malappuram local

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ ; ജില്ലയില്‍ 1400 കേസുകള്‍ കെട്ടിക്കിടക്കുന്നു



മഞ്ചേരി: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന അതിക്രമങ്ങള്‍ അനുദിനം വര്‍ധിക്കുന്ന ജില്ലയില്‍ ഇത്തരം കേസുകള്‍ തീര്‍പ്പാവാതെ കെട്ടിക്കിടക്കുന്നു. വിവിധ കോടതികളിലായി 1400 കേസുകളാണ് തീര്‍പ്പു കാത്ത് കെട്ടിക്കിടക്കുന്നത്. സംസ്ഥാനത്തു തന്നെ ഏറ്റവുമധികം കേസുകള്‍ കെട്ടിക്കിടക്കുന്ന ജില്ലകളില്‍ ഒന്നാം സ്ഥാനത്താണ് മലപ്പുറം. ജില്ലയ്ക്ക് ഇത്തരം കേസുകള്‍ക്കു മാത്രമായി പ്രത്യേക കോടതി അനുവദിക്കുമെന്ന് പ്രഖ്യാപനം ഇതുവരെ നടപ്പാവാത്തതാണ് വിനയായത്. നേരത്തെ തിരവനന്തപുരത്തായിരുന്നു കെട്ടിക്കിടക്കുന്ന കേസുകളുടെ ആധിക്യം. പ്രത്യേക കോടതി വന്നതോടെ മിക്ക കേസുകള്‍ക്കും തീര്‍പ്പു കണ്ടെത്താന്‍ സാധിച്ചു. തിരുവനന്തപുരത്തിനു പുറമെ കൊച്ചിയിലും കോഴിക്കോട്ടുമാണ് പ്രത്യേക കോടതികളുള്ളത്. കേസുകളുടെ ആധിക്യം കാരണം മലപ്പുറത്തും പ്രത്യേക കോടതി അനുവദിക്കുമെന്ന് രണ്ടു വര്‍ഷം മുമ്പ് പറഞ്ഞിരുന്നെങ്കിലും തുടര്‍ നടപടികളുണ്ടായില്ല. നിലവിലുള്ള കോടതി സൗകര്യങ്ങളില്‍ തന്നെ പ്രത്യേക കോടതി പ്രാവര്‍ത്തികമാക്കിയതിനു പകരം പുതിയ കോടതി അനുവദിക്കാതെ കുമിഞ്ഞുകൂടുന്ന കേസുകള്‍ക്ക് വേഗത്തില്‍ തീര്‍പ്പാക്കാനാവില്ലെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമ കേസുകള്‍ ജില്ലയില്‍ വര്‍ധിക്കുകയാണ്. നിയമാവബോധം വര്‍ധിച്ചതാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പ്രധാന കാരണം. ചൂഷണങ്ങള്‍ക്ക് വിധേയരാവുന്നവര്‍ നിയമ വഴിയില്‍ നീതിതേടുന്ന പ്രവണത വര്‍ധിച്ചിട്ടുണ്ട്. ഇത് കുറ്റകൃത്യങ്ങള്‍ തടയാന്‍ സഹായകമാവുമെങ്കിലും കേസുകളില്‍ തീര്‍പ്പു വൈകുന്നത് വെല്ലുവിളി തന്നെയാണ്.
Next Story

RELATED STORIES

Share it