kozhikode local

സോഷ്യല്‍ മീഡിയ ഭാഷയെ അശ്ലീലമാക്കുന്നു: കല്‍പ്പറ്റ നാരായണന്‍

കോഴിക്കോട്: നാസികള്‍ ജര്‍മന്‍ ഭാഷയെ അശ്ലീലമാക്കിയതിനു സമാനമാണ് കേരളത്തിലെ സോഷ്യല്‍ മീഡിയ ആക്റ്റിവിസ്റ്റുകള്‍ മലയാള ഭാഷയെ മലിനീകരിക്കുന്നതെന്ന് എഴുത്തുകാരന്‍ പ്രഫ. കല്‍പ്പറ്റ നാരായണന്‍. കോഴിക്കോട് സെന്റ് ജോസഫ്‌സ് ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ 225ാം വാര്‍ഷികത്തോടനുബന്ധിച്ചു ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ആവിഷ്‌കാരങ്ങളിലെ മുറിപ്പാടുകള്‍ എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആരോഗ്യകരമായ സംവാദത്തിനു വഴിവെക്കും എന്നു കരുതിയ പല വിഷയങ്ങളേയും തമസ്‌കരിക്കുകയോ ഏകപക്ഷീയമായി ന്യായീകരിക്കുകയോ ആണ് സോഷ്യല്‍ മീഡിയയിലെ ആര്‍എസ്എസ്, സിപിഎം അനുഭാവികള്‍ ചെയ്യുന്നത്. വി ടി ബലറാമിന്റെ വിമര്‍ശനങ്ങളെ നാസികള്‍ ഉപയോഗിച്ച ഭാഷയിലാണ് സോഷ്യല്‍ മീഡിയയിലൂടെ പലരും ആക്രമിച്ചത്. നുണ പറയാതെ അതിജീവിക്കാനാവാത്ത അവസ്ഥയിലാണ് ഇന്ന് ഭാരതത്തിലെ പൗരസമൂഹവും ഭരണകൂടവും മുന്നോട്ടുപോവുന്നത്. നുണ ഒരു കലാരൂപമായി വികസിച്ചു.
ഫാഷിസത്തിന്റെ ലക്ഷണമാണിത്. ഹിറ്റ്‌ലറും തന്റെ അധികാരം ഉറപ്പിച്ചത് നുണ പ്രചാരണങ്ങളിലൂടെയാണ്. ഇന്ത്യയിലും ഇതിന്റെ ആവര്‍ത്തമാണ് കാണുന്നത്. ഭൂമിയെതന്നെ നരകമാക്കാനാണ് ശ്രമം നടക്കുന്നത്. ഓരോ മനുഷ്യനേയും അസഹിഷ്ണുവാക്കാനാണ് ഭരണകൂടവും സമൂഹവും മല്‍സരിക്കുന്നത്. സോഷ്യല്‍ മീഡിയ ഇതിന് ആക്കം കൂട്ടുകയാണെന്നും കല്‍പ്പറ്റ നാരായണന്‍ പറഞ്ഞു. സര്‍ഗ്ഗാത്മകതക്കും നീതിബോധത്തിനും കടിഞ്ഞാണിടുന്ന, അപരനെ പരിഗണിക്കാത്ത കാലത്തിലൂടെയാണ് നാട് ചലിച്ചുകൊണ്ടിരിക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച എഴുത്തുകാരന്‍ കവി പ്രഫ.വിജി തമ്പി പറഞ്ഞു. അസഹിഷ്ണുത പുറത്തല്ല, ഓരോ മനുഷ്യന്റെ ഉള്ളിലും ഊതിപ്പെരുപ്പിക്കാനാണ് ഫാഷിസ്റ്റുകള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഡോ.എം സി അബ്ദുള്‍ നാസര്‍, ജോസഫ് ജോര്‍ജ്, അഡ്വ. എം രാജന്‍, കെ പി അലക്‌സ്, അഡ്വ.ടി ജയരാജ്, ജെസ്യു ജോര്‍ജ്, സി ജെ റോബിന്‍, ജെയ്‌സണ്‍ ജോയഫ് സംസാരിച്ചു. വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ വിവിധ മല്‍സരങ്ങളില്‍ വിജയിച്ചവര്‍ക്ക് സ്‌കൂള്‍ മാനേജര്‍ ഫാ.വര്‍ഗ്ഗീസ് ആനിക്കുഴി സമ്മാനങ്ങള്‍ വിതരണം ചെയ്തു.
Next Story

RELATED STORIES

Share it