Flash News

സ്ത്രീകളുടെ ക്ഷേത്രപ്രവേശനം തടഞ്ഞാല്‍ ആറുമാസം തടവ്

സ്ത്രീകളുടെ ക്ഷേത്രപ്രവേശനം തടഞ്ഞാല്‍ ആറുമാസം തടവ്
X
shani-temple

മുംബൈ: ആരാധനാലയങ്ങളില്‍ പ്രവേശിക്കുന്നതില്‍ നിന്ന് സ്ത്രീകളെ ഒരു നിയമവും തടയുന്നില്ലെന്ന് മുംബൈ ഹൈക്കോടതി. പുരുഷന്മാര്‍ക്ക് ആരാധനാലയങ്ങളില്‍ പ്രവേശിക്കാമെങ്കില്‍ സ്ത്രീകള്‍ക്കും അതിന് അവകാശമുണ്ട്. ഏതെങ്കിലും ക്ഷേത്രമോ വ്യക്തിയോ ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ നിയമപ്രകാരം ആറുമാസം തടവ് അനുഭവിക്കേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പു നല്‍കി.
മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗര്‍ ജില്ലയില്‍ ശനി ശിംഗ്‌നാപൂര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്കു പ്രവേശനം നിരോധിച്ചതിനെതിരേ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയില്‍ വാദംകേള്‍ക്കവെയാണ് ചീഫ് ജസ്റ്റിസ് ഡി എച്ച് വഗേലയുടെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. മുതിര്‍ന്ന അഭിഭാഷക നീലിമ വര്‍തക്കും സാമൂഹിക പ്രവര്‍ത്തക വിദ്യാ ബാലുമാണ് ഹരജി സമര്‍പ്പിച്ചത്.
ക്ഷേത്രത്തില്‍ പുരുഷനു പ്രാര്‍ഥിക്കാമെങ്കില്‍ സ്ത്രീക്ക് എന്തുകൊണ്ടു പാടില്ല? സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടത് സംസ്ഥാന സര്‍ക്കാരിന്റെ ചുമതലയാണ്. 1956 ലെ മഹാരാഷ്ട്ര ഹിന്ദു ആരാധനാലയ നിയമപ്രകാരം ആരുടെ ക്ഷേത്രപ്രവേശനവും തടയുന്നവര്‍ക്ക് ആറു മാസത്തെ തടവുശിക്ഷ ലഭിക്കുമെന്നും കോടതി പറഞ്ഞു.
നിയമത്തിന് സര്‍ക്കാര്‍ വിപുലമായ പ്രചാരം നല്‍കുകയും സര്‍ക്കുലര്‍ പുറപ്പെടുവിക്കുകയും വേണം. സ്ത്രീകള്‍ക്ക് ക്ഷേത്രപ്രവേശനം ഉറപ്പുവരുത്തുമോ ഇല്ലയോ എന്നു വ്യക്തമാക്കുന്ന പ്രസ്താവന വെള്ളിയാഴ്ച സര്‍ക്കാര്‍ പുറത്തിറക്കണമെന്നും കോടതി നിര്‍ദേശിച്ചു. സ്ത്രീകള്‍ക്ക് ക്ഷേത്രപ്രവേശനം നിഷേധിക്കല്‍ നിയമവിരുദ്ധവും പൗരന്മാരുടെ മൗലികാവകാശത്തിന്റെ ലംഘനവുമാണെന്നാണ് ഹരജിക്കാരുടെ വാദം. [related]
Next Story

RELATED STORIES

Share it