സ്ത്രീകള്‍ ശബരിമലയില്‍ പോവുന്നത് അയ്യപ്പനെ കല്യാണം കഴിക്കാനല്ല: മന്ത്രി സുധാകരന്‍

കോഴിക്കോട്: ശബരിമലയില്‍ സ്ത്രീകള്‍ പോവുന്നത് അയ്യപ്പനെ കല്യാണം കഴിക്കാനല്ലെന്നു മന്ത്രി ജി സുധാകരന്‍. കോടതി കെട്ടിടോദ്ഘാടന ചടങ്ങു കഴിഞ്ഞ് മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടന അടിസ്ഥാനമാക്കിയാണ് കോടതിവിധി. അവസരസമത്വമാണ് അതിന്റെ അടിസ്ഥാനം. നേരത്തെ വിധിക്കേണ്ടതായിരുന്നു. അവസരം ലഭിച്ചപ്പോള്‍ കോടതി കൃത്യമായി വിധിച്ചു.
രാജ്യത്തിന് അഭിമാനമാണ് ഈ വിധി. മുത്തലാഖും ഇപ്പോഴത്തെ വിധിയുമായി ബന്ധമില്ല. അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാമെന്നു ദേവസ്വം ബോര്‍ഡ് അംഗീകരിച്ചിട്ടുണ്ട്. സ്ത്രീകളാണ് ഈ വിധിയില്‍ സന്തോഷിക്കേണ്ടത്. ഹിന്ദുവിനും മുസ്‌ലിമിനും ക്രിസ്ത്യാനിക്കും പോവാന്‍ കഴിയുന്ന ദേവാലയമാണു ശബരിമല. കേരളത്തിന് അഭിമാനമാണ് ശബരിമല. ശബരിമലയില്‍ എത്താന്‍ സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കും. എല്ലാ സ്ത്രീകളെയും നിര്‍ബന്ധിപ്പിച്ചു പറഞ്ഞയക്കുന്നതല്ല കോടതി വിധി. 49 വയസ്സുള്ള സ്ത്രീകള്‍ക്കു പോവാന്‍ പറ്റില്ലെന്നും 50 കഴിഞ്ഞവര്‍ വരിവരിയായി പോവണമെന്നതും ശരിയല്ല. 50 കഴിഞ്ഞാല്‍ സ്ത്രീത്വമില്ലാതാവില്ല. 49ഉം 50ഉം തമ്മില്‍ വ്യത്യാസമില്ല. ഏതു പ്രായത്തിലുള്ള സ്ത്രീകള്‍ ശബരിമലയില്‍ പോയാലും പുരുഷന്‍മാര്‍ക്ക് അവരോട് മറിച്ചൊന്നും തോന്നില്ല. അങ്ങനെയുള്ള അന്തരീക്ഷമാണ് അവിടെ.
ഞാനും രണ്ടുതവണ മല ചവിട്ടിയിട്ടുണ്ട്. വാവരു പള്ളിയില്‍ സ്ത്രീകള്‍ കയറരുതെന്ന് ആരും പറഞ്ഞിട്ടില്ല. പറയുമ്പോള്‍ അപ്പോള്‍ നോക്കാമെന്നും മന്ത്രി പറഞ്ഞു. ചെന്നിത്തലയുടെ ആരോപണങ്ങള്‍ക്കു മന്ത്രി മറുപടി പറഞ്ഞില്ല.

Next Story

RELATED STORIES

Share it