സ്ത്രീകളുടെ ക്ഷേമത്തിന് സ്ത്രീശക്തി പദ്ധതി

തിരുവനന്തപുരം: സ്ത്രീകളുടെ വികസനത്തിനും ശാക്തീകരണത്തിനുമായി സ്ത്രീശക്തി സ്‌കീം നടപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനായി കാരുണ്യ മാതൃകയില്‍ സ്ത്രീശക്തി ലോട്ടറി ആരംഭിക്കും. ധനശ്രീ ലോട്ടറിയെ പുനര്‍നാമകരണം ചെയ്ത് 50 രൂപ മുഖവിലയുള്ള സ്ത്രീശക്തി ലോട്ടറി എന്ന പേരിലാക്കും. ഇതില്‍ നിന്നുള്ള മുഴുവന്‍ വരുമാനവും സ്ത്രീശക്തി പദ്ധതിക്ക് ഉപയോഗിക്കും.
പ്രതിവര്‍ഷം 100 കോടി രൂപ വരുമാനമായി ലഭിക്കുമെന്നാണ് പ്രതീക്ഷ. ഈ തുക സാമൂഹികനീതി വകുപ്പിനുകീഴിലുള്ള കേരള സംസ്ഥാന സാമൂഹിക സുരക്ഷാമിഷന് നല്‍കും. സ്ത്രീകളുടെ ജോലി പങ്കാളിത്തം വര്‍ധിപ്പിക്കുക, കഷ്ടതയനുഭവിക്കുന്ന സ്ത്രീകളുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍, ഉന്നതവിദ്യാഭ്യാസത്തിന് സഹായം, അംഗവൈകല്യമുള്ള സ്ത്രീകളെ സഹായിക്കുക, സ്ത്രീകള്‍ നയിക്കുന്ന കുടുംബങ്ങള്‍ക്കും അത്തരം കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്കും സഹായം നല്‍കുക, വൃദ്ധകള്‍, മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീകള്‍ എന്നിവര്‍ക്ക് സഹായം നല്‍കുക, വിവാഹ ധനസഹായം, വിധവകള്‍ക്കുള്ള ധനസഹായം എന്നിവ ഉള്‍പ്പെട്ടതാണ് സ്ത്രീശക്തി പദ്ധതി.
കാരുണ്യ ലോട്ടറി വന്‍വിജയമായിരുന്നുവെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. ആ കാലടികളെ പിന്തുടര്‍ന്നാണ് പുതിയ സംരംഭം തുടങ്ങുന്നത്. 1,200 കോടിയുടെ സഹായമാണ് കാരുണ്യയിലൂടെ ഇതുവരെ നല്‍കിയത്. കെല്‍ മാനേജ്‌മെന്റും തൊഴിലാളി സംഘടനകളും തമ്മില്‍ അഡീഷനല്‍ ലേബര്‍ കമ്മീഷണറുടെ സാന്നിധ്യത്തില്‍ ഒപ്പുവച്ച കരാറിന് അംഗീകാരം നല്‍കി. ശമ്പളവര്‍ധനവും ഉല്‍പാദനക്ഷമതയും വര്‍ധിപ്പിക്കുന്നതു സംബന്ധിച്ച കരാറാണിത്. 21 ശതമാനം ശമ്പളവര്‍ധനവാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇതുമൂലം പ്രതിമാസം 15.24 ലക്ഷം രൂപയുടെ ബാധ്യതയുണ്ടാവും. എന്നാല്‍, ഉല്‍പാദന വര്‍ധനവിലൂടെ പ്രതിമാസം 26.80 ലക്ഷം രൂപ അധികവരുമാനം പ്രതീക്ഷിക്കുന്നു.
24 ശതമാനം ഉല്‍പാദന വര്‍ധനവാണ് ഉറപ്പുനല്‍കിയിരിക്കുന്നത്. ദീര്‍ഘകാല കരാറിന് 2013 ഡിസംബര്‍ ഒന്നുമുതല്‍ പ്രാബല്യമുണ്ട്. കോട്ടയം ജില്ലയിലെ തലപ്പാടിയിലുള്ള എംജി യൂനിവേഴ്‌സിറ്റി കാംപസില്‍ 50 കിടക്കകളോടു കൂടി പുതുതായി കമ്മ്യൂനിറ്റി ഹെല്‍ത്ത് സെന്റര്‍ ആരംഭിക്കും. ഇതിനുള്ള കെട്ടിടവും അനുബന്ധ സാമഗ്രികളും ആരോഗ്യവകുപ്പ് ഏറ്റെടുക്കുന്നതും പ്രസ്തുത സ്ഥലത്ത് ഒരു കമ്മ്യൂനിറ്റി ഹെല്‍ത്ത് സെന്റര്‍ ആരംഭിക്കുന്നതുമാണ്. ഇതിന് 7 തസ്തികകള്‍ സൃഷ്ടിക്കും. കേരള റേഷന്‍ വ്യാപാരി ക്ഷേമനിധിയിലേക്ക് റേഷന്‍ വ്യാപരികളുടെ പ്രതിമാസ അംശാദായം 200 രൂപയായും പെന്‍ഷന്‍ പ്രതിമാസം 1,500 രൂപയായും വര്‍ധിപ്പിക്കും. ക്ഷേമനിധിയുടെ ശിപാര്‍ശ പ്രകാരം അംശാദായ വര്‍ധനവ് നടപ്പില്‍ വരുത്തി 3 മാസം കഴിഞ്ഞതിനുശേഷം മാത്രം പെന്‍ഷന്‍ വര്‍ധനവ് പ്രാബല്യത്തില്‍ വരുത്തും.
Next Story

RELATED STORIES

Share it