സ്ത്രീകളുടെ ചേലാകര്‍മംഹരജി അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കും

ന്യൂഡല്‍ഹി: സ്ത്രീകളിലെ ചേലാകര്‍മവുമായി ബന്ധപ്പെട്ട കേസ് ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടുമെന്നു സുപ്രിംകോടതി. ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്കായുള്ള വിഷയങ്ങള്‍ നിശ്ചയിക്കുമെന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.
ദാവൂദി ബോറ സമുദായത്തില്‍ പെണ്‍കുട്ടികള്‍ക്കിടയില്‍ നടക്കുന്ന ചേലാകര്‍മവുമായി ബന്ധപ്പെട്ട ഹരജികള്‍ പരിഗണിച്ചാണ് കോടതിയുടെ നടപടി. മതവിശ്വാസവുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ ഹരജികള്‍ ഭരണഘടനാ ബെഞ്ചിന് വിടണമെന്നു കേന്ദ്രസര്‍ക്കാരിന്റെ ഏറ്റവും മുതിര്‍ന്ന നിയമ ഉദ്യോഗസ്ഥനായ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
തുടര്‍ന്നാണ് ഇക്കാര്യം അംഗീകരിച്ച് ഉത്തരവിറക്കാന്‍ ഇന്നലെ കോടതി തയ്യാറായത്. സ്ത്രീകളിലെ ചേലാകര്‍മം സ്വകാര്യതയുടെ ലംഘനമാണെന്നു സുപ്രിംകോടതി ഹരജിയില്‍ വാദം കേള്‍ക്കുന്നതിനിടെ അഭിപ്രായപ്പെട്ടിരുന്നു.
ആചാരത്തിന്റെ ഭാഗമായാണ് സ്ത്രീകളുടെ ചേലാകര്‍മം നടത്തുന്നതെന്നാണ് ഹരജിയെ അനുകൂലിക്കുന്നവ—രുടെ വാദം. ഈ ആചാരത്തെ അനുകൂലിക്കുന്നവര്‍ക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകനായ അഭിഷേക് മനു സിങ്‌വിയാണ് ഹാജരാവുന്നത്.
മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാന്‍, ഡല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ നിലവില്‍ കേസില്‍ കക്ഷിചേര്‍ന്നിട്ടുണ്ട്. അതേസമയം, കേരള, തെലങ്കാന സംസ്ഥാനങ്ങളിലും ദാവൂദി ബൊഹ്‌റ വിഭാഗങ്ങളുള്ളതിനാല്‍ കേസില്‍ കക്ഷിചേരാന്‍ ഈ രണ്ടു സംസ്ഥാനങ്ങളോടും സുപ്രിംകോടതി നേരത്തേ ആവശ്യപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it