സ്ത്രീകളെ മുന്‍നിര്‍ത്തി സിപിഎം പ്രതിഷേധം; പങ്കെടുത്തവരും വിധിയെ എതിര്‍ത്തു

പത്തനംതിട്ട/തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രിംകോടതി വിധിക്കെതിരേ പ്രതിഷേധം ശക്തമായതോടെ സ്ത്രീകളെ മുന്‍നിര്‍ത്തി പ്രതിരോധം തീര്‍ക്കാന്‍ സിപിഎം.
തുല്യനീതി മുദ്രാവാക്യമുയര്‍ത്തി പത്തനംതിട്ടയില്‍ സിപിഎമ്മിന്റെ വനിതാ സംഘടനയായ ജനാധിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തില്‍ വനിതാ അവകാശ സംരക്ഷണ സംഗമം സംഘടിപ്പിച്ചു. വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാന്‍ ഇടതുമുന്നണി എന്തു വിലയും കൊടുക്കുമെന്നു സംഗമം ഉദ്ഘാടനം ചെയ്ത സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി പറഞ്ഞു. സംസ്ഥാനത്തുടനീളം ഹിന്ദുത്വസംഘടനകളുടെ സമരങ്ങളില്‍ സ്ത്രീപങ്കാളിത്തം സജീവമായ സാഹചര്യത്തിലാണ് സിപിഎം പ്രതിരോധ സമരവുമായെത്തിയത്.
വരും ദിവസങ്ങളിലും സമരം തുടരാനാണ് തീരുമാനം. പ്രതിഷേധ പരിപാടിയില്‍ നിരവധി സ്ത്രീകള്‍ പങ്കെടുത്തു. എന്നാല്‍, സമരത്തില്‍ പങ്കെടുത്ത സ്ത്രീകളും സുപ്രിംകോടതി വിധിയെ എതിര്‍ത്ത് രംഗത്തുവന്നു. യുവതികള്‍ ശബരിമലയില്‍ കയറേണ്ടതില്ലെന്ന നിലപാടാണ് സമരത്തില്‍ പങ്കെടുത്ത ഒരുവിഭാഗത്തിന്റെ അഭിപ്രായം. പിന്നെന്തിനാണ് ഈ സമരം നടത്തുന്നതെന്ന ചോദ്യത്തിന് ഇവര്‍ മറുപടി നല്‍കിയതുമില്ല. സ്ത്രീ സംഗമത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകരെയും സിഡിഎസ് അംഗങ്ങളെയും ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ സ്ത്രീ തൊഴിലാളികളെയും പേടിപ്പിച്ചും പ്രലോഭിപ്പിച്ചും പങ്കെടുപ്പിച്ച് സ്ത്രീ പങ്കാളിത്തം ഉറപ്പാക്കാന്‍ നടത്തിയ ശ്രമം പാളിയതായി പത്തനംതിട്ട ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് പറഞ്ഞു.
തങ്ങളെ കൊണ്ടുവന്നത് ശബരിമല വിഷയത്തില്‍ സ്ത്രീ പ്രവേശനത്തിന് അനുകൂലമായ നിലപാടിനാണെന്നു മനസ്സിലാക്കിയ സ്ത്രീകള്‍ യോഗം തുടങ്ങതിനു മുമ്പുതന്നെ തങ്ങള്‍ ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനെതിരാണെന്നു മാധ്യമങ്ങളോട് പറഞ്ഞത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. രാവിലെ വന്നെത്തിയ കുറെ സ്ത്രീകള്‍ വിഷയം മനസ്സിലാക്കി തിരികെ പോയതും സിപിഎം നിലപാടിനേറ്റ തിരിച്ചടിയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, സുപ്രിംകോടതി വിധിക്കെതിരേ ശബരിമല ആചാരസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നിലയ്ക്കലില്‍ പര്‍ണശാല കെട്ടി രണ്ടു ദിവസം മുമ്പാരംഭിച്ച സമരം തുടരുകയാണ്.
ശബരിമല വിഷയത്തില്‍ ആര്‍എസ്എസിന്റെ മെഗാഫോണായി കെപിസിസി മാറിയെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആത്മഹത്യാപരമായ ഈ സമീപനം തിരുത്താന്‍ കോണ്‍ഗ്രസ് തയ്യാറാവണം.
ഈ കോടതി വിധി നടപ്പാക്കുക എന്നത് മാത്രമേ വഴിയുള്ളൂ. അതിന്റെ സാധ്യതകള്‍ സര്‍ക്കാര്‍ പരിശോധിക്കുകയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ബിജെപിയുടെ ഏജന്റായെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സുപ്രിംകോടതി വിധി സ്ത്രീയുടെ അന്തസ്സിനെ ഉയര്‍ത്തിപ്പിടിക്കുന്നതെന്നു ഡിവൈഎഫ്‌ഐ. വിധി നടപ്പാക്കുന്നതിലൂടെ സാമൂഹിക നീതിയാണ് ഉറപ്പ് വരുത്തുന്നതെന്നു സംസ്ഥാന സെക്രട്ടറി എം സ്വരാജ് എംഎല്‍എ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it