സ്ത്രീകള്‍ക്കെതിരേ മനുഷ്യാവകാശലംഘനം ഗുരുതരം: യുഎന്‍

ജനീവ: ആഭ്യന്തരസംഘര്‍ഷം രൂക്ഷമായ ദക്ഷിണ സുദാനില്‍ സ്ത്രീകള്‍ക്കെതിരേ ഗുരുതര മനുഷ്യാവകാശ ലംഘനങ്ങള്‍ നടക്കുന്നതായി യുഎന്‍.
രാജ്യത്ത് ആക്രമണം നടത്തുന്ന പോരാളിസംഘങ്ങള്‍ക്ക് പ്രതിഫലത്തിന് പകരം സ്ത്രീകളെ ബലാല്‍സംഗം ചെയ്യാന്‍ അധികൃതര്‍ അനുമതി നല്‍കിയതായി യുഎന്‍ മനുഷ്യാവകാശ സമിതിയുടെ റിപോര്‍ട്ട്.
സ്ത്രീകള്‍ക്കെതിരായ ഏറ്റവും ഭീകരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് രാജ്യത്തുള്ളതെന്നും സമിതി വ്യക്തമാക്കി. ദക്ഷിണ സുദാന്‍ സൈന്യത്തോടൊപ്പം ചേര്‍ന്ന് സായുധപ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുന്നവര്‍ക്കാണ് ഇത്തരത്തില്‍ പീഡനം നടത്താന്‍ നിര്‍ദേശം നല്‍കുന്നതെന്ന് യുഎന്‍ പറയുന്നു. ഇതിനു പുറമേ സര്‍ക്കാരിനുവേണ്ടി ആക്രമണം നടത്തുന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ സ്വത്തുക്കള്‍ കൊള്ളയടിക്കാനുള്ള അനുമതിയും ദക്ഷിണ സുദാന്‍ സായുധ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നു.
പ്രതിപക്ഷത്തെ പിന്തുണയ്ക്കുന്നവരുടെ കുട്ടികളടക്കമുള്ളവരെ തൂക്കിക്കൊല്ലുകയും തീവച്ചും വെട്ടി കഷണങ്ങളാക്കിയും കൊലപ്പെടുത്തുകയും ചെയ്യുന്ന സംഭവങ്ങളും രാജ്യത്ത് നടക്കുന്നതായി റിപോര്‍ട്ടിലുണ്ട്. ബലാല്‍സംഗങ്ങളെ രാഷ്ട്രീയ ആയുധമാക്കുന്ന സ്ഥിതിയാണ് രാജ്യത്തെന്നു യുഎന്‍ പ്രസ്താവനയില്‍ പറഞ്ഞു.
2011ല്‍ സുദാനില്‍ നിന്ന് വിഭജിച്ച് ദക്ഷിണസുദാന്‍ രൂപീകരിക്കപ്പെട്ടതു മുതല്‍ രാജ്യത്ത് ആഭ്യന്തരയുദ്ധം നടക്കുകയാണ്.
Next Story

RELATED STORIES

Share it