണ് കോ-ഓഡിനേറ്റര്‍.
Next Story

RELATED STORIES

Share it