Idukki local

സ്ത്രീകളെ അസഭ്യം പറഞ്ഞ യുവാവിനെതിരേ പരാതി സ്വീകരിക്കുന്നില്ല

തൊടുപുഴ: സ്ത്രീകള്‍ മാത്രമുള്ള വീട്ടില്‍ അതിക്രമിച്ചു കയറുകയും അവിടെയിരുന്ന് മദ്യപിക്കുകയും മാരകായുധമുപയോഗിച്ച് ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തയാള്‍ക്കെതിരെ പരാതിയുമായി പോലിസ് സ്‌റ്റേഷനിലെത്തിയപ്പോള്‍ അക്രമി മര്യാദക്കാരനാണെന്ന് പോലിസ് ഉദ്യോഗസ്ഥരുടെ സര്‍ട്ടിഫിക്കറ്റ്.
തൊടുപുഴയില്‍ നിന്നാണ് പോലിസിന്റെ വിചിത്ര നിലപാട് പുറത്തുവരുന്നത്. പോലിസിന് നല്‍കാന്‍ തൊടുപുഴ ഈസ്റ്റ് കലൂര്‍ കൊട്ടാരത്തില്‍ ആഷ അജിമോള്‍ തയ്യാറാക്കിയ പരാതിയില്‍ പറയുന്നത് ഇങ്ങനെ:  2018 ഏപ്രില്‍ 16ന് രാത്രിയില്‍ വീടിനു സമീപം ഒരാള്‍ മദ്യപിച്ചു ബഹളം ഉണ്ടാക്കുന്ന വിവരം പോലിസില്‍ അറിയിച്ചു. തൊടുപുഴ പോലിസ് വന്ന് കലൂര്‍ സ്വദേശിയായ ജോര്‍ജിനെ പിടിച്ചുകൊണ്ടു പോയി.
എന്നാല്‍, അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ഇയാള്‍ തിരിച്ചെത്തുകയും രാത്രി 11 മണിയോടുകൂടി ആഷയുള്‍പ്പെടെ നാല് സ്ത്രീകളും ഒരു പെണ്‍കുഞ്ഞും മാത്രമുള്ള വീട്ടില്‍ വീണ്ടും അതിക്രമിച്ചു കയറുകയും അവിടെയിരുന്ന് മദ്യപിക്കാന്‍ ശ്രമം നടത്തുകയും ചെയ്തു. വിവരമറിഞ്ഞെത്തിയ ആഷയുടെ പിതാവ് സന്തോഷ്‌കുമാറിനെ മര്‍ദിക്കുകയും ചെയ്തു. കൂടാതെ അക്രമിയുടെ വാഹനത്തിലുണ്ടായിരുന്ന വാഴക്കുല റോഡില്‍ എറിഞ്ഞ് ചിതറിക്കുകയും വീട്ടിലുള്ളവരെ ഇതുപോലെ ചിതറിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തു. തൊടുപുഴ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ശ്രീമോന്‍ തന്റെയാളാണെന്നും താന്‍ ചെയ്തുകൊടുത്ത ഉപകാരത്തിന്റെ ഫലമായാണ് ഇപ്പോള്‍ത്തന്നെ പുറത്തിറങ്ങിയതെന്നും ഇനിയും കേസു കൊടുക്കാമെങ്കില്‍ കൊടുത്തുകൊള്ളുവാനും വെല്ലുവിളിച്ചു. ഫിറ്റ്‌സ് രോഗിയായ ആഷ ഇതേത്തുടര്‍ന്ന് ശാരീരിക അസ്വാസ്ഥ്യം കാണിച്ചു. അക്രമിയുമായി തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും ഭീഷണി മുഴക്കുന്നത് എന്തിനെന്ന് അറിയില്ലെന്നും പരാതിയില്‍ പറയുന്നു. ആയുധവുമായി വീട്ടില്‍ അതിക്രമിച്ചു കയറി അക്രമം നടത്തിയയാളെ പിടികൂടിയ പോലിസ് അപ്പോള്‍ത്തന്നെ വിട്ടയച്ചതില്‍ ദുരൂഹതയുണ്ട്. പരാതിയുമായി തൊടുപുഴ സിഐ എന്‍ ജി ശ്രീമോനെ സമീപിച്ചപ്പോള്‍ പരാതി സ്വീകരിച്ചില്ലെന്നു മാത്രമല്ല ജോര്‍ജ് നല്ലവനാണെന്നും കുഴപ്പക്കാരനല്ലെന്നും സിഐ പറഞ്ഞതായും ആഷ പറയുന്നു. തുടര്‍ന്ന് എസ്‌ഐ വിഷ്ണുകുമാറിന് പരാതി നല്‍കാന്‍ സിഐ നിര്‍ദേശിച്ചു. പരാതി സ്വീകരിച്ച എസ്‌ഐ വിഷ്ണുകുമാര്‍ പറയുന്നത് കേസെടുക്കുവാന്‍ കാരണമായ കുറ്റം അക്രമി ചെയ്തിട്ടില്ലെന്നും അതിനാല്‍ യാതൊന്നും ചെയ്യാനില്ലെന്നും പറഞ്ഞതായും ആഷ പറയുന്നു. പോലിസ് ഓഫിസര്‍മാരുമായി അടുപ്പമുള്ളവര്‍ക്ക് എന്ത് അതിക്രമവും നടത്താമെന്ന സന്ദേശമാണ് തൊടുപുഴ പോലിസ് നല്‍കിയിരിക്കുന്നത്.
Next Story

RELATED STORIES

Share it