Gulf

സ്തനാര്‍ബുദം നേരത്തെ കണ്ടെത്തല്‍; മൊബൈല്‍ യൂനിറ്റ് സര്‍വീസിന് ലഅബീബ് കേന്ദ്രത്തില്‍ തുടക്കം

ദോഹ: സ്തനാര്‍ബുദം നേരത്തെ കണ്ടെത്തുന്നതിനുള്ള മൊബൈല്‍ സര്‍വീസ് യൂനിറ്റിനു ലഅബീബ് ആരോഗ്യ കേന്ദ്രത്തില്‍ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ തുടക്കമിട്ടു. പൊതു ആരോഗ്യ മന്ത്രി ഡോ.ഹനാന്‍ മുഹമ്മദ് അല്‍കുവാരിയുടെ ആഭിമുഖ്യത്തില്‍ പ്രൈമറി ഹെല്‍ത്ത് കെയര്‍ അധ്യക്ഷ ഡോ.മര്‍യം അലി അബ്ദുല്‍ മലിക് യൂനിറ്റ് ഉദ്ഘാടനം ചെയ്തു.
ആദ്യ ഘട്ടത്തില്‍ മാമോഗ്രാം ടെസ്റ്റ് സേവനമാണ് മൊബൈല്‍ യൂനിറ്റില്‍ നിന്നും ലഭ്യമാകുക. മുന്‍കൂട്ടി തയ്യാറാക്കുന്ന സമയക്രമമനുസരിച്ച് നിരവധി ആരോഗ്യ കേന്ദ്രങ്ങളില്‍ മൊബൈല്‍ യൂനിറ്റ് സന്ദര്‍ശനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്ന് മാസം വരെ അതിന്റെ ആദ്യ സ്റ്റേഷന്‍ അബൂബക്കര്‍ സിദ്ധീഖ് ഹെല്‍ത്ത് സെന്ററായിരിക്കും.
സ്വദേശികള്‍ക്കിടയില്‍ സാധാരണമായിക്കൊണ്ടിരിക്കുന്ന അര്‍ബുദ രോഗങ്ങള്‍ക്കെതിരെയുള്ള ക്രിയാത്മകമായ നീക്കമാണ് ഈ ഏര്‍ലി കാന്‍സര്‍ ഡിറ്റക്ഷന്‍ മൊബൈല്‍ യൂനിറ്റെന്ന് ലഅബീബ് കേന്ദ്രത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഡോ.മര്‍യം ചൂണ്ടിക്കാട്ടി. രാജ്യത്തെ ആരോഗ്യ സുരക്ഷാ മേഖലയിലെ പുതിയൊരു അവബോധമാണ് ഇതിലൂടെ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്.
ഏര്‍ലി കാന്‍സര്‍ ഡിറ്റക്ഷന്‍ സെന്ററിനു കഴിഞ്ഞ ജനുവരിയില്‍ വക്‌റ ആരോഗ്യ കേന്ദ്രത്തില്‍ തുടക്കമിടാന്‍ സാധിച്ചു. അതിനു ശേഷം മാര്‍ച്ച് മാസം ലഅബീബ് കേന്ദ്രത്തിലും ഡിറ്റക്ഷന്‍ സെന്റര്‍ ആരംഭിച്ചു. ഇപ്പോള്‍ മൊബൈല്‍ യൂനിറ്റിനും തുടക്കം കുറിച്ചിരിക്കുന്നു. റൗദ അല്‍ഖെയ്ല്‍ ഹെല്‍ത്ത് സെന്ററില്‍ നാലാമത്തെ ഡിറ്റക്ഷന്‍ സെന്റര്‍ ആരംഭിക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണെന്നും മര്‍യം വിശദമാക്കി.
രാജ്യത്തെ മൂന്ന് ഭാഗങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ട് കാന്‍സര്‍ ചെക്കപ്പുകള്‍ നടത്തുന്നതിനാണ് പ്രൈമറി ഹെല്‍ത്ത് കെയര്‍ ലക്ഷ്യമാക്കിയിരിക്കുന്നത്. ലഅബീബ് ആരോഗ്യ കേന്ദ്രം വടക്കന്‍ മേഖലയെയും വക്‌റ ആരോഗ്യ കേന്ദ്രം തെക്കന്‍ മേഖലയെയും റൗദ അല്‍ഖെയ്ല്‍ മധ്യ മേഖലയെയും പ്രതിനിധീകരിക്കുന്നു.
അതേസമയം, തുമാമ ആരോഗ്യ കേന്ദ്രം നാളെ ഔദ്യോഗികമായി തുറക്കുമെന്നും മര്‍യം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it