സ്ത്രീകളാണ് രാജ്യത്തിന്റെ ശക്തി: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: സ്ത്രീകളാണ് രാജ്യത്തിന്റെ ശക്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതില്‍ സ്ത്രീകള്‍ പുരുഷന്‍മാരേക്കാള്‍ മുന്നിലാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡല്‍ഹിയില്‍ വനിതാ സാമാജികരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോദി.
സാങ്കേതികവിദ്യയുടെ കാര്യത്തില്‍ സ്ത്രീകള്‍ക്ക് ദൈവം പ്രത്യേക അനുഗ്രഹം നല്‍കിയിട്ടുണ്ട്. ഒരു പൗരനെ പോഷകമൂല്യമുള്ളവനാക്കി വളര്‍ത്തുന്നത് അമ്മയെന്ന നിലയില്‍ സ്ത്രീയാണ്. സഹോദരിയായി അവന്റെ കുട്ടിക്കാലത്തെ സ്വാധീനിക്കുന്നു. പിന്നീട് ഭാര്യയായി ജീവിക്കുന്നു. ഇത്തരത്തില്‍ രാജ്യത്തിന്റെ പൗരന്‍മാരെ ശക്തിപ്പെടുത്തുമ്പോള്‍ അത് രാജ്യത്തെ ശക്തിപ്പെടുത്തുന്നു.
മാനേജ്‌മെന്റ് മേഖലയില്‍ വിവിധ ദൗത്യങ്ങള്‍ ഒന്നിച്ച് ചെയ്യാന്‍ കഴിയുകയെന്നത് സുപ്രധാനമാണ്. ഒരേ സമയത്ത് നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്നവരാണ് സ്ത്രീകള്‍. ചെറുപ്പം മുതല്‍ തന്നെ നിരവധി കാര്യങ്ങള്‍ ഒറ്റയ്ക്കു ചെയ്ത് രാജ്യത്തിന്റെ ശക്തിയെ പരിപോഷിപ്പിച്ചവരാണവര്‍. സ്ത്രീകള്‍ക്ക് ലഭിക്കുന്ന അവസരവുമായി തട്ടിച്ചുനോക്കുമ്പോള്‍ വിജയശതമാനത്തില്‍ അവര്‍ പുരുഷനേക്കാള്‍ ഏറെ മുന്നിലാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
സ്ത്രീകള്‍ സ്വന്തം ശക്തി തിരിച്ചറിയുകയും അതില്‍ ആത്മവിശ്വാസം കൊള്ളുകയും വേണം. ആഭ്യന്തര യുദ്ധം തകര്‍ത്ത റുവാണ്ടയെ ഒരു രാജ്യമെന്ന നിലയില്‍ പുനര്‍ജീവിപ്പിച്ചത് സ്ത്രീകളാണ്. പ്രതിസന്ധികളെ നേരിടുമ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ശക്തി മനസ്സിലാകും. അതുകൊണ്ട് സ്ത്രീകള്‍ വെല്ലുവിളികളെ ഏറ്റെടുക്കുകയും അതിലൂടെ ശക്തി സംഭരിച്ച് മുന്നേറുകയും വേണമെന്നും മോദി പറഞ്ഞു.
Next Story

RELATED STORIES

Share it