സ്ത്രീകള്‍ക്കെതിരായ അതിക്രമം; സിനിമയില്‍ ഇനി മുന്നറിയിപ്പ്

തിരുവനന്തപുരം: സിനിമകളില്‍ സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമം ശിക്ഷാര്‍ഹമാണ് എന്ന മുന്നറിയിപ്പ് പ്രദര്‍ശിപ്പിക്കണമെന്ന സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ ശ്രദ്ധയി ല്‍ക്കൊണ്ടുവന്ന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ്. മുംെൈബയിലെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ മുഖേന വിഷയം കേന്ദ്രമന്ത്രാലയത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ് റീജ്യനല്‍ ഓഫിസര്‍ കമ്മീഷനെ അറിയിച്ചു.
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇതുസംബന്ധിച്ച് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ട വിശദീകരണം സാംസ്‌കാരിക വകുപ്പുസെക്രട്ടറി അടിയന്തരമായി സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.
നിലവില്‍ സിനിമയില്‍ മദ്യപാന രംഗങ്ങള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ മദ്യപാനവും പുകവലിയും ആരോഗ്യത്തിന് ഹാനികരം എന്ന മുന്നറിയിപ്പ് പ്രദര്‍ശിപ്പിക്കുന്നുണ്ട്. ബലാല്‍സംഗം, സ്ത്രീകള്‍ക്ക് നേരെയുള്ള ശാരീരിക ഉപദ്രവം, കരണത്തടിക്കല്‍, അസഭ്യം പറയുക തുടങ്ങിയ രംഗങ്ങള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ മുന്നറിയിപ്പ് പ്രദര്‍ശിപ്പിക്കണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകനായ ഷെഫിന്‍ കവടിയാര്‍ സമര്‍പ്പിച്ച പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. മുന്നറിയിപ്പ് പ്രദര്‍ശിപ്പിക്കാമെങ്കില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്ക് എതിരായ ബോധവല്‍ക്കരണം ശക്തമാവുമെന്ന് കമ്മീഷന്‍ ചൂണ്ടിക്കാണിച്ചിരുന്നു.
1952ലെ സിനിമറ്റോഗ്രാഫ് നിയമത്തില്‍ ഭേദഗതി വരുത്താനുള്ള അധികാരം കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിനാണെന്ന് റിപോര്‍ട്ടില്‍ പറയുന്നു. മുന്നറിയിപ്പ് പ്രദര്‍ശിപ്പിക്കണമെങ്കില്‍ വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ച് വരുമ്പോള്‍ സിനിമകള്‍ അത്തരം രംഗങ്ങള്‍ സംപ്രേക്ഷണം ചെയ്യുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു.
Next Story

RELATED STORIES

Share it