സ്ത്രീകള്‍ക്ക് ശബരിമലയില്‍ വിലക്ക് ഏര്‍പ്പെടുത്താനാവില്ല

ന്യൂഡല്‍ഹി: ഭരണഘടനയ്ക്ക് അനുസൃതമായല്ലാതെ സ്ത്രീകള്‍ക്കു ശബരിമലയില്‍ വിലക്ക് ഏര്‍പ്പെടുത്താനാവില്ലെന്ന് സുപ്രിംകോടതി. ക്ഷേത്രങ്ങളും മഠങ്ങളും തമ്മില്‍ വ്യത്യാസമുണ്ട്. ക്ഷേത്രം ഒരു പൊതുസ്ഥാപനമാണ്. ഇവിടങ്ങളില്‍ മതാടിസ്ഥാനത്തില്‍ നിയന്ത്രണമാവാം. എന്നാല്‍, ജാതിയുടെയും ലിംഗത്തിന്റെയും പേരില്‍ നിരോധനം ഏര്‍പ്പെടുത്താനാവില്ലെന്ന് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് അഭിപ്രായപ്പെട്ടു.
ശബരിമലയില്‍ സ്ത്രീകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ നടപടി ഭരണഘടനാവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടി യങ് ലോയേഴ്‌സ് അസോസിയേഷനാണ് കോടതിയെ സമീപിച്ചത്. ഇക്കാര്യത്തില്‍ ഭരണഘടനാപരമായ വാദം നടത്താമെന്നു കോടതി വ്യക്തമാക്കി. കേസ് അടുത്ത മാസം 8നു വീണ്ടും പരിഗണിക്കും. 1500 വര്‍ഷം മുമ്പ് ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം ഉണ്ടായിരുന്നില്ലെന്ന് എങ്ങനെ പറയാനാകും? സ്ത്രീകള്‍ക്ക് വേദങ്ങള്‍ വായിക്കാന്‍ പാടില്ലെന്ന് താന്‍ എവിടെയോ വായിച്ചിരുന്നു. എന്നാല്‍, അതില്‍ എന്തു ന്യായമാണുള്ളതെന്നും മിശ്ര പറഞ്ഞു.
നിയമപരമായിത്തന്നെ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സാധിക്കുമെന്ന് ദേവസ്വം ബോര്‍ഡിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കെ കെ വേണുഗോപാല്‍ വാദിച്ചു. ആര്‍ത്തവ വേളയില്‍ സ്ത്രീകള്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശനമില്ല. 41 ദിവസം വ്രതമെടുത്താണ് ഭക്തര്‍ എത്തുന്നത്. അതുകൊണ്ടാണ് സ്ത്രീ പ്രവേശനത്തിനു നിരോധനമെന്നും അദ്ദേഹം വ്യക്തമാക്കി.
കേസില്‍ അധിക സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിനു കോടതി അനുമതി നല്‍കി. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്നതില്‍ തെറ്റില്ലെന്നു കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഈ നിലപാടില്‍ മാറ്റം വരുത്തിയാണ് സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കുക. ഇതിനെ ഹരജിക്കാരന്‍ എതിര്‍ത്തു.
Next Story

RELATED STORIES

Share it