Gulf

സ്തന, ആമാശയ അര്‍ബുദ പരിശോധന; പിഎച്ച്‌സിസി കോള്‍ സെന്റര്‍ ആരംഭിച്ചു

പരിശോധനകളെക്കുറിച്ച് രോഗികള്‍ക്ക് കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുകയും പരിശോധനയ്ക്കായി അവരെ തയ്യാറാക്കുകയും ആരോഗ്യകരമായ ജീവിതത്തെക്കുറിച്ച് അറിവ് നല്‍കുകയും ചെയ്യുന്ന രീതിയിലായിരിക്കും കോള്‍സെന്റര്‍ പ്രവര്‍ത്തിക്കുക.

ദോഹ: സ്തന, ആമാശയ അര്‍ബുദ പരിശോധനാ പദ്ധതിയുടെ ഭാഗമായി പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍(പിഎച്ച് സിസി) കോള്‍ സെന്റര്‍ ആരംഭിച്ചു. പദ്ധതിയെ കുറിച്ച് കൂടുതല്‍ അറിയുന്നതിനും പരിശോധനയ്ക്ക് രജിസ്റ്റര്‍ ചെയ്യാനും താല്‍പര്യമുള്ളവര്‍ക്ക് 8001112 എന്ന നമ്പറില്‍ കോള്‍ സെന്ററുമായി ബന്ധപ്പെടാം. അറബിയിലും ഇംഗ്ലീഷിലും കോള്‍ സെന്ററില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കും.
മെഡിക്കല്‍ വിദഗ്ധരും ആളുകളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുമെന്നും ഒരു അന്വേഷണ കേന്ദ്രം എന്നതിലുമപ്പുറം രോഗിയുടെ പൂര്‍ണ്ണവിവരങ്ങള്‍ അറിഞ്ഞ് അവരെ സഹായിക്കുന്ന രീതിയിലാണ് കോള്‍ സെന്റര്‍ സജ്ജീകരിച്ചിരിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു.
സ്തന, ആമാശയ അര്‍ബുദവുമായി ബന്ധപ്പെട്ട സ്‌ക്രീനിങ് പ്രോഗ്രാം ആരംഭിക്കുന്നതായി കഴിഞ്ഞ മാസമാണ് പിഎച്ച്‌സിസി പ്രഖ്യാപിച്ചത്. ഈ മാസം 17 മുതല്‍ അല്‍വക്‌റ സ്തന, ആമാശയ അര്‍ബുദ പരിശോധന കേന്ദ്രത്തില്‍നിന്നാണ് പ്രോഗ്രാം ആരംഭിക്കുന്നത്. തുടര്‍ന്ന് ഈ രോഗങ്ങള്‍ക്കുള്ള പരിശോധനയ്ക്കായി മൊബൈല്‍ യൂനിറ്റ് ആരംഭിക്കും.
ലബീബിലെയും റൗദത് അല്‍ഖൈലിലെയും ആരോഗ്യ കേന്ദ്രങ്ങളിലും അര്‍ബൂദ പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തും. പരിശോധനാ രജിസ്‌ട്രേഷന് വളരെ ലളിതമായി ഉപയോഗിക്കാവുന്ന വെബ്‌സൈറ്റും ഒരുക്കുന്നുണ്ട്.
പരിശോധനകളെക്കുറിച്ച് രോഗികള്‍ക്ക് കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുകയും പരിശോധനയ്ക്കായി അവരെ തയ്യാറാക്കുകയും ആരോഗ്യകരമായ ജീവിതത്തെക്കുറിച്ച് അറിവ് നല്‍കുകയും ചെയ്യുന്ന രീതിയിലായിരിക്കും കോള്‍സെന്റര്‍ പ്രവര്‍ത്തിക്കുക. 45 മുതല്‍ 69 വരെ പ്രായമുള്ള സ്ത്രീകളെയാണ് സ്തനാര്‍ബുദ പരിശോധനയ്ക്ക് വിധേയമാക്കുന്നത്.
കോള്‍ സെന്ററിലെ മെഡിക്കല്‍ ജീവനക്കാര്‍ ഇവര്‍ക്കു വേണ്ടി നിര്‍ദേശങ്ങള്‍ നല്‍കി സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തുകയാണെങ്കില്‍ അവരെ കൂടുതല്‍ പരിശോധനയ്ക്കും ശരിയായ ചികില്‍സ ലഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്യും.
അര്‍ബുദ പരിശോധനാ നടപടികളിലൂടെ ജീവിതം സുരക്ഷിതമാക്കുന്ന തങ്ങളുടെ പദ്ധതികളുടെ മികച്ച അനുഭവം കൂടുതല്‍ ജനങ്ങളിലെത്തിക്കാന്‍ കോള്‍ സെന്റര്‍ പദ്ധതി കൊണ്ട് കഴിയുമെന്ന് പിഎച്ച്‌സിസി മാനേജിങ് ഡയറക്ടര്‍ ഡോ. മറിയം അലി അബ്ദുല്‍ മാലിക് പറഞ്ഞു. അര്‍ബുദ പരിശോധനാ പ്രോഗ്രാമിന്റെ വിജയത്തിന് മികച്ച സംഭാവന നല്‍കാന്‍ കോള്‍സെന്ററുകള്‍ക്ക് കഴിയുമെന്ന് തങ്ങള്‍ക്ക് പ്രതീക്ഷയുണ്ടെന്നും അവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it