Flash News

സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്‌നങ്ങള്‍ക്ക് തല്‍സമയ പരിഹാരം



തിരുവനന്തപുരം: സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ വര്‍ധിപ്പിക്കുന്നതിനും പരാതി പരിഹാരം വേഗത്തിലാക്കുന്നതിനും ലക്ഷ്യമിട്ട് പഞ്ചായത്തുതലങ്ങളില്‍ നിയോഗിക്കുന്ന പോലിസിന്റെ വനിതാ ബീറ്റ് ഓഫിസര്‍മാര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ പുറപ്പെടുവിച്ചു. എല്ലാ ചൊവ്വാഴ്ചകളിലും രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 1.00 മണി വരെ പഞ്ചായത്ത് ആസ്ഥാനത്തോ അധികൃതര്‍ ഇതിനായി നിര്‍ദേശിക്കുന്ന സ്ഥലത്തോ വനിതാ പോലിസ് ഓഫിസര്‍ പരാതികള്‍ സ്വീകരിക്കും. ഒരു ബീറ്റ് ഓഫിസര്‍ തനിക്ക് ചുമതലയുള്ള പഞ്ചായത്തിലെ സ്ത്രീകള്‍, കുട്ടികള്‍ എന്നിവരില്‍ നിന്നുള്ള പരാതികള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ. കഴിയുന്നത്ര പരാതികള്‍ക്ക് അവിടെ വച്ചുതന്നെ പരിഹാരം കാണാന്‍ ശ്രമിക്കണം. പരാതിയില്‍ നേരിട്ട് കേസെടുക്കാവുന്ന കുറ്റകൃത്യങ്ങളെപ്പറ്റി സൂചനയുണ്ടെങ്കില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ബന്ധപ്പെട്ട എസ്‌ഐക്ക് നല്‍കണം. പരാതിക്കാര്‍ക്ക് ആവശ്യമായ നിയമ അവബോധവും സഹായവും നല്‍കണം. പോലിസ് പരിഹരിക്കേണ്ടതല്ലാത്ത പരാതികളില്‍ പരിഹാരം കാണാന്‍ ആരെ, എങ്ങനെ സമീപിക്കണം തുടങ്ങിയ നിര്‍ദേശങ്ങളും നല്‍കണം. പരാതികള്‍ ഗൗരവപൂര്‍വം കണക്കിലെടുക്കുകയും പരിഗണിക്കുകയും വേണം. ബാഹ്യസ്വാധീനങ്ങള്‍ക്ക് വഴങ്ങരുത്. പരാതികളുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ പുറത്തു പറയരുത്. സ്വത്തുതര്‍ക്കം, സാമ്പത്തിക ഇടപാടുകള്‍ എന്നിവയില്‍ തീര്‍പ്പുകല്‍പിക്കാന്‍ പാടില്ല. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ഉള്‍പ്പെടെയുള്ള ബോധവല്‍ക്കരണങ്ങളും നടത്തണം. സാധ്യമായ സ്ഥലങ്ങളില്‍ വനിതകള്‍ക്കുള്ള സ്വയംപ്രതിരോധ പരിശീലനങ്ങളും സംഘടിപ്പിക്കാം. ലഹരി ഉപയോഗം, സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, ഗുണ്ടാപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ നിരീക്ഷിക്കുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കുകയും വേണം. പഞ്ചായത്തില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികരുടെയും സ്ത്രീകളുടെയും വിവരം ശേഖരിച്ച് വാര്‍ഡ്/ പഞ്ചായത്ത് അംഗങ്ങളുടെ സഹായത്തോടെ ഇവര്‍ക്ക് ആവശ്യമായ പരിരക്ഷ ഉറപ്പുവരുത്തണം. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ എല്ലാ സഹായവും മേല്‍നോട്ടവും എല്ലാ എസ്എച്ച്ഒമാരും മറ്റ് മേലുദ്യോഗസ്ഥരും നല്‍കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.
Next Story

RELATED STORIES

Share it